കൊച്ചി: വയലിൻ തന്ത്രികളിൽ ഔസേപ്പച്ചൻ മീട്ടിയ ആ പഴയ മധുരനൊമ്പരത്തിന്റെ ഈണം സാക്ഷിയാക്കി മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി ആ പ്രഖ്യാപനം നടത്തി: 'കാതോട് കാതോരം'. കേൾവി പരിമിതിയുള്ള നിർദ്ധനരായവർക്ക് സൗജന്യമായി കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ ലഭ്യമാക്കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പുതിയ ജീവകാരുണ്യ പദ്ധതിക്ക് കൊച്ചിയിൽ തുടക്കമായി. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ 16-ാം വാർഷികത്തോടനുബന്ധിച്ച്, ആലുവ രാജഗിരി ആശുപത്രിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
'കേൾവി എന്നത് ഒരു അനുഗ്രഹമാണ്. അത് ലഭിക്കാതെ പോയ ധാരാളം പേരുണ്ട്. അവർക്കു വേണ്ടിയാണ് ഈ പദ്ധതി. നന്മചെയ്യുക , നന്മ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക, തിന്മയെ എതിർക്കുക. ഇതാണ് ഭൂമിയിൽ നമുക്ക് ചെയ്യാവുന്ന ഏറ്റവും മഹത്തായ കാര്യം',മമ്മൂട്ടി പറഞ്ഞു. പദ്ധതിയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ അർഹരായവർക്ക് വലിയ തുക ചെലവ് വരുന്ന ശസ്ത്രക്രിയയും തുടർ ചികിത്സയും പൂർണ്ണമായും സൗജന്യമായി നൽകും. ആന്തരിക കർണത്തിലെ കോക്ലീയയിലെ കോശങ്ങളുടെ ശക്തി തീരെ കുറയുന്ന അവസ്ഥ കൊണ്ടുണ്ടാകുന്ന കേൾവി കുറവ് അനുഭവിക്കുന്ന വ്യക്തികൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.
കൊച്ചിയിൽ നടന്ന വാർഷികാഘോഷ പരിപാടി മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. കാരുണ്യത്തിന്റെ ദൂതനായി ദൈവം ഭൂമിയിലേക്ക് അയച്ചയാളാണ് മമ്മൂട്ടി എന്ന് കാതോലിക്ക ബാവ പറഞ്ഞു. മമ്മൂട്ടി നന്മയുടെ പര്യായമാണ്. അദ്ദേഹം സിനിമയിൽ മാത്രമേ അഭിനയിക്കാറുള്ളൂ ജീവിതത്തിൽ അദ്ദേഹം നല്ല നടൻ അല്ല. പകരം നന്മയുള്ള പ്രവൃത്തികളിലൂടെ ചുറ്റുമുള്ളവരെ ചേർത്തുപിടിക്കാൻ ആണ് മമ്മൂട്ടി ശ്രമിക്കുന്നത് - കാതോലിക്ക ബാവ പറഞ്ഞു. പൂർവ്വികം, ഹൃദ്യം, ആശ്വാസം, വാത്സല്യം പദ്ധതികൾക്ക് ശേഷം മമ്മൂട്ടിയുമായി ചേർന്ന് വീണ്ടും ഒരു മഹത്തായ സംരംഭത്തിൽ പങ്കാളികളാകുന്നതിൽ വലിയ ആത്മസംതൃപ്തിയുണ്ടെന്ന് രാജഗിരി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി പറഞ്ഞു.
കെയർ ആൻഡ് ഷെയർ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ്റെ ഒരു സംരംഭമായ "കാതോട് കാതോരം" മമ്മൂക്ക ഉദ്ഘാടനം ചെയ്തു, കൂടെ മമ്മൂക്കയെ ആദരിക്കുകയും ചെയ്തു.🤍😊#Mammootty #CareAndShare #Latest pic.twitter.com/N1SJpHGEIP
കെയർ ആൻഡ് ഷെയർ ചെയർമാൻ കെ. മുരളീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി രവാഡ എ. ചന്ദ്രശേഖർ ഐ.പി.എസ് മുഖ്യാതിഥിയായിരുന്നു. കെയർ ആൻഡ് ഷെയർ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ. കാളിരാജ് മഹേഷ് കുമാർ ഐ.പി.എസ്, കെയർ ആൻഡ് ഷെയർ എക്സിക്യൂട്ടീവ് ഡയറക്ടർ വിജു ജേക്കബ്, മാനേജിംഗ് ട്രസ്റ്റി റോയ് എം. മാത്യു, ഡയറക്ടർമാരായ റോബർട്ട് കുര്യാക്കോസ്, സാലിഹ് സി. പി, എ. മോഹനൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Content Highlights: Mammootty to present the world of hearing to the hearing impaired, kathodu kathoram inaugurated by mammookka