ബോളിവുഡിൽ ആരാധകർ ഏറെയുള്ള താരദമ്പതികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. ഇരുവർക്കും 3 വയസുള്ള ഒരു മകൾ ഉണ്ട്. റാഹ എന്നാണ് മകളുടെ പേര്. കുഞ്ഞു ജനിച്ച ശേഷം രൺബീറിന്റെ ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് അടുത്തിടെ ആലിയ വാചാലയായിരുന്നു. ഇപ്പോഴിതാ താനും തന്റെ അച്ഛനും തമ്മിലെ ബന്ധം പോലെ ആയിരിക്കില്ല മകളുമായി എന്ന തുറന്ന പറയുകയാണ് രൺബീർ. തന്റെ അച്ഛൻ ഋഷി കപൂറുമായി കുറച്ച് അകലം പാലിച്ചിരുന്നുവെന്നും ഒരിക്കലും സുഹൃത്തുക്കളെ പോലെ ആയിരുന്നില്ലെന്നും രംബീർ പറഞ്ഞു. എന്നാൽ തന്റെ മകൾക്ക് ഒരു സുഹൃത്ത് ആയിരിക്കുമെന്നും രൺബീർ പറഞ്ഞു.
'എന്റെ പിതാവിന് എന്നോടുള്ള ബന്ധം അല്പം അകൽച്ചയുള്ളതായിരുന്നു; അത് സൗഹൃദം പോലെയായിരുന്നില്ല. ആ തലമുറയിൽ ഉള്ളവർ അങ്ങനെയായിരുന്നു. എന്നാൽ എന്റെ മകളുടെ കാര്യത്തിൽ ആ ഭിത്തി തകർക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവളോടൊപ്പം ഞാൻ നിൽക്കും. അവൾക്ക് ഒരു സുഹൃത്താകാനും, അവൾ ആഗ്രഹിക്കുന്ന ദിശയിലേക്ക് പറക്കാൻ അവൾക്ക് ചിറകുകൾ നൽകാനും ഞാൻ ആഗ്രഹിക്കുന്നു,' രൺബീർ കപൂർ പറഞ്ഞു. ജ്വല്ലറി ബ്രാൻഡായ പിഎൻജി ജ്വല്ലേഴ്സിന്റെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നടന്ന അഭിമുഖത്തിലാണ് താരം സംസാരിച്ചത്.
ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രൺബീർ കപൂറും 2022-ൽ വിവാഹിതരാകുന്നത്. ഇരുവരുടേയും പ്രണയകാലത്തും വിവാഹശേഷവുമൊക്കെയുള്ള വീഡിയോകൾ സാമൂഹികമാധ്യമത്തിൽ വൈറലാവാറുണ്ട്. മകൾ റാഹ ജീവിതത്തിലേക്കുവന്നതോടെ രൺബീറിന്റെ മൃദുവായ വശം കൂടുതൽ വ്യക്തമായെന്നും ആലിയ അടുത്തിടെ പറഞ്ഞിരുന്നു. നാണക്കാരനും അധികം പ്രകടിപ്പിക്കാൻ ഇഷ്ടമുള്ളയാളുമല്ല രൺബീർ. പക്ഷേ മകൾക്കൊപ്പം അദ്ദേഹം വേറൊരു മനുഷ്യനാണ്. മകളെ കാണുമ്പോൾ രൺബീറിന്റെ കണ്ണുകളും മുഖവുമെല്ലാം തെളിയുമെന്നും രൺബീർ സ്വയം ഒരു കൊച്ചുകുട്ടിയായി മാറുമെന്നും ആലിയ പറഞ്ഞിരുന്നു.
നിലവിൽ സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് ആൻഡ് വാർ', നിതേഷ് തിവാരിയുടെ 'രാമായണം' എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് രൺബീർ. സന്ദീപ് റെഡ്ഡി വാങ്കയുടെ അനിമൽ ആൺ നടന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിനിമയ്ക്ക് നേരെ വിമർശനങ്ങൾ നേരിട്ടെങ്കിലും റെക്കോർഡ് കളക്ഷൻ ആയിരുന്നു സിനിമ നേടിയത്.
Content Highlights: Ranbir Kapoor speaks about the distance he once had with his father, Rishi Kapoor. Says their relationship had emotional gaps during his childhood. Reflects on how the experience shaped his outlook on parenting.