എന്തൊരു പെർഫോമൻസ്, ഞാൻ അന്തം വിട്ടുപോയി!; ഇന്ദ്രൻസിന്റെ പ്രകടനത്തിനെ അഭിനന്ദിച്ച് മമ്മൂട്ടി

'നിങ്ങൾ ആരും വിശ്വസിക്കില്ല, ഇങ്ങനെ ഉള്ള ഒരാളാണ് കാലൻ ആയി അഭിനയിക്കുന്നത്. അതും സ്യൂട്ട് ഒക്കെ ഇട്ട്'

എന്തൊരു പെർഫോമൻസ്, ഞാൻ അന്തം വിട്ടുപോയി!; ഇന്ദ്രൻസിന്റെ പ്രകടനത്തിനെ അഭിനന്ദിച്ച് മമ്മൂട്ടി
dot image

റഷീദ് പാറക്കൽ സംവിധാനം ചെയ്തു ഇന്ദ്രൻസ്, ജാഫർ ഇടുക്കി എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തിയ സിനിമയാണ് കുട്ടന്റെ ഷിനിഗാമി. ഒരു ഫാന്റസി ഡ്രാമ സ്വഭാവത്തിലെത്തിയ സിനിമയിലെ അഭിനേതാക്കളുടെ പ്രകടനങ്ങൾ ഏറെ കയ്യടി വാങ്ങിയിരുന്നു. ഇപ്പോഴിതാ ഈ സിനിമയിലെ നടൻ ഇന്ദ്രൻസിന്റെ പ്രകടനത്തെ അഭിനന്ദിക്കുകയാണ് മമ്മൂട്ടി. ഇന്ദ്രൻസിന്റെ പ്രകടനം കണ്ട് അന്തം വിട്ടു പോയെന്നും ഗംഭീര പെർഫോമൻസ് ആണ് അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. ആശാൻ എന്ന സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

'കുട്ടന്റെ ഷിനിഗാമി എന്നൊരു സിനിമയുണ്ട്. എത്ര പേർ അത് കണ്ടിട്ടുണ്ടെന്ന് എനിക്കറിയില്ല. എന്നാ പെർഫോമൻസ് ആണ് ഇയാൾ നടത്തിയിരിക്കുന്നത്. അന്തം വിട്ടുപോയി. നിങ്ങൾ ആരും വിശ്വസിക്കില്ല, ഇങ്ങനെ ഉള്ള ഒരാളാണ് കാലൻ ആയി അഭിനയിക്കുന്നത്. അതും സ്യൂട്ട് ഒക്കെ ഇട്ട്. നല്ല സിനിമയാണ് അത്. ജാഫർ ഇടുക്കിയും ഇന്ദ്രൻസും ഞാനോ നീയോ എന്ന രീതിയിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്', മമ്മൂട്ടിയുടെ വാക്കുകൾ. അഷ്‌റഫ് പിലാക്കൽ ആണ് കുട്ടന്റെ ഷിനിഗാമി നിർമിച്ചിരിക്കുന്നത്. റഷീദ് തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രം ഇപ്പോൾ മനോരമ മാക്‌സിൽ ലഭ്യമാണ്.

അതേസമയം, ഇന്ദ്രൻസ് നായകനായി എത്തുന്ന ആശാൻ ഫെബ്രുവരി അഞ്ചിന് പുറത്തിറങ്ങും. സിനിമയുടെ ട്രെയ്‌ലർ ഇന്നലെ പുറത്തുവന്നിരുന്നു. സിനിമയ്ക്കുള്ളിൽ സിനിമയുടെ കഥ പറയുന്ന ചിത്രം ഒരു പക്കാ കോമഡി ഡ്രാമയായിട്ടാണ് ഒരുങ്ങുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ഇന്ദ്രൻസിന്റെയും ജോമോൻ ജ്യോതിറിൻ്റെയും മികച്ച പ്രകടനം തന്നെ സിനിമയിലൂടെ കാണാമെന്നും ട്രെയ്‌ലർ ഉറപ്പ് നൽകുന്നു. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. ദുൽഖറിൻ്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്.

നാല്പതിലധികം വർഷങ്ങളിലായി 550 ലധികം ചിത്രങ്ങളിൽ അഭിനയിച്ച നടൻ ഇന്ദ്രൻസ്, ആദ്യമായി ഒരു കൊമേർഷ്യൽ ചിത്രത്തിൽ നായകനായി എത്തുന്നു എന്നത് തന്നെയാണ് ആശാന്റെ ഏറ്റവും വലിയ പ്രത്യേകത. അത് കൊണ്ട് തന്നെ, ഏറെ പ്രതീക്ഷകളോടെയും ആകാംഷയോടെയുമാണ് പ്രേക്ഷകർ ഈ ചിത്രം കാത്തിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. അതിൽ ഒരു ഗാനത്തിന് വേണ്ടി ഇന്ദ്രൻസ് തന്റെ ശബ്ദവും നൽകിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇന്ദ്രൻസ് എന്ന നടന്റെ മറ്റൊരു ഗംഭീര പ്രകടനം ഈ ചിത്രത്തിലൂടെ കാണാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് മലയാള സിനിമാ പ്രേമികളും ആരാധകരും.

Content Highlights: Mammootty praises indran's performance in kuttante shinigami movie

dot image
To advertise here,contact us
dot image