തിയേറ്ററിൽ നാളെ മുതൽ പ്രകമ്പനം; ഹിറ്റടിക്കുമോ ഈ ഹൊറർ ഫാമിലി കോമഡി എന്റർടെയ്നർ?

ഈ ഹോസ്റ്റൽ പശ്ചാത്തല ഹൊറർ കോമഡി എന്റർടെയ്നർ, യുവതലമുറയെ ലക്ഷ്യമിട്ടുള്ള ഒരു ഫുൾ പാക്കേജ് സിനിമയായിരിക്കും

ചിരിപ്പിക്കുന്ന മുഹൂർത്തങ്ങളും പേടിപ്പിക്കുന്ന ട്വിസ്റ്റുകളും ഒരുമിച്ച് ചേർന്ന പ്രകമ്പനം നാളെ തിയേറ്ററിലേക്ക് എത്തുകയാണ്. ഒറ്റവട്ടം കണ്ടാൽ മതിയാവില്ല എന്ന തരത്തിൽ, ഓരോ കാഴ്ചയിലും ഒളിപ്പിച്ചുവെച്ചിരിക്കുന്ന സീക്രറ്റ് എലമെന്റ്സും സർപ്രൈസുകളുമായി തിയേറ്ററിൽ എത്തുന്ന ചിത്രം ഏറെ നാൾക്കുശേഷം പ്രേക്ഷകരെ തീയേറ്ററിൽ ചിരിപ്പിക്കാൻ കഴിയുന്ന ഒരു ക്യാമ്പസ് മൂവിയായി മാറും.

കോമഡിയുടെ പെരുമഴയും ത്രില്ലിന്റെ പ്രകമ്പനവും ചേർന്ന ഈ ഹോസ്റ്റൽ പശ്ചാത്തല ഹൊറർ കോമഡി എന്റർടെയ്നർ, യുവതലമുറയെ ലക്ഷ്യമിട്ടുള്ള ഒരു ഫുൾ പാക്കേജ് സിനിമയായിരിക്കും. ഗണപതിയും സാഗർ സൂര്യയും അൽ അമീനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. ഹോസ്റ്റൽ ജീവിതത്തിലെ രസകരമായ നിമിഷങ്ങളിലേക്കാണ് ഹൊറർ ഘടകങ്ങൾ കടന്നുവരുന്നത്. തമാശയും ഭയവും ഒരുമിച്ച് അനുഭവിപ്പിക്കുന്ന വ്യത്യസ്തമായ ഒരു സിനിമാറ്റിക് അനുഭവം തന്നെയാണ് ‘പ്രകമ്പനം’ ലക്ഷ്യമിടുന്നത്. ശീതൾ ജോസഫ് ആണ് ചിത്രത്തിലെ നായിക. നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ‘നദികളിൽ സുന്ദരി’യ്ക്ക് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ശ്രീജിത്ത് കെ. എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കഥ സംവിധായകന്റേതും, തിരക്കഥയും സംഭാഷണവും നവാഗതനായ ശ്രീഹരി വടക്കനുടേതുമാണ്.

അമീൻ, കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി. പി. കുഞ്ഞികൃഷ്ണൻ, ഗായത്രി സതീഷ്, ലാൽ ജോസ്, പ്രശാന്ത് അലക്സാണ്ടർ, സനീഷ് പല്ലി, കുടശ്ശനാട് കനകം എന്നിവരടങ്ങുന്ന വൻ താരനിരയും ചിത്രത്തിന്റെ മറ്റൊരു ആകർഷണമാണ്. മലയാളത്തിലെ പ്രമുഖ ഇൻഫ്ലുവൻസേഴ്സും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Content Highlights: Horror comedy family entertainer Prakambanam in cinemas from tomorrow

To advertise here,contact us