തിയേറ്ററിലേത് പോലെ തന്നെ ഒടിടിയിൽ എത്തുന്ന സിനിമകൾക്കും വലിയ തോതിലുള്ള കാഴ്ചക്കാരാണുള്ളത്. തിയേറ്ററിൽ പരാജയമാകുന്ന സിനിമകൾ ഒടിടിയിൽ എത്തുമ്പോൾ വലിയ തരംഗമാകുന്നത് പതിവാണ്. ഇപ്പോഴിതാ ഈ വാരം ഒടിടിയിൽ എത്തുന്ന സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. വമ്പൻ സൂപ്പർതാര സിനിമകൾ ഉൾപ്പെടെ നിരവധി സിനിമകളാണ് ഇത്തവണ ഒടിടിയിലേക്ക് എത്തുന്നത്.
അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സർവ്വം മായ ആണ് ഈ വാരം ഒടിടിയിൽ എത്തുന്ന പ്രധാന സിനിമകളിൽ ഒന്ന്. നിവിൻ പോളി നായകനായി എത്തിയ സിനിമ ജനുവരി 30 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. ആഗോള ബോക്സ് ഓഫീസിൽ സിനിമ ഇതിനോടകം 100 കോടി പിന്നിട്ടു കഴിഞ്ഞു. കേരളത്തിലും വലിയ നേട്ടമാണ് സിനിമ ഉണ്ടാക്കുന്നത്. 150 കോടിയിലേക്ക് സിനിമ കുതിച്ചുയരുകയാണ്. നിവിൻ പോളിയുടെ തിരിച്ചുവരവ് ആരാധകർ ആഘോഷിക്കുകയാണ്. തിയേറ്ററിൽ എത്തി ഒരു മാസത്തിനോട് അടുക്കുകയാണ് സിനിമ.പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കിയ ചിത്രമാണ് സർവ്വം മായ.
രൺവീർ സിങ് നായകനായി എത്തിയ ധുരന്ദർ ആണ് സ്ട്രീമിങ്ങിനൊരുങ്ങുന്ന മറ്റൊരു സിനിമ. ജനുവരി 30 മുതൽ നെറ്റ്ഫ്ലിക്സിൽ ധുരന്ദർ സ്ട്രീമിങ് ആരംഭിക്കും. സിനിമയുടെ അൺകട്ട് വേർഷൻ ആണ് ഒടിടിയിൽ എത്തുന്നതെന്നും റിപ്പോർട്ടുണ്ട്. ആഗോളതലത്തിൽ സിനിമ 1000 കോടി ക്ലബ്ബിൽ ഇടം നേടി കഴിഞ്ഞു. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രമായി മാറിയിരിക്കുകയാണ് ധുരന്ദർ. ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 1038 കോടിയാണ് സിനിമ ഇതുവരെ നേടിയത്. സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, തമിഴ് എന്നീ ഭാഷകളിലായി 2026 മാർച്ച് 19 ന് ചിത്രം തിയേറ്ററുകളിൽ എത്തും. കേരളത്തിലും വലിയ വരവേൽപ്പാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
നളൻ കുമാരസാമിക്കൊപ്പം നടൻ കാർത്തി ഒന്നിക്കുന്ന പുതിയ ചിത്രം വാ വാത്തിയാർ ആണ് ഈ വാരം സ്ട്രീമിങ്ങിനെത്തിയ മറ്റൊരു ചിത്രം. ആമസോൺ പ്രൈം വീഡിയോയിലൂടെ സിനിമ സ്ട്രീമിങ് ആരംഭിച്ചുകഴിഞ്ഞു. ഭേദപ്പെട്ട അഭിപ്രായങ്ങൾ ലഭിച്ചിട്ടും ചിത്രം തിയേറ്ററിൽ തകർന്നടിഞ്ഞു.ചിത്രം പുറത്തിറങ്ങി രണ്ടാഴ്ചയ്ക്കുള്ളിൽ ആണ് സിനിമ സ്ട്രീമിങ്ങിനെത്തുന്നത്. കൃതി ഷെട്ടിയാണ് 'വാ വാത്തിയാർ' എന്ന ചിത്രത്തിൽ നായികയായി എത്തുന്നത്. സത്യരാജ് ആണ് കാർത്തിയുടെ വില്ലനായി എത്തുന്നത്. നടൻ രാജ് കിരണും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
അനശ്വര രാജന്റെ ആദ്യ തെലുങ്ക് ചിത്രമാണ് ചാമ്പ്യൻ. റോഷൻ ആണ് ചിത്രത്തിൽ അനശ്വാര രാജന്റെ നായകനായി എത്തുന്നത്. തനി നാട്ടുംപുറത്തുകാരിയായാണ് അനശ്വര ചിത്രത്തിൽ എത്തുന്നത്. ചിത്രം ഇന്ന് മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ചിത്രത്തിൽ ദുൽഖർ സൽമാൻ കാമിയോ വേഷത്തിൽ എത്തുന്നുണ്ട്. ഹോളിവുഡ് ചിത്രങ്ങളായ അനാകോണ്ടയും ക്രിസ്റ്റിയും ഒടിടിയിൽ എത്തിയിട്ടുണ്ട്. രണ്ടു സിനിമകളും ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് സ്ട്രീം ചെയ്യുന്നത്.
Content Highlights: From sarvam maya to dhurandhar, film releasing on OTT this week