തന്റെ തുടക്കകാലത്തെ സിനിമയാത്രയെക്കുറിച്ച് മനസുതുറന്ന് നടൻ ജയറാം. താൻ സിനിമയിലേക്ക് എത്തുന്ന സമയത്ത് മോഹൻലാലും മമ്മൂട്ടിയും മാത്രമായിരുന്നു മലയാളത്തിൽ നായകന്മാരായി ഉണ്ടായിരുന്നത് എന്നും മൂന്നാമത്തെ ഹീറോ ആയി ആരും ഇല്ലായിരുന്നു എന്നും ജയറാം പറയുന്നു. പത്മരാജനെ പോലെ ഒരാളുടെ കൂടെ തുടങ്ങിയതുകൊണ്ട് വലിയ സംവിധായകർ എല്ലാം തന്റെ പിന്നാലെ വന്നെന്നും അതിനാൽ തനിക്ക് തിരിഞ്ഞു നോക്കണ്ടി വന്നിട്ടില്ലെന്നും ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ ജയറാം പറഞ്ഞു.
'1988 ൽ പത്മരാജൻ ചിത്രം അപരനിലൂടെയാണ് ഞാൻ സിനിമയിലേക്ക് വരുന്നത്. ആ സമയത്ത് മലയാളത്തിൽ രണ്ട് ഹീറോകൾ മാത്രമാണ് ഉണ്ടായിരുന്നത്- മമ്മൂട്ടിയും മോഹൻലാലും. എല്ലാ വലിയ സംവിധായകരും അവരുടെ പുറകെ ആയിരുന്നു. ഒരു മൂന്നാമത്തെ ഹീറോ അപ്പോൾ മലയാളത്തിൽ ഇല്ലായിരുന്നു. ആറ് മാസത്തോളം പത്മരാജൻ സാർ നായകനായി അഭിമുഖങ്ങൾ നടത്തി. ആ സമയത്താണ് എന്റെ ഒരു മിമിക്രി കാസറ്റ് അദ്ദേഹത്തിന്റെ മകൻ അനന്തപദ്മനാഭൻ കാണുന്നത്. ആ സമയത്ത് വന്നതുകൊണ്ടും പത്മരാജൻ സാറിനെപ്പോലെ ഒരാൾ അവതരിപ്പിച്ചതുകൊണ്ടും പിന്നെ എനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
കമൽ, സത്യൻ അന്തിക്കാട്, ഐവി ശശി തുടങ്ങിയ സംവിധായകർ എല്ലാം എന്നെവെച്ച് സിനിമകൾ ചെയ്യാൻ തുടങ്ങി. അടുത്ത 10 - 15 വർഷം പിന്നെ എനിക്ക് വളരെ നല്ലതായിരുന്നു. പത്ത് സിനിമകൾ ചെയ്യുമ്പോൾ എട്ടണ്ണവും ഹിറ്റായിരുന്നു. മമ്മൂട്ടിയും മോഹൻലാലും നിൽക്കുമ്പോൾ അവർക്ക് ഇടയിലൂടെ ഹ്യൂമർ കലർന്ന ഫാമിലി സിനിമകൾ ഞാൻ ചെയ്തു. ആ സമയത്ത് ഏറ്റവും കൂടുതൽ സിനിമകൾ എനിക്ക് നൽകിയത് സത്യൻ അന്തിക്കാട്, ശ്രീനിവാസൻ തുടങ്ങിയവരാണ്', ജയറാമിന്റെ വാക്കുകൾ.
മലയാളത്തിൽ ആശകൾ ആയിരം ആണ് ഇനി പുറത്തിറങ്ങാനുള്ള ജയറാം ചിത്രം. അബ്രഹാം ഓസ്ലർ എന്ന സിനിമയ്ക്ക് ശേഷം ജയറാം നായകനായി എത്തുന്ന പുതിയ സിനിമയാണ് 'ആശകൾ ആയിരം'. കാളിദാസ് ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു വടക്കൻ സെൽഫി, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ സിനിമകൾ ഒരുക്കിയ ജി പ്രജിത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. 2018 എന്ന ഇൻഡിസ്ട്രി ഹിറ്റ് സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ജോസഫ് തിരക്കഥയൊരുക്കുന്ന സിനിമയാണിത്.
Content Highlights: Jayaram talks about his entry into malayalam cinema after mammootty and mohanlal