അടിച്ച് കേറി ചത്താ പച്ച, മികച്ച കളക്ഷൻ, ആഗോളതലത്തിൽ 25 കോടിയിലേക്ക്

മികച്ച കളക്ഷനുമായി ചത്താ പച്ച, ആഗോളതലത്തിൽ 25 കോടിയിലേക്ക് കുതിപ്പ് തുടരുന്നു

മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്‌റ്റൈൽ ആക്ഷൻ കോമഡി ചിത്രമായി എത്തുന്ന ചത്താ പച്ച - റിങ് ഓഫ് റൗഡീസ് തിയേറ്ററുകളിൽ നിന്ന് മികച്ച അഭിപ്രായങ്ങൾ ആണ് നേടുന്നത്. WWE പ്രേമികൾക്ക് വളരെ ഇഷ്ടപ്പെട്ട ഒരു അനുഭവമാണ് സിനിമ സമ്മാനിക്കുന്നത് എന്നാണ് റിവ്യൂസ്. ഇപ്പോഴിതാ റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോൾ സിനിമയുടെ കളക്ഷൻ റിപ്പോർട്ടുകളാണ് എത്തുന്നത്. ആഗോളതലത്തിൽ സിനിമ 25 കോടിയിലേക്ക് കടക്കുകയാണ്.

കേരളത്തിൽ നിന്ന് മാത്രം 10 .91 കോടി രൂപയാണ് സിനിമ നേടിയതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ ബാക്കി ഭാഗങ്ങളിൽ നിന്നുമായി 1.75 കോടിയാണ് സിനിമയുടെ കളക്ഷൻ. വിദേശ മാർക്കറ്റിൽ നിന്ന് 11 . 90 കോടിയാണ് നേടിയത്. ആഗോളതലത്തിൽ 24 . 56 കോടിയാണ് സിനിമ ഇതുവരെ നേടിയിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസിൽ നിന്നും ചത്താ പച്ചയുടെ ഫസ്റ്റ് ഡേ കളക്ഷൻ 7.73 കോടിയാണ്. കേരളത്തിൽ നിന്ന് മാത്രം സിനിമയ്ക്ക് 3.7 കോടി നേടാനായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ സിനിമയ്ക്ക് മികച്ച കളക്ഷൻ നേടാൻ ആകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം), പൂജ മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ അദ്വൈത് നായർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാലിന്റെ അനന്തരവൻ കൂടിയാണ് അദ്വൈത് നായർ. റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പും ലെൻസ്മാൻ ഗ്രൂപ്പും ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റ് എന്ന നിർമ്മാണ കമ്പനിക്ക് രൂപം നൽകിയത്. റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വേഫെറർ ഫിലിംസ്.

ബോളിവുഡ് സംഗീത സംവിധായകരായ ശങ്കര്‍-ഇഹ്സാന്‍-ലോയ് ടീം ആദ്യമായി മലയാളത്തില്‍ സംഗീതം പകരുന്ന ചിത്രം കൂടിയാണിത്. ഇവര്‍ ഈണം പകര്‍ന്ന ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക്, നാട്ടിലെ റൗഡീസ് ഗാനം എന്നിവ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയിലുള്ള ഒരു അണ്ടര്‍ ഗ്രൗണ്ട് WWE സ്‌റ്റൈല്‍ റെസ്ലിങ് ക്ലബ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം, മലയാള സിനിമയിലെ പുതിയ ആക്ഷന്‍ കോമഡി അനുഭവമായി മാറുമെന്നാണ് പ്രതീക്ഷ.

Content Highlights: Chatha Pacha is performing strongly at the box office. The film’s worldwide collection is nearing ₹25 crore. Positive audience response is driving the steady growth.

To advertise here,contact us