

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം ഏറ്റുവാങ്ങി റാപ്പർ വേടൻ. അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അവാർഡ് കിട്ടാൻ ഒരേയൊരു കാരണക്കാരൻ തന്റെ അപ്പൻ ആണെന്നും വേടൻ പറഞ്ഞു. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിലാണ് വേടൻ മനസുതുറന്നു. തന്റെ അച്ഛനെ വേദിയിലേക്ക് ക്ഷണിക്കാനും വേടൻ മറന്നില്ല.
'ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാകും ഒരു ഇൻഡിപെൻഡന്റ് കലാകാരന് ചലച്ചിത്ര പുരസ്കാരം ലഭിക്കുന്നത്. ഈ അവാർഡ് ലഭിച്ചതിൽ സന്തോഷം. ഈ അവാർഡ് എനിക്ക് കിട്ടാൻ ഒരേയൊരു കാരണക്കാരൻ എന്റെ അപ്പൻ മാത്രമായിരിക്കും. സ്വന്തം ആരോഗ്യവും ഇഷ്ടമൊക്കെ മാറ്റിവെച്ചിട്ട് എന്നെ വളർത്താനായി ഒരുപാട് പണിയെടുത്ത ആളാണ് അദ്ദേഹം. എന്റെ അപ്പനെ ആദ്യമായിട്ടാണ് ഇങ്ങനെ ഒരുങ്ങി വെള്ള മുണ്ടും പുതിയ വസ്ത്രവും ഒക്കെ ധരിച്ച് ഞാൻ കാണുന്നത്', വേടന്റെ വാക്കുകൾ.
മഞ്ഞുമ്മൽ ബോയ്സിലെ വേടൻ എഴുതിയ കുതന്ത്രം (വിയര്പ്പ് തുന്നിയിട്ട കുപ്പായം) എന്ന ഗാനത്തിനാണ് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം വേടന് ലഭിച്ചത്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ പാര്ശ്വവത്കൃത ജീവിതത്തിലെ സഹനങ്ങളെയും സന്തോഷങ്ങളെയും പുതിയ ബിംബങ്ങളിലുടെ തേച്ചുമിനുക്കാത്ത വാക്കുകളിലേക്ക് പകര്ത്തിയെടുത്ത രചനാമികവിനാണ് പുരസ്കാരമെന്നാണ് ജൂറി അഭിപ്രായപ്പെട്ടത്.
മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയും ഏറ്റുവാങ്ങിയിരുന്നു. പുരസ്കാരം കിട്ടുന്നത് പ്രോത്സാഹനം ആണെന്ന് മമ്മൂട്ടി പറഞ്ഞു. ഒപ്പം അവാർഡ് നേടിയ ആസിഫും ടൊവിനോയും തന്നെക്കാൾ ഒട്ടും താഴെയല്ലെന്നും പ്രായത്തിൽ മൂത്തത് ആയതിനാൽ തനിക്ക് അവാർഡ് കിട്ടിയതാകാം എന്നും മമ്മൂട്ടി പറഞ്ഞു. 'പുരസ്കാരം കലാകാരന്മാർക്ക് പ്രോത്സാഹനമാണ്. നല്ല നടനുള്ള പുരസ്കാരം കിട്ടുന്നത് അതിലേറെ പ്രോത്സാഹനം. ഇന്ന് എനിക്കൊപ്പം സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ ടൊവിനോയും ആസിഫ് അലിയുമുണ്ട്. അവരൊന്നും എന്നേക്കാൾ ഒരു മില്ലിമീറ്റർ പോലും താഴെയല്ല. അവർ എനിക്ക് ഒപ്പമാണ്, പ്രായത്തിൽ മൂത്തത് ആയതിനാൽ എനിക്ക് അവാർഡ് കിട്ടിയതാകാം', മമ്മൂട്ടിയുടെ വാക്കുകൾ.
Content Highlights: Rapper Vedan emotional speech about his father and state award