പ്രതീക്ഷകൾ അസ്തമിച്ചു; ഓസ്‌കര്‍ നോമിനേഷന്‍ പട്ടികയില്‍ നിന്ന് പുറത്തായി ഇന്ത്യൻ ചിത്രം 'ഹോംബൗണ്ട്'

നിലവിൽ അഞ്ച് സിനിമകൾ ആണ് മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്

98ാമത് ഓസ്കർ അവാർഡ്സിലെ മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ നോമിനേഷൻ പട്ടികയിൽ നിന്ന് പുറത്തായി ഇന്ത്യൻ ചിത്രം ഹോംബൗണ്ട്. നീരജ് ഗയ്‌വാൻ സംവിധാനം ചെയ്ത് കരൺ ജോഹർ നിർമ്മിച്ച സിനിമയാണ് 'ഹോംബൗണ്ട്'. അവസാന അഞ്ച് സിനിമകളുടെ പട്ടികയിൽ ഇടം നേടുമെന്ന് ഇന്ത്യൻ പ്രേക്ഷകർ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നെങ്കിലും, അവസാന നിമിഷം സിനിമ പുറത്താവുകയായിരുന്നു. ധർമ പ്രൊഡക്ഷൻ നിർമിച്ച ചിത്രത്തിൽ ഇഷാൻ ഖട്ടർ, വിശാൽ ജേത്വ, ജാൻവി കപൂർ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

നിലവിൽ അഞ്ച് സിനിമകൾ ആണ് മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ദി സീക്രട്ട് ഏജന്‍റ് (ബ്രസീല്‍), ഇറ്റ് വോസ് ആന്‍ ആക്‌സിഡന്‍റ് (ഫ്രാന്‍സ്), സെന്‍റിമെന്‍റല്‍ വാല്യൂ( നോര്‍വേ), സിരാറ്റ് (സ്പെയ്ന്‍), ദി വോയ്സ് ഓഫ് ഹിന്ദ് രാജാബ് (ടുനീഷ്യ) എന്നിവയാണ് ആ സിനിമകൾ. ഇതോടെ ഇന്ത്യയുടെ ഓസ്കർ പ്രതീക്ഷകൾ അസ്തമിച്ചിരിക്കുകയാണ്. ഇന്നാണ് ഓസ്‌കര്‍ അവാര്‍ഡ് നോമിനേഷന്‍ പ്രഖ്യാപിച്ചത്.

ഓസ്കറിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 'ഹോംബൗണ്ട്' കാനിലും ടൊറൊന്റോ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിക്കപ്പെട്ട് വലിയ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. ടൊറന്റോയില്‍ ഇന്റര്‍നാഷണല്‍ പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡില്‍ മൂന്നാം സമ്മാനം ചിത്രം സ്വന്തമാക്കി. സെപ്റ്റംബർ 26 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. നോർത്തിന്ത്യയിൽ നിന്നുള്ള രണ്ട് സുഹൃത്തുക്കൾ പൊലീസിൽ ചേരാനുള്ള ആഗ്രഹം നിറവേറ്റാനായി മുന്നിട്ടിറങ്ങുകയും, അതുവഴി സമൂഹത്തിൽ നിന്നും തങ്ങൾക്ക് ഇതുവരെ ലഭിക്കാത്ത ബഹുമാനം നേടാൻ കഴിയുമെന്നുമാണ് അവർ കരുതുന്നത്. എന്നാൽ ഈ യാത്രയിൽ ഇരുവരും നേരിടുന്ന പ്രതിസന്ധികളാണ് 'ഹോംബൗണ്ട്' എന്ന ചിത്രത്തിന്റെ പ്രമേയം.

കരൺ ജോഹർ, അപൂർവ മേത്ത, അദാർ പുനെവാല, സോമെൻ മിശ്ര എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. നേരത്തെ, 'ലാപത ലേഡീസ്', 'സന്തോഷ്' എന്നിവ 2025 ലെ ഓസ്‌കാർ നോമിനേഷൻ പട്ടികയിൽ ഉണ്ടായിരുന്നു. എന്നാൽ കിരൺ റാവു ചിത്രം ലാപത ലേഡീസ് ആദ്യ റൗണ്ട് വോട്ടെടുപ്പിൽ മത്സരത്തിൽ നിന്ന് പുറത്തായി.

Content Highlights: Neeraj Ghaywan's Homebound, India's Entry, Out Of Oscars 2026 Race

To advertise here,contact us