തിയേറ്ററിലേത് പോലെ ഒടിടിയിലും സിനിമകൾക്ക് നിരവധി കാഴ്ചക്കാരുണ്ട്. തിയേറ്ററിൽ വിജയിക്കാതെ പോയ ചില സിനിമകൾ സ്ട്രീമിങ്ങിനെത്തുമ്പോൾ വലിയ വിജയമാകാറുണ്ട്. ഇപ്പോഴിതാ സ്ട്രീമിങ് പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടിയ തമിഴ് സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്.
വിജയ് സേതുപതി സിനിമയായ മഹാരാജ ആണ് നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട തമിഴ് സിനിമ. 28.1 മില്യൺ ആളുകളാണ് സിനിമ നെറ്റ്ഫ്ലിക്സിലൂടെ കണ്ടത്. വിജയ് സേതുപതിയെ നായകനാക്കി നിതിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത ചിത്രമാണ് മഹാരാജ. കഴിഞ്ഞ വർഷം തമിഴിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രങ്ങളുടെ പട്ടികയിൽ മഹാരാജയും ഉൾപ്പെട്ടിരുന്നു. വിജയ് സേതുപതിയുടെ കരിയറിലെ ആദ്യ 100 കോടി സിനിമയും മഹാരാജ ആയിരുന്നു. ഇന്ത്യയിൽ വലിയ വിജയം നേടിയ സിനിമ ചൈനയിലും റിലീസ് ചെയ്തിരുന്നു. മികച്ച അഭിപ്രായവും കളക്ഷനുമാണ് ചിത്രം നേടിയിരുന്നത്. പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറിൽ സുദൻ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിർമ്മിച്ചത്.
വിജയ് ചിത്രം ലിയോ ആണ് രണ്ടാം സ്ഥാനത്ത്. 23.5 മില്യൺ വ്യൂസ് ആണ് ലിയോ നേടിയത്. ലോകേഷ് കനകരാജ് ഒരുക്കിയ സിനിമ തിയേറ്ററിലും വലിയ ഹിറ്റായിരുന്നു. അജിത് നായകനായി എത്തിയ തുനിവ് ആണ് മൂന്നാം സ്ഥാനത്ത്. 16.8 മില്യൺ വ്യൂസ് ആണ് സിനിമ നെറ്റ്ഫ്ലിക്സിലൂടെ നേടിയത്. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം വൻ ഹിറ്റായിരുന്നു. ചിത്രം 200 കോടി ക്ലബില് എത്തിയിരുന്നു. ബോണി കപൂറാണ് ചിത്രം നിര്മിച്ചിരിക്കുന്നത്. ശിവകാർത്തികേയന്റെ അമരൻ ആണ് തുനിവിന് തൊട്ടുപിന്നിലുള്ള ചിത്രം. 14.7 മില്യൺ ആണ് സിനിമ നേടിയത്. അമരന് പിന്നിലായി ഉള്ളത് മറ്റൊരു വിജയ് ചിത്രമാണ്. വെങ്കട്ട് പ്രഭു ഒരുക്കിയ ദി ഗോട്ട് ആണ് കാഴ്ചക്കാരിൽ അഞ്ചാം സ്ഥാനം നേടിയ സിനിമ. 13.4 മില്യൺ കാഴ്ചക്കാരെയാണ് വിജയ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ നേടിയത്.
Most Viewed Tamil Films on Netflix pic.twitter.com/hqCGPrJQwT
ധനുഷ് ചിത്രങ്ങളായ വാത്തിയും ഇഡ്ലി കടൈയുമാണ് ആറും ഏഴും സ്ഥാനങ്ങളിലുള്ള സിനിമ. കാർത്തി ചിത്രം മെയ്യഴകൻ ആണ് എട്ടാം സ്ഥാനത്ത്. 11.4 മില്യൺ കാഴ്ചക്കരെയാണ് സിനിമ നേടിയെടുത്തത്. ഡ്രാഗൺ, ഇന്ത്യൻ 2 എന്നീ സിനിമകളും ആദ്യ പത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. റെട്രോ, ബീസ്റ്റ്, ഗുഡ് ബാഡ് അഗ്ലി, വിടാമുയർച്ചി, മാരീചൻ, തഗ് ലൈഫ്, ഡ്യൂഡ്, ഡിഎസ്പി, ആര്യൻ, തങ്കലാൻ എന്നിവയാണ് പത്ത് മുതൽ ഇരുപത് വരെ സ്ഥാനത്തുള്ള മറ്റു സിനിമകൾ.
Content Highlights: Top watched tamil movies on netflix list out now vijay's film out from first position