

മമ്മൂട്ടിയെ നായകനാക്കി ഐ ആം എ ഡിസ്ക്കോ ഡാൻസർ എന്ന ചിത്രം നേരത്തെ നാദിർഷ പ്രഖ്യാപിച്ചിരുന്നു. ആഷിഖ് ഉസ്മാൻ ആയിരുന്നു ഈ സിനിമയുടെ നിർമാതാവ് എന്നാൽ തുടർന്ന് ഈ സിനിമയുടെ അപ്ഡേറ്റ് ഒന്നും ഉണ്ടായില്ല. ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ച് പ്രതികരിക്കുകയാണ് നാദിർഷ. മമ്മൂട്ടിക്ക് കഥ കേട്ട് ഒരുപാട് ഇഷ്ടമായിരുന്നു എന്നും എന്നാൽ ആ കഥ ഇന്ന് ചെയ്യാൻ കഴിയില്ലെന്നും ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിൽ നാദിർഷ പറഞ്ഞു.

'ആ സമയത്ത് മമ്മൂക്കയ്ക്ക് ഒരുപാട് ഇഷ്ടമായ കഥയാണ് അത്. എന്നാൽ അത് ഇപ്പോൾ വർക്ക് ചെയ്താൽ ശരിയാകില്ല. ആ കഥയുടെ ടൈം ഇപ്പോൾ കഴിഞ്ഞു പോയി. 2017 - 18 ടൈമിൽ മമ്മൂക്ക കഥ കേട്ട് ഒരുപാട് ചിരിച്ച് അത് ചെയ്യാം എന്ന് തീരുമാനിച്ചതായിരുന്നു. മമ്മൂക്ക അല്ലാതെ വേറെ ആർക്കും ആ കഥ ചേരില്ല. അങ്ങനെ പിന്നെ ആ കഥ വിട്ടതാണ്', നാദിർഷയുടെ വാക്കുകൾ.
പ്രേക്ഷകർ ഏറ്റെടുത്ത 'കട്ടപ്പനയിലെ ഋത്വിക് റോഷന്' ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ഒരുക്കുന്ന മാജിക് മഷ്റൂം ആണ് ഇനി പുറത്തിറങ്ങാനുള്ള നാദിർഷ ചിത്രം. ചിത്രം രസകരമായൊരു ഫൺ ഫാമിലി ഫാൻറസി എന്റർടെയ്നറായാണ് എത്തുന്നത്. ആദ്യാവസാനം ഒരു ഫൺ ഫാമിലി എന്റർടെയ്നറായിരിക്കും ചിത്രമെന്നാണ് സിനിമയുടെ ട്രെയിലർ സൂചന നൽകിയിട്ടുള്ളത്. അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ആകാശ് ദേവാണ്. ഭാവന റിലീസാണ് ഡിസ്ട്രിബ്യൂഷൻ.
ഹരിശ്രീ അശോകൻ, അജു വർഗ്ഗീസ്, ജോണി ആൻറണി, ജാഫർ ഇടുക്കി, ബോബി കുര്യൻ, സിദ്ധാർത്ഥ് ഭരതൻ, അഷറഫ് പിലാക്കൽ, പ്രമോദ് വെളിയനാട്, അബിൻ ബിനോ, അരുൺ പുനലൂർ, ശാന്തിവിള ദിനേശ്, മീനാക്ഷി ദിനേശ്, പൂജ മോഹൻരാജ്, മനീഷ കെ.എസ്, ആലീസ് പോൾ, മാസ്റ്റർ സൂഫിയാൻസാലി, മാസ്റ്റർ ദ്രുപദ്, മാസ്റ്റർ വൈഷ്ണവ്, ബേബി വൈദേഹി നായർ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. ശങ്കർ മഹാദേവൻ, കെഎസ് ചിത്ര, ശ്രേയാ ഘോഷാൽ, വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, ഹനാൻ ഷാ, റിമി ടോമി, രഞ്ജിനി ജോസ്, ഖദീജ നാദിർഷ തുടങ്ങി നിരവധി ശ്രദ്ധേയരാണ് ചിത്രത്തിൽ ഗാനങ്ങൾ ആലപിക്കുന്നത്.
Content Highlights: Nadirsha talks about an unfinished movie with mammootty and its development