മെമ്മറി കാർഡ് വിവാദവുമായി ബന്ധപ്പെട്ട് താരസംഘടന അമ്മയിലെ അന്വേഷണം പൂർത്തിയായി. കുക്കു പരമേശ്വരനെതിരെയുള്ള ആരോപണം തെറ്റാണെന്ന് AMMA പ്രസിഡന്റ് ശ്വേതാ മേനോൻ പറഞ്ഞു.11 പേരുടെ മൊഴി എടുത്തുവെന്നും ജോയ് മാത്യു അറിയിച്ചു. അന്നത്തെ പ്രസിഡന്റ് ഗണരാൽ സെക്രട്ടറി ഉൾപ്പടെ എല്ലാവരുടെയും മൊഴി എടുത്തുവെന്നും ശ്വേതാ മേനോൻ പറഞ്ഞു. ഇതുവരെ
ജനറൽ ബോഡിയിൽ വരാത്ത പരാതിയിൽ ഇത്രയെങ്കിലും ചെയ്യാൻ പറ്റിയത് ആദ്യത്തെ വിജയമായി കാണുന്നുവെന്നും ശ്വേതാ കൂട്ടിച്ചേർത്തു.
അഞ്ചംഗ കമ്മീഷൻ രൂപീകരിച്ചാണ് തെളിവെടുപ്പ് നടന്നത്. ശ്വേതാ മേനോൻ, ജോയ് മാത്യു, ദേവൻ, ശ്രീലത നമ്പൂതിരി, ശ്രീലത പരമേശ്വരൻ എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ. മെമ്മറി കാർഡ് വിവാദത്തിൽ ഉൾപ്പെട്ട നടിമാരെ വിളിച്ച് മൊഴിയെടുത്തു. ഓഗസ്റ്റ് 21 നായിരുന്നു മെമ്മറി കാർഡ് വിവാദവുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്വേഷണത്തിന് അഞ്ചംഗ സമിതി രൂപീകരിച്ചത്. 60 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും എക്സിക്യൂട്ടീവിൽ അന്ന് തീരുമാനമായിരുന്നു.
മീ ടൂ ആരോപണങ്ങൾ വന്നതിന് പിന്നാലെയാണ് സംഘടനയിലെ വനിതാ അംഗങ്ങൾക്ക് അവരുടെ പ്രശ്നങ്ങൾ തുറന്നു പറയാനായി യോഗം വിളിച്ചിരുന്നു. ഈ യോഗത്തിൽ ആളുകൾ പറഞ്ഞ അനുഭവങ്ങൾ മെമ്മറി കാർഡിൽ ചിത്രീകരിച്ചിരുന്നെന്നും എന്നാൽ അത് കാണാതായെന്നും പിന്നീട് ആരോപണം ഉയരുകയായിരുന്നു. കുക്കു പരമേശ്വരന്റെ നേതൃത്വത്തിലാണ് യോഗം നടന്നതെന്നും മെമ്മറി കാർഡിൻ്റെ ഉത്തരവാദിത്തം അവർക്കാണെന്നും അമ്മ തിരഞ്ഞെടുപ്പിനിടെ ആരോപണം ഉയർന്നിരുന്നു. പൊന്നമ്മ ബാബു അടക്കമുള്ള താരങ്ങളാണ് ആരോപണം ഉന്നയിച്ചത്. കുക്കു പരമേശ്വരൻ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ രംഗത്ത് വന്നതിന് പിന്നാലെയായിരുന്നു ആരോപണങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്.
Content Highlights: Actor Shwetha Menon stated that the investigation into the memory card controversy has been completed and clarified that the allegation raised against Kuku Parameshwaran was incorrect. She said the probe has cleared the issue, putting an end to the controversy surrounding the case.