യേ ജവാനി ഹേ ദീവാനി മോഡലിൽ ഒരു റോം-കോം, ഒപ്പം നിവിനും അജുവും; അടുത്ത സിനിമയെക്കുറിച്ച് അഖിൽ സത്യൻ

'ഇപ്പോൾ ഞങ്ങൾ ഇതിനെ തമാശയായി 'യേ ജവാനി ആലുവ ദീവാനി' എന്നാണ് പറയുന്നത്'

അഖിൽ സത്യൻ ഒരുക്കി നിവിൻ പോളി നായകനായി എത്തിയ സർവ്വം മായ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. 130 കോടിയാണ് സിനിമയുടെ ഇതുവരെയുള്ള കളക്ഷൻ. സിനിമയുടെ കഥയ്ക്കും മേക്കിങ്ങിനും നിവിന്റെ പ്രകടനത്തിനും കയ്യടികൾ ലഭിച്ചിരുന്നു. ഇപ്പോഴിതാ തന്റെ അടുത്ത സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് അഖിൽ സത്യൻ.

30 കളിലൂടെ കടന്നു പോകുന്നവരുടെ പ്രണയകഥ പറയുന്ന സിനിമയാണ് അടുത്തതായി താൻ ചെയ്യാൻ പോകുന്നതെന്ന് അഖിൽ സത്യൻ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 'നിവിനൊപ്പം വീണ്ടും വർക്ക് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. അജു വർഗീസ്, അൽത്താഫ് സലിം എന്നിവർക്കൊപ്പം മലയാളത്തിലെ ഒരു പ്രമുഖ നടിയും സിനിമയുടെ ഭാഗമാകും. മുപ്പതുകളുടെ മധ്യത്തിലുള്ള ആളുകളെക്കുറിച്ചുള്ള ഒരു അർബൻ റൊമാന്റിക് കോമഡിയാണ് സിനിമ. യേ ജവാനി ഹേ ദീവാനി പോലുള്ള ബോളിവുഡ് റൊമാന്റിക് കോമഡികളുടെ വലുപ്പത്തിലാണ് ഞാൻ സിനിമ ആലോചിക്കുന്നത്. ഇപ്പോൾ ഞങ്ങൾ ഇതിനെ തമാശയായി യേ ജവാനി ആലുവ ദീവാനി എന്നാണ് പറയുന്നത്', അഖിലിന്റെ വാക്കുകൾ.

സർവ്വം മായയുടെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയത് ജിയോ ഹോട്‍സ്റ്റാറാണ് എന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരി ആദ്യ വാരമോ രണ്ടാം വാരമോ സര്‍വ്വം മായ ഒടിടിയില്‍ എത്തും എന്നുമാണ് റിപ്പോര്‍ട്ട്. ഒടിടിയിൽ എത്തുന്നതോടെ സിനിമയ്ക്ക് ഇനിയും പ്രശംസകൾ നിറയുമെന്നാണ് കരുതുന്നത്. നിവിൻ-അജു കോമ്പോ നന്നായി ചിരിപ്പിക്കുന്നുണ്ടെന്നും ഇരുവരുടെയും ഭാഗങ്ങൾക്ക് തിയേറ്ററിൽ നല്ല റെസ്പോൺസ് ആണെന്നാണ് കമന്റുകൾ. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്ന റിയ ഷിബു മികച്ച പെർഫോമൻസ് ആണ് കാഴ്ചവെച്ചിരിക്കുന്നതെന്നും അഭിപ്രായങ്ങൾ ഉണ്ട്.

ഒരു ഹൊറർ കോമഡി മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണ് സർവ്വം മായ. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്. എ പി ഇന്റർനാഷണൽ ആണ് റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിന്റെ അവകാശം നേടിയത്. ഗൾഫ് രാജ്യങ്ങളിൽ ചിത്രം തിയേറ്ററിൽ എത്തിക്കുന്നത് ഹോം സ്ക്രീൻ എന്റർടൈൻമെന്റ് ആണ്.

Content Highlights: Akhil Sathyan about his next film with Nivin Pauly in the style of Yeh Jawaani Hai Deewani

To advertise here,contact us