നർത്തകനും കേരള കലാമണ്ഡലത്തിലെ നൃത്താധ്യാപകനുമാണ് ആർഎൽവി രാമകൃഷ്ണൻ. പ്രശസ്ത നാടകമായ മാടൻ മോക്ഷം നേരിൽ കണ്ടതിന്റെ അനുഭവം പങ്കിടുകയാണ് ആർ എൽ വി രാമകൃഷ്ണൻ. നാടകം കണ്ട് പൊട്ടിചിരിച്ചപ്പോഴും ചില നിമിഷങ്ങൾ കണ്ണുനീർ സമ്മാനിച്ചെന്നും രാമകൃഷ്ണൻ പറഞ്ഞു. ജാതി പറയുകയല്ലെങ്കിലും ഇത്തരം കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ദളിത് ചോരയുള്ള കലാകാരനേ കഴിയൂവെന്നും രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. നാടകത്തിലെ അഭിനേതാക്കളെ പ്രശംസിച്ചു കൊണ്ട് ഫേസ്ബുക്കിലാണ് ഇദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്.
'ഞങ്ങളുടെ ദൈവങ്ങളുടെ ഒക്കെ ഒരു ഗതികേട്…. മാടൻ മോക്ഷം കണ്ടിറങ്ങിയപ്പോൾ മുതൽ മനസിലുദിച്ച ചിന്ത ഇതായിരുന്നു.കുട്ടികാലത്ത് ഞങ്ങളുടെ അപ്പനപ്പൂപ്പൻമാർ കള്ളും പൊടിയും കോഴി കറിയും വച്ച് നെഞ്ചത്തടിച്ച് വിളിച്ച് പൂർവ്വികരെയും മുത്തപ്പൻന്മാരെയും തൃപ്തിപെടുത്തിയിരുന്നത് ഓർമയിലേക്ക് ഓടിയെത്തി.
ഇതിനായി പ്രത്യേക വൈദിക തന്ത്രങ്ങളൊന്നും അവർ പഠിച്ചിട്ടില്ലായിരുന്നു. വാഴയിലയിൽ ഏകദേശം നക്ഷത്ര ആകൃതിയിലും ത്രികോണാകൃതിയിലും വെട്ടിയെടുത്ത നറുക്കിൽ പൂർവ്വികരെ സങ്കൽപിച്ചിരുത്തുകയാണ് സാധാരണ പതിവ്.. കാവ് സങ്കൽപത്തിൽ ഒരു പാലമര ചുവട്ടിൽ പൂർവ്വിക സങ്കൽപത്താൽ സ്ഥാപിച്ച ചെറിയ ഒരു കല്ലാണ് ദൈവത്തിന്റെ പ്രതീകമായി കണ്ടിരുന്നത്. മണ്ണിലും കല്ലിലും പാടത്തും പറമ്പിലും പണിയെടുത്തു ജീവിച്ചിരുന്നവർക്ക് അതാണല്ലോ ശരിക്കും ദൈവ കോലങ്ങൾ. കാലങ്ങൾ പോകവെ ഇവയെല്ലാം പുനരുദ്ധാരണത്തിന് വിധേയമായി… കാവിനു പകരം ക്ഷേത്ര സങ്കൽപങ്ങളായി…. എന്തിനേറെ പൂർവ്വികരെ സങ്കൽപിച്ച് നിവേദിച്ചിരുന്ന നിവേദ്യങ്ങളിലും ഏറെ മാറ്റംവന്നു.. കള്ളിന്റെയും പൊടിയുടെയും സ്ഥാനത്ത് മറ്റു പല ദ്രവ്യങ്ങളും സ്ഥാനംപിടിച്ചു..
ന്റെ… മുത്തപ്പാ എന്ന് നെഞ്ചിലടിച്ച് ആത്മാർത്ഥതയോടെ പൂർവ്വികരെ വിളിച്ചു വരുത്തിയ തറവാട്ട് കാരണമാർക്ക് പകരം തന്ത്രങ്ങൾ പഠിച്ച വൈദികരെത്തി…… കർമ്മങ്ങളിൽ അടിമുടിമാറ്റം… കാലങ്ങൾ കഴിയവെ എന്തക്കെയോ അപശകുനങ്ങൾ… മുത്തപ്പൻന്മാരും പൂർവികരും തൃപ്തരല്ലത്രെ…. വീണ്ടും പഴയ ആചാരങ്ങൾ തുടരാൻ കല്പന…. ഇതാണ് ഇപ്പോ ഒട്ടുമിക്ക തറവാട്ടമ്പലങ്ങളിലും കണ്ടുവരുന്ന പ്രതിഭാസങ്ങൾ… മാടൻ മോക്ഷം കണ്ടപ്പോൾ ഇതൊക്കെ തന്നെയല്ലെ യാഥാർത്ഥ്യമെന്ന് തോന്നി… മാടനെയും മാടനെ പരിചരിക്കുന്ന കുഞ്ഞിനെയും ഏതോ മുജന്മത്തിൽ കണ്ട പരിചയം. രണ്ടു പേരും തകർത്തഭിനയിച്ചു. ഒപ്പം ആനുകാലികമായ എല്ലാ സംഭവ വികാസളെയും ഒരു പൂമാലയിൽ കോർക്കുന്ന പോലെ അതി ഭംഗിയായി കോർത്തിണക്കിയിരിക്കുന്നു..
ശ്രീ പ്രമോദ് വെളിയനാട് എന്ന അത്ഭുത നടൻ അതിനെ ശരിക്കും പ്രേക്ഷകസമക്ഷം കൂട്ടിയിണക്കുന്നതിൽ അതി ഗംഭീരമായി വിജയിച്ചിരിക്കുന്നു. മാടന്റെ ദയനീയത പ്രേക്ഷരിലേക്ക് എത്തിക്കാൻ മാടനെ അവതരിപ്പിച്ച ശ്രീ ജയചന്ദ്രൻ തകഴിക്കാരനും കഴിഞ്ഞു. നാടകം കണ്ട് കുറേചിരിച്ചു… ഇടയ്ക്ക് ചെറു കണ്ണുനീർ ഇറ്റുവീണു… പ്രമോദ് വെളിയനാടിന്റെ ചില പ്രസന്റേഷനുകൾ ചിലപ്പോഴൊക്കെ കലാഭവൻ മണിചേട്ടനെ ഓർക്കാൻ ഇടവരുത്തി. (എന്നു കരുതി അത് ഒട്ടും ഒരു അനുകരണമായി തോന്നിയതും ഇല്ല…)
ഞാനിവിടെ ജാതിയോ മതമോ പറയുകയല്ലട്ടോ…. എന്നാലിത് എനിക്ക് പറയാതിരിക്കാനും പറ്റണില്ല… ഇത്തരം കഥാപാത്രങ്ങൾ അവതരിപ്പിക്കണമെങ്കിൽ തീർച്ചയായും ഒരു ദളിത് ചോരയുള്ള കലാകാരനല്ലാതെ മറ്റാർക്കും പറ്റുകയില്ല… തീർച്ച….. വേറെ ആരു വന്നാലും ഏഴയലത്ത് എത്തുകയില്ല സത്യം…… ഗംഭീരം… മാടൻ മോക്ഷത്തിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ…. ഇനി ഒരു ചിന്തമാത്രം… മാടൻ മോക്ഷത്തിനെ മണി ചേട്ടന്റെ മണ്ണിലേക്ക് ഒന്ന് കൂട്ടി കൊണ്ടുവരണം,' ആർ എൽ വി രാമകൃഷ്ണൻ പറഞ്ഞു.
Content Highlights: RLV Ramakrishnan said that characters like those depicted in Madan Moksha can only be authentically portrayed by an artist rooted in Dalit lived experience. His remarks highlighted the importance of social background and identity in artistic representation, sparking discussion on caste, culture, and performance in contemporary art.