മഞ്ജു വാര്യർ, നവ്യ നായർ, ചിത്ര, ജി വേണുഗോപാൽ....എത്രയോ പ്രതിഭകളെ കലോത്സവങ്ങൾ സിനിമയ്ക്ക് സമ്മാനിച്ചു:മോഹൻലാൽ

കലോത്സവത്തിന്‍റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍

മലയാള സിനിമയ്ക്ക് നിരവധി പ്രതിഭകളെ സമ്മാനിച്ച വേദിയാണ് കലോത്സവങ്ങളെന്ന് മോഹന്‍ലാല്‍. തൃശൂരില്‍ വെച്ച് നടക്കുന്ന 64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായ മോഹന്‍ലാല്‍ പ്രസംഗത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്. മഞ്ജു വാര്യര്‍, നവ്യ നായര്‍, യദുകൃഷ്ണന്‍, ശരത് ദാസ്, കെ എസ് ചിത്ര, ജി വേണുഗോപാല്‍ എന്നിവരുടെ പേരും മോഹന്‍ലാല്‍ പ്രസംഗത്തിനിടെ എടുത്തു പറഞ്ഞു.

സമൂഹമാധ്യമങ്ങള്‍ ഏറെ ജനപ്രിയമായെങ്കിലും ഇപ്പോഴും കലോത്സവങ്ങളിലെ പ്രതിഭകളെ തേടി സിനിമാ സംവിധായകര്‍ എത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദി എന്നതിനപ്പുറം കുട്ടികളുടെ വ്യക്തിത്വ വളര്‍ച്ചയില്‍ കലോത്സവങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ജയപരാജയങ്ങള്‍ക്ക് അപ്പുറം ജീവിതത്തില്‍ ആവശ്യമായ ഒട്ടേറെ മൂല്യങ്ങള്‍ കലോത്സവങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'മലയാള സിനിമയ്ക്ക് എത്രയോ മികച്ച പ്രതിഭകളെ യുവജനോത്സവങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ കലാപ്രതിഭയായ അകാലത്തില്‍ പൊലിഞ്ഞ അമ്പിളി അയ്യപ്പന്റെ പേരിലാണ് ഒന്നാം സ്ഥാനം നേടുന്ന കോളേജിനുള്ള ട്രോഫി പിന്നീടുള്ള വര്‍ഷങ്ങളില്‍ നല്‍കിയിരുന്നത് എന്നാണ് ഓര്‍മ. പിന്നീട് അദ്ദേഹത്തിന്റെ മകള്‍ പൊന്നമ്പിളി സ്‌കൂള്‍ കലോത്സവങ്ങളില്‍ പ്രതിഭയായി, സിനിമകളില്‍ അഭിനയിക്കാനും ആ കുട്ടിയ്ക്ക് സാധിച്ചു.

പിന്നീട് നമുക്കെല്ലാവര്‍ക്കും പ്രിയപ്പെട്ട മഞ്ജു വാര്യര്‍, നവ്യ നായര്‍, യദു കൃഷ്ണന്‍, ശരത് ദാസ് തുടങ്ങിയവരൊക്കെ കലോത്സവവേദിയുടെ സംഭാവനകളാണ്. ഗായിക കെ എസ് ചിത്രയും ഗായകന്‍ ജി വേണുഗോപാലും കലോത്സവങ്ങളിലൂടെ വളര്‍ന്നുവന്ന താരങ്ങളാണ്.

പണ്ട് കാലാതിലകങ്ങളുടെ മുഖചിത്രങ്ങള്‍ ജനപ്രിയ മാസികകങ്ങളില്‍ വന്നിരുന്നത് ഞാന്‍ ഓര്‍ക്കുകയാണ്. സമൂഹമാധ്യമങ്ങളൊക്കെ ഇത്രയേറെ ജനപ്രീതി ആര്‍ജിച്ചിട്ടും ഇന്ന് പല സംവിധായകരും സ്‌കൂള്‍,സര്‍വകലാശാല കലോത്സവങ്ങളില്‍ പ്രതിഭകളെ തേടി എത്താറുണ്ട്.

കലോത്സവങ്ങള്‍ കുട്ടികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള കേവലം അവസരങ്ങള്‍ മാത്രമല്ല, അതവര്‍ക്ക് കൂട്ടായ്മയുടെ സാമൂഹ്യപാഠം സമ്മാനിക്കുന്നുണ്ട്. വ്യക്തിയെന്ന രീതിയില്‍ ആത്മവിശ്വാസം ഊട്ടിയുറപ്പിക്കുന്നുണ്ട്. പങ്കുവെക്കേണ്ട രസം ശീലിപ്പിക്കുന്നുണ്ട്. തോല്‍വി വിജയത്തിലേക്കുള്ള പടവാണെന്ന തിരിച്ചറിവ് ഉണ്ടാക്കുന്നുണ്ട്. മത്സരിക്കുന്നതാണ് പ്രധാനം, അവിടെ ജയപരാജയങ്ങള്‍ അപ്രസക്തമാണ്,' മോഹന്‍ലാല്‍ പറഞ്ഞു.

അതേസമയം, 64ാമത് സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് കണ്ണൂരാണ് സ്വന്തമാക്കിയത്. 249 മത്സരയിനങ്ങളുടെ ഫലപ്രഖ്യാപനം പുറത്തുവന്നതോടെ ഏറ്റവുമധികം പോയിന്റുകള്‍ നേടി കണ്ണൂര്‍ ജില്ല കലാകിരീടം ചൂടുകയായിരുന്നു. 1023 പോയിന്റാണ് കണ്ണൂര്‍ നേടിയതെങ്കില്‍ 1018 പോയിന്റുമായി തൃശൂര്‍ ജില്ലയാണ് തൊട്ടുപിന്നിലെത്തിയത്. അവസാന ഘട്ടം വരെ ജില്ലകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന കലോത്സവത്തില്‍ അവസാനം നടന്ന വഞ്ചിപ്പാട്ട് മത്സരത്തില്‍ കണ്ണൂരില്‍ നിന്നുമുള്ള ടീം എ ഗ്രേഡ് നേടിയതോടെയാണ് പോയിന്റ് പട്ടികയില്‍ ജില്ല ഒന്നാമതെത്തിയത്.

Content Highlights: Mohanlal praises Manju Warrier, Navya Nair, K S Chithra, G Venugopal as the gifts Kalolsavam given to Malayalam Cinema. He was speaking the closing ceremony of State School Kalolsavam 2026

To advertise here,contact us