ക്യൂബ്സ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില് ഷെരീഫ് മുഹമ്മദ് നിര്മ്മിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷന് ത്രില്ലര് ചിത്രമായ കാട്ടാളന്റെ ആദ്യ ടീസര് പുറത്ത്. കൊച്ചിയിലെ വനിതാ വിനിത തീയേറ്ററില് സംഘടിപ്പിക്കപ്പെട്ട ആരാധകരും മാധ്യമങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും ഉള്പ്പെട്ട പ്രൗഢ ഗംഭീരമായ ചടങ്ങില് വെച്ചാണ് ടീസര് ലോഞ്ച് നടന്നത്. ഗംഭീര പ്രതികരണമാണ് ടീസറിന്റെ ആദ്യ സ്ക്രീനിങ്ങിന് ആരാധകരില് നിന്നും ലഭിച്ചത്.
പ്രേക്ഷകരെ അക്ഷരാര്ത്ഥത്തില് ത്രസിപ്പിക്കുന്ന ആക്ഷന് രംഗങ്ങള് കോര്ത്തിണക്കിയാണ് ചിത്രത്തിന്റെ ടീസര് ഒരുക്കിയിരിക്കുന്നത്. മലയാള സിനിമ ഇത് വരെ കാണാത്ത അമ്പരപ്പിക്കുന്ന സംഘട്ടന രംഗങ്ങള് ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ടീസര് നല്കുന്ന സൂചന. ചിത്രത്തിലെ നായകന് ആന്റണി വര്ഗീസ് കാട്ടില് ആനയുമായി ഏറ്റു മുട്ടുന്ന രംഗങ്ങള് അവിശ്വസനീയമായ പൂര്ണ്ണതയോടെയാണ് ഒരുക്കിയിരിക്കുന്നതെന്നും ടീസര് കാണിച്ചു തരുന്നുണ്ട്. വിഎഫ്എക്സ് ഉപയോഗിക്കാതെ, യഥാര്ത്ഥ ആനയെ ഉപയോഗിച്ച് ആണ് ഈ സംഘട്ടന രംഗങ്ങള് ചിത്രീകരിച്ചിരിക്കുന്നതെന്നും ടീസറില് നല്കിയിരിക്കുന്ന ഡിസ്ക്ലെയിമറില് അണിയറ പ്രവര്ത്തകര് വ്യക്തമാക്കിയിട്ടുണ്ട്.
ആന്റണി വര്ഗീസിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച മാസ്സ് കഥാപാത്രങ്ങളില് ഒന്നായി ഇതിലെ നായക വേഷം മാറുമെന്നാണ് ടീസര് നല്കുന്ന പ്രതീക്ഷ. ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ബ്രഹ്മാണ്ഡ റിലീസുകളിലൊന്നായി മെയ് 14 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. നവാഗതനായ പോള് ജോര്ജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓങ് ബാക്ക് സീരീസ് ഉള്പ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷന് ത്രില്ലറുകള്ക്ക് സംഘട്ടനം ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡിയുടെയും അദ്ദേഹത്തിന്റെ ടീമിന്റെയും നേതൃത്വത്തില് ആണ് ചിത്രത്തിലെ ആക്ഷന് രംഗങ്ങള് തായ്ലന്റില് ഒരുക്കിയത്.
ഓങ് ബാക്ക് സീരിസിലൂടെ വലിയ ശ്രദ്ധ നേടിയ 'പോങ്' എന്ന ആനയും കാട്ടാളന്റെ ഭാഗമാണ്. ടീസറില് കാണാന് സാധിക്കുന്ന, ആനയുമായുള്ള സംഘട്ടന രംഗങ്ങള് അമ്പരപ്പിക്കുന്നതാണ്. കാന്താര, മഹാരാജ എന്നീ ബ്ലോക്ക്ബസ്റ്റര് തെന്നിന്ത്യന് ചിത്രങ്ങളിലൂടെ തരംഗമായി മാറിയ കന്നഡ മ്യൂസിക് ഡയറക്ടര് അജനീഷ് ലോക്നാഥ് ഒരുക്കിയ സംഗീതവും ടീസറിന്റെ ഹൈലൈറ്റുകളില് ഒന്നായി മാറുന്നുണ്ട്. അന്താരാഷ്ട്ര ചിത്രങ്ങളോട് കിടപിടിക്കുന്ന ദൃശ്യങ്ങളും ആക്ഷനും സംഗീതവുമായി ഒരു പക്കാ മാസ്സ് ആക്ഷന് ത്രില്ലറായാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.
മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓവര്സീസ് ഡീലുകളില് ഒന്ന് ഇതിനോടകം സ്വന്തമാക്കിയ ചിത്രം, ഷൂട്ടിംഗ് പൂര്ത്തിയാവുന്നതിന് മുന്പ് തന്നെ മലയാളത്തിലെ പല പ്രീ റിലീസ് റെക്കോര്ഡുകളും ഭേദിച്ച് കഴിഞ്ഞു എന്നാണ് വാര്ത്തകള് വരുന്നത്. ഫാര്സ് ഫിലിംസ് ആയി സഹകരിച്ചാണ് മലയാള സിനിമ കണ്ട എക്കാലത്തേയും വമ്പന് വിദേശ റിലീസിനായി 'കാട്ടാളന്' ഒരുങ്ങുന്നത്. 'മാര്ക്കോ' എന്ന പാന് ഇന്ത്യന് ബ്ലോക്ക്ബസ്റ്റര് ആക്ഷന് ത്രില്ലറിന് ശേഷം ക്യൂബ്സ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില് ഷെരീഫ് മുഹമ്മദ് നിര്മ്മിക്കുന്ന ചിത്രമാണിത്. നേരത്തെ, ആന്റണി വര്ഗീസിന്റെ സ്റ്റൈലിഷ് മാസ്സ് ഗെറ്റപ്പ് പുറത്ത് വിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യല് മീഡിയയില് വൈറലായി മാറിയിരുന്നു.
ഒരു പാന് ഇന്ത്യന് ചിത്രമായി അവതരിപ്പിക്കുന്ന ഈ പ്രോജക്ട് മെഗാ ക്യാന്വാസിലാണ് ഒരുക്കുന്നത്. ദുഷാര വിജയന് നായികയായി മലയാളത്തിലെത്തുന്ന ചിത്രത്തില്, പുഷ്പ, ജയിലര് എന്നിവയിലൂടെ പ്രശസ്തനായ തെലുങ്ക് താരം സുനില്, മാര്ക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധ നേടിയ കബീര്ദുഹാന് സിംഗ്, പുഷ്പ ഫെയിം തെലുങ്കു താരം രാജ് തിരാണ്ടുസു, 'കില്' എന്ന ബ്ലോക്ക്ബസ്റ്റര് ഹിന്ദി ചിത്രത്തിലൂടെ പ്രശംസ നേടിയ ബോളിവുഡ് താരം പാര്ഥ് തിവാരി, മലയാളത്തില് നിന്നും ജഗദീഷ്, സിദ്ദിഖ്, വ്ളോഗറും സിംഗറുമായ ഹനാന്ഷാ, റാപ്പര് ബേബി ജീന്, ഹിപ്സ്റ്റര് എന്നിവരും നിര്ണ്ണായക വേഷങ്ങള് ചെയ്യുന്നു. ജോബി വര്ഗീസ്, പോള് ജോര്ജ് , ജെറോ ജേക്കബ് എന്നിവര് ചേര്ന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങള് ഒരുക്കുന്നത് ഉണ്ണി ആര് ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില് ചിത്രം റിലീസിനെത്തും.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്- ജുമാന ഷരീഫ്, ഛായാഗ്രഹണം - റെനഡിവേ, അഡീഷണല് ഛായാഗ്രഹണം - ചന്ദ്രു സെല്വരാജ്, സംഗീതം- ബി അജെനീഷ് ലോക്നാഥ്, എഡിറ്റിംഗ് -ഷമീര് മുഹമ്മദ്, സംഘട്ടനം- കെച്ച കെംബാക്ഡി, ആക്ഷന് സന്തോഷ്, പ്രൊഡക്ഷന് ഡിസൈന്- സുനില് ദാസ്, ക്രീയേറ്റീവ് പ്രൊഡ്യൂസര്- ഡിപില് ദേവ്, പ്രൊഡക്ഷന് കണ്ട്രോളര് - ദീപക് പരമേശ്വരന്, ഓഡിയോഗ്രഫി- രാജകൃഷ്ണന് എം ആര്, സൗണ്ട് ഡിസൈനര്- കിഷന്, സപ്ത റെക്കോര്ഡ്സ്, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണന്, മേക്കപ്പ് - റോണക്സ് സേവ്യര്, വരികള്- സുഹൈല് കോയ, സ്റ്റില് ഫോട്ടോഗ്രാഫര്- അമല് സി സദര്, നൃത്തസംവിധാനം- ഷരീഫ്, വിഎഫ്എക്സ്- 3 ഡോര്സ്, ഓവര്സീസ് ഡിസ്ട്രിബുഷന് പാര്ട്ണര് - ഫാര്സ് ഫിലിംസ്, പിആര് ആന്ഡ് മാര്ക്കറ്റിങ്- വൈശാഖ് സി വടക്കേവീട്, ജിനു അനില്കുമാര്, മലയാളം പിആര്ഒ- ആതിര ദില്ജിത്, ഹിന്ദി മാര്ക്കറ്റിങ്- മാക്സ് മാര്ക്കറ്റിങ് ലിമിറ്റഡ്, തമിഴ് പിആര്ഒ- സതീഷ് എസ് 2 ഇ, ശ്രീ വെങ്കടേഷ് പി, തമിഴ് ഡിജിറ്റല് മാര്ക്കറ്റിങ്- ആകാശ്, തെലുങ്ക് പിആര്ഒ- വംശി ശേഖര്, തെലുങ്ക് ഡിജിറ്റല് മാര്ക്കറ്റിങ് - ഹാഷ്ടാഗ് മീഡിയ, ദിലീപ്, കന്നഡ പിആര്ഒ- ശ്രേയ ഉഞ്ചലി, ടൈറ്റില് ഡിസൈന്- ഐഡന്റ് ലാബ്സ്, പബ്ലിസിറ്റി ഡിസൈന്- യെല്ലോ ടൂത്ത്സ്.
Content Highlights : Kattalan movie trailer launch held at Vanith-Vineetha theatre at Kochi. It gets good response from audience