ജൂതനായ ഹാൻസ് സിമ്മറും മുസ്ലിമായ ഞാനും രാമായണ എന്ന ഹിന്ദു പുരാണ സിനിമയ്ക്ക് സംഗീതം നൽകുന്നു: എ ആർ റഹ്‌മാൻ

ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് എ ആര്‍ റഹ്മാന്‍റെ പ്രതികരണം

2026ൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാമായണ പാർട്ട് 1. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലോകോത്തര ടെക്‌നീഷ്യൻസാണ് അണിയറയിൽ പ്രവർത്തിക്കുന്നത്. ഹോളിവുഡിലെ അതിപ്രശസ്ത സംഗീത സംവിധായകനായ ഹാൻസ് സിമ്മറും ഇന്ത്യക്കാരുടെ അഭിമാനമായ എ ആർ റഹ്‌മാനും ചേർന്നാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

ഇന്ത്യയിലെ സാമൂഹ്യ-രാഷ്ട്രീയ് സാഹചര്യങ്ങൾ വലിയ ധ്രൂവീകരണത്തിലൂടെ നീങ്ങുന്ന സമയത്ത് രാമായണ എന്ന സിനിമയ്ക്ക് മുസ്ലിമായ ഒരാൾ സംഗീതം നൽകുന്നതിനെ കുറെ പേർ എതിർക്കില്ലേ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് എ ആർ റഹ്‌മാൻ ഇപ്പോൾ. ബിബിസിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുസ്ലിമായ തനിക്ക് രാമായണവും മഹാഭാരതവും അറിയാമെന്നും എന്തിലെയും നല്ലതിനെ സ്വീകരിക്കാനാണ് പ്രവാചകൻ പറഞ്ഞിട്ടുള്ളതെന്നായിരുന്നു റഹ്‌മാന്റെ ഇതിനോടുള്ള പ്രതികരണം. 'ഞാൻ ഒരു ബ്രാഹ്‌മണ സ്‌കൂളിലാണ് പഠിച്ചത്. അവിടെ എല്ലാ വർഷവും രാമായണവും മഹാഭാരതവും പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് എനിക്ക് ആ കഥകൾ അറിയാം. ആദർശവനായ ഒരാളെ കുറിച്ചാണ് രാമായണം പറയുന്നത്. ആളുകൾക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരിക്കാം. പക്ഷെ ഞാൻ ആ ധാർമികതയും മൂല്യങ്ങളും വിലമതിക്കുന്നയാളാണ്.

നല്ല കാര്യങ്ങൾ എവിടെ നിന്നും സ്വീകരിക്കണമെന്നാണ് പ്രവാചകൻ മുഹമ്മദ് നബിയും പറഞ്ഞിട്ടുള്ളത്. ഭിക്ഷക്കാരനോ രാജാവോ രാഷ്ട്രീയക്കാരനോ ആരുമായിക്കൊള്ളട്ടെ ആരിലെയും നല്ലതിനെ സ്വീകരിക്കാൻ നമ്മൾ തയ്യാറകണം. നല്ല കാര്യങ്ങളെയു ചീത്ത കാര്യങ്ങളെയും കുറിച്ച് അറിവുണ്ടായിരിക്കണം. അറിവ് എന്നത് ഏറെ വിലപ്പെട്ടതാണ്. അത് എവിടെ നിന്നായാലും നേടണം. ഈ കാരണം കൊണ്ട് ഞാൻ ഇതേ കുറിച്ച് പഠിക്കില്ല, തുറന്ന് പോലും നോക്കില്ല. മറ്റൊരു കാരണം കൊണ്ട് അവരെ കുറിച്ച് അറിയാൻ പോലും ശ്രമിക്കില്ല എന്ന് പറയരുത്. സങ്കുചിതമായ മാനസികാവസ്ഥയിൽ നിന്നും പുറത്തുവരാൻ നമ്മൾ തയ്യാറാകണം. സ്വാർത്ഥത വെടിയാൻ തയ്യാറാകണം. ഹാൻസ് സിമ്മർ ജൂതനാണ്, ഞാൻ മുസ്ലിമാണ്, രാമായണം ഹിന്ദു പുരാണവും,' എ ആർ റഹ്‌മാൻ പറഞ്ഞു.

സമൂഹത്തിൽ ഭിന്നത വളരുന്നതിനെ കുറിച്ചും അത് സിനിമകളെ ബാധിക്കുന്നതിനെ കുറിച്ചും എ ആർ റഹ്‌മാൻ അഭിമുഖത്തിൽ സംസാരിച്ചിരുന്നു. ധ്രൂവീകരണം ഉണ്ടാക്കുന്ന മുറിവുകൾക്ക് കലയിലൂടെ പരിഹാരം തേടാനാണ് കലാകാരന്മാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, രൺബീർ കപൂറാണ് രാമായണയിൽ ശ്രീരാമനായി എത്തുന്നത്. സായ് പല്ലവി സീതാദേവിയായും യഷ് രാവണനായും വരുന്നു. ഇന്ത്യയിലെ വിവിധ ഭാഷകളിലെ നിരവധി അഭിനേതാക്കൾ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. സിനിമയുടെ ടൈറ്റിൽ ടീസർ അടുത്തിടെ പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ടീസർ നേടിയത്.

Content Highlights: A R Rahman responds to religious tensions about he working in Ramayana movie. He says Hans Zimmer is jewish, he is Muslim and they are together working for Hindu purana movie

To advertise here,contact us