സ്വന്തം സിനിമ റിലീസ് ചെയ്യാൻ സാധിക്കാത്ത നടന്റെ ഗുണ്ടകൾ 'പരാശക്തി'യെ തകർക്കാൻ ശ്രമിക്കുന്നു'

'പേരില്ലാത്ത ഐഡികൾക്ക് പിന്നിൽ ഒളിച്ച്, മോശം രീതിയിലുള്ള അപവാദ പ്രചാരണങ്ങളും മാനഹാനിയും നടക്കുന്നുണ്ട്, കഴിവുകേട് കാരണം റിലീസ് ചെയ്യാൻ കഴിയാതിരുന്ന ഒരു സിനിമയിലെ നടന്റെ ആരാധകരിൽ നിന്നാണ് വരുന്നത്'

സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. ശിവകാർത്തികേയൻ നായകനായി എത്തുന്ന സിനിമ ഒരു പീരീഡ് പശ്ചാത്തലത്തിൽ ആക്ഷൻ ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. വിജയ് ചിത്രം ജനനായകനും ഒന്നിച്ചായിരുന്നു സിനിമ തിയേറ്ററിൽ എത്തേണ്ടിയിരുന്നത്. എന്നാൽ ജനനായകൻ സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരിക്കുന്നത് കാരണം സിനിമയുടെ റിലീസ് നീട്ടുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ വിജയ് ആരാധകർ മനപൂർവം പാർശക്തിയ്ക്ക് നെഗറ്റീവ് റിവ്യൂ നൽകുന്നുവെന്ന് ആരോപിക്കുകയാണ് സംവിധയായ്ക കൂടിയായ സുധ കൊങ്കര. സ്വന്തം സിനിമ റിലീസ് ചെയ്യാൻ സാധിക്കാത്ത നടന്റെ ഗുണ്ടകൾ 'പരാശക്തി'യെ തകർക്കാൻ ശ്രമിക്കുന്നു എന്നാണ് സംവിധയികയുടെ പ്രതികരണം.

'സിനിമ അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്താൻ ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. നിങ്ങളുടെ സിനിമ സ്വയം സംസാരിച്ചാൽ മാത്രം പോരാ എന്ന് തോന്നുന്നു. പൊങ്കൽ വാരാന്ത്യത്തിൽ കൂടുതൽ പേരിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പേരില്ലാത്ത ഐഡികൾക്ക് പിന്നിൽ ഒളിച്ച്, മോശം രീതിയിലുള്ള അപവാദ പ്രചാരണങ്ങളും മാനഹാനിയും നടക്കുന്നുണ്ട്. ഇതിനെ നമ്മൾ നേരിടേണ്ടതുണ്ട്. ഇത് എവിടെ നിന്ന് വരുന്നു എന്ന് നിങ്ങൾ അത്ഭുതപ്പെട്ടേക്കാം. നിങ്ങൾക്ക് അത് എവിടെ നിന്ന് വരുന്നു എന്ന് അറിയാം. ഇത് അവരുടെ കഴിവുകേട് കാരണം റിലീസ് ചെയ്യാൻ കഴിയാതിരുന്ന ഒരു സിനിമയിലെ നടന്റെ ആരാധകരിൽ നിന്നാണ് വരുന്നത്. ഇതാണ് നമ്മൾ നേരിടുന്ന റൗഡീയിസവും ഗുണ്ടായിസവും." സുധ കൊങ്കര പറഞ്ഞു. റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

നേരത്തെ നടനും ക്രിയേറ്റീവ് പ്രൊഡ്യൂസറുമായ ദേവ് രാംനാഥ് വിജയ് ആരാധകരുടെ ഈ നടപടിയോട് പ്രതികരിച്ചിരുന്നു. വിജയ് ആരാധകർ സിനിമയ്ക്ക് മനപൂർവം പരാശക്തിയ്ക്ക് നെഗറ്റീവ് റിവ്യൂ നൽകുന്നുവെന്നാണ് ദേവ് രാംനാഥ്‌ പറഞ്ഞിരുന്നത്. നെഗറ്റീവ് റിവ്യൂകൾ, പഴയ വീഡിയോകൾ ഉപയോഗിച്ച് പ്രചരണം, തീയേറ്ററുകളിൽ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ വിളിക്കുക, ബുക്ക് മൈ ഷോ (BMS) റേറ്റിംഗുകൾ കൈകാര്യം ചെയ്യുക ഇതൊന്നും നല്ല പ്രവണത അല്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

ഹിന്ദി ഭാഷ അടിച്ചേല്പിക്കുന്നതിനെതിരെ തമിഴ് നാട്ടിൽ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. ചിത്രത്തിൽ ബേസിൽ ജോസഫും അഭിനയിക്കുന്നുണ്ട്. ശിവകാർത്തികേയനൊപ്പം രവി മോഹനും അഥർവയും ശ്രീലീലയും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് പരാശക്തി ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം. അമരന് ശേഷം ജിവി പ്രകാശ് കുമാറും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന സിനിമയാണിത്. 150 കോടി മുതല്‍ മുടക്കിലായിരിക്കും സിനിമ ഒരുങ്ങുക എന്നാണ് ഇന്ത്യഗ്ലിറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

52 കോടി രൂപ കൊടുത്താണ് സീ 5 റൈറ്റ് നേടിയിരിക്കുന്നത്. സിനിമയുടെ ഓഡിയോ, സാറ്റ്ലൈറ്റ് അവകാശങ്ങൾ നേരത്തെ തന്നെ വിട്ടു പോയിരുന്നു. 50 കോടിയ്ക്കാണ് വിറ്റതെന്നായിരുന്നു റിപ്പോർട്ടുകൾ. സുധ കൊങ്കര നേരത്തെ സൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ വെച്ച് പ്രഖ്യാപിച്ച 'പുറനാനൂറ്' എന്ന ചിത്രമാണ് ഇപ്പോള്‍ പരാശക്തിയായി മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡോൺ പിക്‌ചേഴ്‌സിൻ്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്.

Content Highlights:  Director Sudha Kongara has alleged that fans of actor Vijay are attempting to destroy the film Parashakti. Her statement has sparked widespread discussion on social media and within film circles, highlighting tensions between fan groups and filmmakers amid the controversy surrounding the project.

To advertise here,contact us