മുരുകനും രംഗണ്ണനും പേടിക്കണം, ഡെലൂലുവിനെയും കൂട്ടി പ്രഭേന്ദു വരുന്നുണ്ട്; സര്‍വ്വം മായ കളക്ഷന്‍ റിപ്പോര്‍ട്ട്

മോഹന്‍ലാലിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രത്തെ പട്ടികയില്‍ നിന്നും പിന്തള്ളിയാണ് സർവ്വം മായ ആദ്യം ടോപ് 10 ല്‍ ഇടംപിടിച്ചത്. ഇപ്പോഴും ചിത്രം കുതിപ്പ് തുടരുകയാണ്.

നിവിന്‍ പോളിയും റിയ ഷിബുവും പ്രധാന കഥാപാത്രങ്ങളായി എത്തിയ സര്‍വ്വം മായ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഡിസംബര്‍ 25ന് ക്രിസ്മസ് റിലീസായി എത്തിയ ചിത്രം 10 ദിവസംകൊണ്ട് 100 കോടി ക്ലബില്‍ കയറിയിരുന്നു. ഇപ്പോഴും മികച്ച കപ്പാസിറ്റിയിലാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. അതുകൊണ്ട് 150 കോടി ദൂരയല്ലെന്നാണ് ട്രാക്കേഴ്‌സ് പറയുന്നത്.

കോടികള്‍ കൊയ്ത് മുന്നേറുന്നതിനൊപ്പം മലയാള സിനിമയില്‍ ബോക്‌സ് ഓഫീസ് പട്ടികയിലും ചിത്രം സ്ഥാനം മെച്ചപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ടോപ് 10ലേക്ക് ഇടം നേടിയ ചിത്രം ഇപ്പോള്‍ ഒമ്പതാം സ്ഥാനത്തേക്ക് കുതിച്ചിട്ടുണ്ട്. 132 കോടിയാണ് സിനിമയുടെ നിലവിലെ കളക്ഷന്‍. ഇതോടെ മോഹന്‍ലാലിന്റെ ലൂസിഫര്‍ പട്ടികയില്‍ നിന്ന് പുറത്താവുകയും പ്രേമലു പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

ഇനി സര്‍വ്വം മായക്ക് മുന്നിലുള്ളത് മോഹന്‍ലാലിന്റെ പുലിമുരുകനും ഫഹദ് ഫാസിലിന്റെ ആവേശവുമാണ്. പുലിമുരുകന്റെ 139 കോടിയെ അധികം വൈകാതെ തന്നെ സര്‍വ്വം മായ മറികടന്നേക്കും. ആവേശത്തിന്റെ 154 കോടിയും ആറാം സ്ഥാനത്തുള്ള ആടുജീവിതത്തിന്റെ 157 കോടിയും സര്‍വ്വം മായക്ക് കീഴടക്കാന്‍ പറ്റാത്ത ഉയരത്തിലല്ല.

180 കോടിയുമായി 2018, 235 കോടിയുമായി തുടരും, 241 കോടിയുമായി മഞ്ഞുമ്മല്‍ ബോയ്‌സ്, 266 കോടിയുമായി എമ്പുരാന്‍, 304 കോടിയുമായി ലോക എന്നിവയാണ് പട്ടികയിലെ മറ്റ് ചിത്രങ്ങള്‍. ഒന്നാം സ്ഥാനത്തുള്ള കല്യാണി പ്രിയദര്‍ശന്റെ ലോകയെ മറികടക്കുന്ന കളക്ഷന്‍ ഈ വര്‍ഷം പുറത്തിറങ്ങുന്ന ഏതെങ്കിലും ചിത്രം മറികടക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

പുലിമുരുകന്റെ ഇന്‍ഡസ്ട്രി ഹിറ്റ് പദവി ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം 2018ന്റെ വരവോടെയാണ് തകര്‍ന്നതെങ്കില്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ ആ കാലതാമസം ഉണ്ടായിരുന്നില്ല. 2018ന്റെ റെക്കോര്‍ഡ് തൊട്ടടുത്ത വര്‍ഷം മഞ്ഞുമ്മല്‍ ബോയ്‌സ് തൂക്കി. 2025 ല്‍ രണ്ട് തവണയാണ് ഇന്‍ഡസ്ട്രി ഹിറ്റ് റെക്കോര്‍ഡ് മാറിയത്. ആദ്യം മഞ്ഞുമ്മലിലെ പിള്ളേരെ എമ്പുരാനിലൂടെ അബ്‌റാം ഖുറേഷി പിന്നിലാക്കി. മാസങ്ങളുടെ വ്യത്യാസത്തിലാണ് സാക്ഷാന്‍ മോഹന്‍ലാലിന്റെ റെക്കോര്‍ഡിനെ കല്യാണി പ്രിയദര്‍ശന്‍ മലര്‍ത്തിയടിച്ചത്. അതുകൊണ്ട് തന്നെ 2026ലും പുതിയ ഇന്‍ഡസ്ട്രി ഹിറ്റ് ഉണ്ടായേക്കാം.

അതേസമയം, സര്‍വ്വം മായക്ക് ശേഷം ഒരുപിടി മികച്ച റിലീസുകളും പ്രോജക്ടുകളുമാണ് നിവിന്‍ പോളിയെ കാത്തിരിക്കുന്നത്. ജനുവരി 23ന് അരുണ്‍ വര്‍മ സംവിധാനം ചെയ്യുന്ന ബേബി ഗേള്‍ എത്തും. പ്രേമലു ടീം ഒരുക്കുന്ന ബത്‌ലഹേം കുടുംബയൂണിറ്റിലും നിവിനാണ് നായകന്‍. തമിഴില്‍ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായ ബെന്‍സിലും വില്ലന്‍ വേഷത്തില്‍ നിവിന്‍ എത്തുന്നുണ്ട്. ഡിയര്‍ സ്റ്റുഡന്റ്‌സ്, മള്‍ട്ടിവേഴ്‌സ് മന്മഥന്‍, ബി ഉണ്ണികൃഷ്ണന്‍ ചിത്രം എന്നിവയാണ് നിവിന്‍ പോളിയുടെ അണിയറയില്‍ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.

Content Highlights : Nivin Pauly's Sarvam Maya beat Luicfer, Premalu in Box office collection, will conquer Aavesham and Aadujeevitham's records in coming days

To advertise here,contact us