മലയാള സിനിമാപ്രേമികളും ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഖലീഫ. പൃഥിയുടെ ജന്മദിനത്തിൽ പുറത്തുവിട്ട ചിത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോക്ക് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുമെന്ന അപ്ഡേറ്റ് നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ മോഹൻലാൽ സിനിമയുടെ ചിത്രീകരണത്തിൽ ജോയിൻ ചെയ്ത് എന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്.
കൊച്ചിയിൽ നടക്കുന്ന സിനിമയുടെ ചിത്രീകരണത്തിലാണ് മോഹൻലാൽ ജോയിൻ ചെയ്തത്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഖലീഫയുടെ രണ്ടാം ഭാഗത്തിലാണ് മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ നായകനായി എത്തുക. ആദ്യ ഭാഗത്തിലെ നായകനായ പൃഥ്വിരാജ് സുകുമാരനും ഈ രണ്ടാം ഭാഗത്തിന്റെ താരനിരയിൽ ഉണ്ടാകും. നേരത്തെ പുറത്തു വന്ന ഈ ചിത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോയിൽ മിസിസ് ഗാന്ധിയെ മുട്ടു കുത്തിച്ച മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രത്തെ കുറിച്ച് പരാമർശം ഉണ്ടായിരുന്നു എങ്കിലും, ആ വേഷം ചെയ്യുന്നത് ആരാണെന്നു പുറത്തു വിട്ടിരുന്നില്ല.
ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് - സിജോ സെബാസ്റ്റ്യൻ. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രത്തിന്റെ കൊച്ചു മകനായ മാമ്പറയ്ക്കൽ ആമിർ അലി എന്ന നായക കഥാപാത്രമായാണ് പൃഥ്വിരാജ് ഖലീഫയിൽ അഭിനയിക്കുന്നത്. 'പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് ആദ്യ വാരം ലണ്ടനിൽ ആണ് ചിത്രീകരണം ആരംഭിച്ചത്. ദുബായ്, ഇന്ത്യ, നേപ്പാൾ എന്നിവയാണ് ചിത്രത്തിൻ്റെ മറ്റ് പ്രധാന ലൊക്കേഷനുകൾ. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം - പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം 2026 ഓണം റിലീസായാണ് ഖലീഫയുടെ ആദ്യ ഭാഗം എത്തുക.
ഛായാഗ്രഹണം - ജോമോൻ ടി ജോൺ, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റിംഗ് - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മോഹൻദാസ്, ആക്ഷൻ - യാനിക്ക് ബെൻ, കോ ഡയറക്ടർ - സുരേഷ് ദിവാകർ, കോസ്റ്റ്യൂംസ് - മഷർ ഹംസ, കലാസംവിധാനം - വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് - അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് - ജാബിർ സുലൈം, ഫൈനൽ മിക്സ് - എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ - റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ് - ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ - കളർ പ്ലാനറ്റ്, വിഎഫ്എക്സ് - പ്രശാന്ത് നായർ (3ഡിഎസ്), സ്റ്റിൽസ് - സിനറ്റ് സേവ്യർ.
Content Highlights: Mohanlal joins shoot for Prithviraj film Khalifa today in kochi