ബോളിവുഡിൽ നിരവധി സിനിമകൾ നൽകിയ സംവിധായകനാണ് കരൺ ജോഹർ. സമീപകാലത്തതായി കരൺ ജോഹർ ശരീര ഭാരം കുറച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ താൻ എങ്ങനെയാണ് ഭാരം കുറച്ചതെന്ന് പറയുകയാണ് സംവിധായകൻ. ഒസെംപിക് എന്ന മരുന്നാണ് ഭാരം കുറയ്ക്കാൻ കരണിനെ സഹായിച്ചതെന്ന് ആ സമയത്ത് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ആ മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് കരൺ പറയുന്നു.
'എന്റെ അച്ഛൻ ഒരു സ്വപ്നലോകത്തായിരുന്നു. ഞാൻ വലുതാകുമ്പോൾ എന്റെ തടി കുറയും എന്നായിരുന്നു. പക്ഷേ 'അമ്മ അതിനോട് യോജിക്കില്ല. എന്നിട്ട് അച്ഛനോട് പറയും, 'നിങ്ങളെന്താണ് പറയുന്നത്? അവന് തടി വളരെ കൂടുതലാണ്'. ഞാനൊരു നായകനാവണമെന്നാണ് അച്ഛൻ ആഗ്രഹിച്ചത്. പക്ഷേ എനിക്കതിനുള്ള കഴിവില്ലെന്ന് അമ്മയും പറയും. അമ്മ എപ്പോഴും എന്നെ കുറ്റപ്പെടുത്താറുണ്ടായിരുന്നു.
കോളേജിൽ വെച്ചാണ് താനാദ്യമായി ശരീരഭാരം കുറയ്ക്കാൻ തീരുമാനിച്ചത്. കോളേജിൽ എത്തിയപ്പോൾ, എല്ലാവരും തന്നെക്കാൾ മെലിഞ്ഞവരാണ് എന്നത് ഞെട്ടിച്ചു. ഭാരം കുറയ്ക്കാനായി പ്രോട്ടീൻ കൂടുതലുള്ള ഡയറ്റ് പരീക്ഷിച്ച് ബോധരഹിതനായി. ക്ലാസിൽവെച്ചാണ് ബോധക്ഷയം സംഭവിച്ചത്. അതോടെ ആ ഡയറ്റ് എടുക്കുന്നതിൽ നിന്ന് അമ്മ വിലക്കി. ഞാനത് ചെയ്യുന്ന കാര്യം അമ്മയ്ക്കറിയില്ലായിരുന്നു. വെറും പ്രോട്ടീൻ മാത്രമാണ് ആ ഡയറ്റിൽ ഞാൻ കഴിച്ചിരുന്നത്. ഒൻപത് എഗ്-ചീസ് ഓംലെറ്റും പിന്നെ മറ്റു പ്രോട്ടീനുകളും. റൊട്ടിയോ ചോറോ ഒന്നുമില്ല. ഒപ്പം ഫ്രൈഡ് ചിക്കനും.
ആളുകൾ കരുതുന്നത് ഞാൻ ഒസെംപിക് കഴിച്ചാണ് ഭാരം കുറച്ചതെന്നാണ്. അതല്ല സത്യം. എനിക്ക് തൈറോയ്ഡ് പ്രശ്നമുണ്ടായിരുന്നു. പക്ഷേ അതെനിക്കറിയില്ലായിരുന്നു. പരിശോധനയിൽ അറിഞ്ഞശേഷം അതിനുള്ള മരുന്ന് കഴിക്കാൻ തുടങ്ങി. ഭക്ഷണത്തിൽനിന്ന് ഗ്ലൂട്ടൺ ഒഴിവാക്കി. ആൽമണ്ട് മിൽക്കും ഡയറ്റിൽ ഉൾപ്പെടുത്തി. പഞ്ചസാര പൂർണമായും വേണ്ടെന്നുവെച്ചു. ഈ മാറ്റങ്ങളും തൈറോയ്ഡ് മരുന്നുകളുമാണ് തടികുറച്ചത്. 'ദി മാന്യവർ ഷാദി ഷോ'യിലാണ് കരൺ ജോഹറിന്റെ പ്രതികരണം.
Content Highlights: Filmmaker Karan Johar spoke about his weight loss journey, sharing insights into lifestyle changes and health-focused discipline.