'ഉൻ പേരെന്നെ? ഹ ഹ ഹാസിനി..'; സന്തോഷ് സുബ്രമണ്യത്തിലെ സീൻ റീക്രിയേറ്റ് ചെയ്ത് രവി മോഹനും പേർളിയും

മികച്ച റെസ്പോൺസ് ആണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്

രവി മോഹനെ നായകനാക്കി മോഹൻ രാജ ഒരുക്കിയ റൊമാന്റിക് കോമഡി ചിത്രമാണ് സന്തോഷ് സുബ്രമണ്യം. ജെനീലിയ നായികയായി എത്തിയ സിനിമ വലിയ വിജയമാണ് നേടിയത്. സിനിമയിലെ ഗാനങ്ങളും ജെനീലിയയുടെ പ്രകടനവും ഏറെ കയ്യടി നേടിയിരുന്നു. രവി മോഹന്റെ കരിയറിലെ മികച്ച സിനിമകളിൽ ഒന്നായിട്ടാണ് സന്തോഷ് സുബ്രമണ്യം കണക്കാക്കപ്പെടുന്നത്. ഇപ്പോഴിതാ ഈ സിനിമയിലെ ഒരു ഹിറ്റ് സീൻ റീക്രിയേറ്റ് ചെയ്തിരിക്കുകയാണ് രവി മോഹൻ.

പേർളി മാണിയുമൊത്തുള്ള അഭിമുഖത്തിലാണ് ഇരുവരും സന്തോഷ് സുബ്രമണ്യത്തിലെ സീൻ റീക്രിയേറ്റ് ചെയ്തത്. മികച്ച റെസ്പോൺസ് ആണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. വീഡിയോയിൽ പേർളിയെ കാണാൻ നല്ല ഭംഗിയുണ്ടെന്നും ഇരുവരുടെയും കോമ്പോ രസമുണ്ടെന്നുമാണ് അഭിപ്രായങ്ങൾ. 'ജയം രവി അന്നും ഇന്നും ഒരുപോലെ തന്നെ', 'ഇതു കണ്ടപ്പോൾ ഒന്നുടെ ഫിലിം കാണാൻ തോന്നി', 'റിപീറ്റ് അടിച്ചു കണ്ടു' എന്നിങ്ങനെയാണ് വീഡിയോക്ക് ലഭിക്കുന്ന കമന്റുകൾ. പ്രകാശ് രാജ്, സന്താനം, സായാജി ഷിൻഡെ എന്നിവരായിരുന്നു സിനിമയിലെ മറ്റു അഭിനേതാക്കൾ.

അതേസമയം, സുധ കൊങ്കര ഒരുക്കിയ പരാശക്തിയാണ് ഇപ്പോൾ തിയേറ്ററിലുള്ള രവി മോഹൻ ചിത്രം. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് നടൻ എത്തുന്നത്. ശിവകാർത്തികേയൻ നായകനായി എത്തുന്ന സിനിമയ്ക്ക് മികച്ച അഭിപ്രായങ്ങൾ ആണ് ലഭിക്കുന്നത്. ചിത്രത്തിൽ ബേസിൽ ജോസഫും അഭിനയിക്കുന്നുണ്ട്. ശിവകാർത്തികേയനൊപ്പം അഥർവയും ശ്രീലീലയും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് പരാശക്തി ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം. അമരന് ശേഷം ജിവി പ്രകാശ് കുമാറും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന സിനിമയാണിത്.

150 കോടി മുതല്‍ മുടക്കിലായിരിക്കും സിനിമ ഒരുങ്ങുക എന്നാണ് ഇന്ത്യഗ്ലിറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സുധ കൊങ്കര നേരത്തെ സൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ വെച്ച് പ്രഖ്യാപിച്ച 'പുറനാനൂറ്' എന്ന ചിത്രമാണ് ഇപ്പോള്‍ പരാശക്തിയായി മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡോൺ പിക്‌ചേഴ്‌സിൻ്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്.

Content Highlights: Ravi Mohan and Pearly maaney recreated santhosh Subramaniam scene

To advertise here,contact us