വിജയ് ചിത്രം ജനനായകന്റെ റിലീസുമായി ബന്ധപ്പെട്ടു നിരവധി വിവാദങ്ങൾ ആണ് അരങ്ങേറുന്നത്. സെൻസർ ബോർഡിൽ നിന്ന് ഇതുവരെ സിനിമയ്ക്ക് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പ്രദര്ശനാനുമതി നല്കികൊണ്ട് സിംഗിള് ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് തടഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയുടെ നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.
മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ വെളിപ്പെടുത്തലുമായി 'ജനനായകൻ' നിർമാതാവ് രംഗത്തെത്തിയിട്ടുണ്ട്. കെവിഎൻ പ്രൊഡക്ഷൻസ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. സെൻസർ ബോർഡ് നീക്കങ്ങളിൽ അട്ടിമറി നടന്നെന്ന് നിർമ്മാതാവ് വെങ്കട്ട് കെ നാരായണ ആരോപിച്ചു. നിർദ്ദേശിച്ച മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടും സർട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
സെന്സര് ബോര്ഡ് ആദ്യം നിര്ദേശിച്ച മാറ്റങ്ങള് വരുത്തിയ ശേഷവും സര്ട്ടിഫിക്കറ്റ് നല്കാതെ മനപ്പൂര്വം റിലീസ് തടയുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ജനനായകന്റെ നിര്മാതാക്കള് കോടതിയെ സമീപിച്ചിരുന്നത്. ഇത് പരിഗണിച്ച ജസ്റ്റിസ് പി ടി ആശ അധ്യക്ഷയായ സിംഗിള് ബെഞ്ച് സെന്സര് ബോര്ഡ് നടപടികളെ വിമര്ശിക്കുകയും പ്രദര്ശനാനുമതി നല്കുകയുമായിരുന്നു. എന്നാല്, ഉടനടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചിനെ സിബിഎഫ്സി സമീപിക്കുകയായിരുന്നു. ഇതില് വാദം കേള്ക്കവേയാണ് റിലീസിന് അനുമതി നല്കിയ സിംഗിള് ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തത്. ജനുവരി 21നാണ് ഇനി ഹർജി പരിഗണിക്കുക എന്നും കോടതി വ്യക്തമാക്കിമാക്കിയിരുന്നു.
അതേസമയം, സിനിമയ്ക്കെതിരെ സെന്സര് ബോര്ഡ് എടുത്ത നടപടികളെ വിമര്ശിച്ചുകൊണ്ടായിരുന്നു നേരത്തെ സിംഗിള് ബെഞ്ച് റിലീസിന് ഉത്തരവ് നല്കിയത്. ജനനായകനെതിരെ സെന്സര് ബോര്ഡ് അംഗം നല്കിയ പരാതി ചട്ടവിരുദ്ധമാണെന്നും ഇവ പരിഗണിക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും പറഞ്ഞിരുന്നു. സെന്സര് ബോര്ഡ് ചെയര്മാന് ആണ് ചിത്രത്തിനെ റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടത്. എന്നാല് സെന്സര് ബോര്ഡ് ചെയര്മാന് അതിന് അധികാരമില്ലെന്നും ഇല്ലാത്ത അധികാരമാണ് ചെയര്മാന് ഉപയോഗിച്ചതെന്ന വിമര്ശനവും സിംഗിള് ബെഞ്ച് ഉയര്ത്തിയിരുന്നു.
സിനിമയ്ക്ക് റീജിയണല് സെന്സര് ബോര്ഡ് നിര്ദ്ദേശിച്ച മാറ്റങ്ങള് മാത്രമാണ് ബാധകം. സിനിമ കണ്ട ശേഷം സെന്സര് ബോര്ഡ് നിര്ദേശിച്ച മാറ്റങ്ങള് അണിയറ പ്രവര്ത്തകര് വരുത്തിയാല് സ്വാഭാവികമായും സര്ട്ടിഫിക്കറ്റ് നല്കണം. അതാണ് രീതിയെന്നും സിംഗിള് ബെഞ്ച് സെന്സര് ബോര്ഡിനെ ഓര്മിപ്പിച്ചിരുന്നു. എന്നാല് ഇപ്പോള് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്
ജനുവരി 9 നായിരുന്നു ജനനായകന്റെ ആദ്യത്തെ റിലീസ് ഡേറ്റ്. സിനിമയ്ക്ക് സെന്സര് സര്ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്ന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ച തീയതിയില് നിന്നും സിനിമ മാറ്റിവെച്ചത്. പലയിടത്തും സിനിമയുടെ ബുക്കിംഗ് ഉള്പ്പടെ ആരംഭിച്ചിരുന്നു. തുടര്ന്ന് ഈ ടിക്കറ്റുകള് എല്ലാം റീഫണ്ട് ചെയ്യുകയായിരുന്നു. ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ ഡബ്ബ് ചെയ്ത പതിപ്പുകള്ക്ക് അനുമതി നല്കുന്നതിനുമുമ്പ് ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ സര്ട്ടിഫിക്കേഷന് ആവശ്യമാണ്.
റിലീസ് പ്രതിസന്ധികള് നേരിടുന്നുണ്ടെങ്കിലും ജനനായകന് ആദ്യ ദിനം വലിയ കളക്ഷന് നേടുമെന്നാണ് കണക്കുകൂട്ടല്. തെലുങ്കില് ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകന് എന്നാണ് ഇതുവരെയുള്ള വിവരം. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില് ബോബി ഡിയോള്, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്, നരേന്, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന് താരനിരയാണ് അണിനിരക്കുന്നത്. കെ വി എന് പ്രൊഡക്ഷന്റെ ബാനറില് വെങ്കട്ട് നാരായണ നിര്മിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എന് കെയുമാണ് സഹനിര്മാണം.
Content Highlights: The film Jananayakan has moved the Supreme Court after the Censor Board declined to issue the required screening certificate.