യഷിന്റെ ഇങ്ങനെ ഒരു ഇൻട്രോ നിങ്ങളാരും കണ്ട് കാണില്ല! ഞെട്ടിച്ച് ഗീതു മോഹൻദാസ്; 'ടോക്സിക്' ടീസർ പുറത്ത്

പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുന്ന തരത്തിലാണ് യഷിന്റെ ഇൻട്രോ ഒരുക്കിയിരിക്കുന്നത്

കെജിഎഫ് എന്ന ബ്രഹ്മാണ്ഡ സിനിമയ്ക്ക് ശേഷം യഷ് നായകനായി എത്തുന്ന ചിത്രമാണ് 'ടോക്സിക്'. ഗീതു മോഹൻദാസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ നടൻ യഷിന്റെ പിറന്നാൾ പ്രമാണിച്ച് സിനിമയുടെ ടീസർ പുറത്തുവന്നിരിക്കുകയാണ്. യഷ് അവതരിപ്പിക്കുന്ന റയ എന്ന കഥാപാത്രത്തിന്റെ ഇൻട്രോ ആണ് ടീസറിലെ ഉള്ളടക്കം. പക്കാ ഹോളിവുഡ് സിനിമയെന്ന് തോന്നിപ്പിക്കുന്ന തരം വിഷ്വലുകൾ ആണ് സിനിമയിൽ ഉള്ളതെന്ന സൂചനയാണ് ടീസർ നൽകുന്നത്. പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുന്ന തരത്തിലാണ് യഷിന്റെ ഇൻട്രോ ഒരുക്കിയിരിക്കുന്നത്.

സിനിമയിൽ അഞ്ച് നായികമാരാണ് ഉള്ളത്. ഇവരുടെയെല്ലാം പോസ്റ്ററുകൾ നേരത്തെ പുറത്തുവന്നിരുന്നു. നേരത്തെ സിനിമയുടെ ഒരു അനൗൺസ്‌മെന്റ് ടീസർ പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചത്. അടുത്ത വർഷം മാർച്ച് 19 ന് ചിത്രം ആഗോളതലത്തിൽ റീലീസ് ചെയ്യുമെന്ന് നിർമാണ കമ്പനിയായ കെ വി എൻ പ്രൊഡക്ഷൻസ് അറിയിച്ചു. സിനിമ ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ഒരുങ്ങുന്നത്. ടോക്സിക് പറയുന്ന കഥയ്ക്ക് ആഗോള സ്വഭാവമുളളതിനാൽ ഇതൊരു പാൻ വേൾഡ് സിനിമയായി ഒരുക്കുക എന്ന തീരുമാനത്തിലാണ് അണിയറപ്രവർത്തകർ. ഇതിനാലാണ് കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോർട്ട്. മാത്രല്ല മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് സിനിമ ഡബ് ചെയ്യുമെന്ന വിവരവുമുണ്ട്.

കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. നേരത്തെ യഷും ഗീതുവും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു എന്നും സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ തുടര്‍ന്ന് ഇതില്‍ വിശദീകരണം എന്നവണ്ണം ചിത്രത്തിന്റെ റിലീസ് പോസ്റ്ററുമായി നിര്‍മാതാക്കള്‍ എത്തിയിരുന്നു.

Content Highlights: Geethu Mohandas film Toxic starring Yash teaser suprises everyone

To advertise here,contact us