

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. റിലീസായ ആദ്യ ദിനങ്ങളിൽ തണുപ്പൻ സ്വീകാര്യത ആയിരുന്നു സിനിമയ്ക്ക് ലഭിച്ചത്. എന്നാൽ പിന്നീട് അങ്ങോട്ട് ആരാധകർ സിനിമ ഏറ്റെടുക്കുകയായിരുന്നു. ഇപ്പോഴിതാ സിനിമയുടെ വിജയത്തിൽ നന്ദി പറഞ്ഞുകൊണ്ട് എത്തുകയാണ് സാറ അർജുൻ. പ്രേക്ഷകരുടെ സ്നേഹമൊന്നും താൻ കാണാതെ പോയിട്ടില്ലെന്നും തനിക്ക് ലഭിച്ച സ്നേഹവും പ്രോത്സാഹനവും കരുതലും കണ്ട് കണ്ണ് നനയുന്നുണ്ടെന്നും നടി പറഞ്ഞു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടാണ് പ്രതികരണം.
'ദൈവത്തിന് മുൻപിലും ഒപ്പം നിങ്ങൾക്ക് മുൻപിലും ആത്മാർത്ഥമായ നന്ദിയോടെ ഞാൻ ശിരസ്സ് നമിക്കുന്നു. ഞാൻ എൻ്റെ യാത്ര തുടങ്ങുന്നതേയുള്ളൂ. ഞാൻ ഭാഗമായ ഒരു സിനിമയ്ക്കും ഞാൻ ചെയ്യാൻ ശ്രമിക്കുന്ന ജോലിക്കും ഇത്ര നേരത്തെ തന്നെ വലിയ പ്രോത്സാഹനം ലഭിക്കുന്നത് വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണ്, അത് തനിക്ക് കൂടുതൽ കരുത്ത് പകരുന്നു.
പ്രേക്ഷകർക്ക് ദൈർഘ്യമേറിയ കഥപറച്ചിലിനോട് താത്പര്യമില്ലെന്നും അത്തരം സിനിമകൾക്ക് പഴയതുപോലെ പ്രസക്തിയില്ലെന്നും കുറേകാലമായി പറയപ്പെടുന്നുണ്ട്. എന്നാൽ അത് തെറ്റാണെന്ന് ധുരന്ധറിന്റെ പ്രേക്ഷകർ തെളിയിച്ചു. പ്രേക്ഷകരുടെ കരുത്ത് എന്താണെന്നും ആത്മാർത്ഥമായി വിശ്വസിക്കുന്ന ഒന്നിന് വേണ്ടി ആളുകൾ ഒത്തുചേരുമ്പോൾ എന്ത് സംഭവിക്കുമെന്ന് പ്രേക്ഷകർ എല്ലാവരേയും ഓർമിപ്പിച്ചു. പ്രേക്ഷകർ നൽകിയ സ്നേഹവും പിന്തുണയുമാണ് ധുരന്ധറിന്റെ മുന്നേറ്റത്തിന് കാരണം. അതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. കലാകാരന്മാരും നിർമാതാക്കളുമെന്ന നിലയിൽ അണിയറയിലെ കാര്യങ്ങൾ നിയന്ത്രിക്കാൻ തങ്ങൾക്കാവുമെങ്കിലും പ്രേക്ഷകരുടെമേൽ യാതൊരു നിയന്ത്രണവുമില്ല. അതാണ് കലയുടെ സൗന്ദര്യം.
ധുരന്ധറിന്റെ കഥ നിങ്ങളിലേക്ക് എത്തിയെന്ന് അറിയുന്നത് ഒരു വലിയ വിജയമാണ്; പക്ഷെ ആ വിജയത്തിന്റെ ക്രെഡിറ്റ് എനിക്കുള്ളതല്ല. അത് ഈ സിനിമയുടെ സൃഷ്ടാക്കൾക്കുള്ളതാണ്. ഇതിന്റെ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ നന്ദിയുള്ളവളാണ്. അതിലുപരി, ഈ വിജയം നിങ്ങളുടേതാക്കി മാറ്റിയതിൽ എനിക്ക് അതിയായ കടപ്പാടുണ്ട്,' സാറ അർജുൻ കുറിച്ചു.
ചിത്രത്തിൽ സാറ അർജുൻ ആണ് രൺവീറിന് നായികയായി എത്തുന്നത്. ഈ കാസ്റ്റിംഗിൽ നിരവധി വിമർശനങ്ങൾ വന്നിരുന്നു. ഇരുവരുടെയും പ്രായമായിരുന്നു വലിയ പ്രശ്നം. ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. 'ഉറി ദ സർജിക്കൽ' സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. ചിത്രത്തിലെ രൺവീറിന്റെയും മറ്റു അഭിനേതാക്കളുടെയും പ്രകടനങ്ങൾ കയ്യടി നേടുന്നുണ്ട്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ അടുത്ത ഭാഗം 2026 മാർച്ചിൽ റിലീസ് ചെയ്യും.