

എന്നു നിന്റെ മൊയ്തീന്, കൂടെ, മൈ ലവ് സ്റ്റോറി എന്നീ ചിത്രങ്ങള്ക്ക് ശേഷം പാര്വതിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് നോബഡി. സിനിമയുടേതായി ഇതുവരെ രണ്ട് പോസ്റ്ററുകൾ മാത്രമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുകയാണെന്ന് പറയുകയാണ് പാർവതി തിരുവോത്ത്. സിനിമയിൽ തന്റെ ഭാഗങ്ങൾ ചിത്രീകരിച്ചു കഴിഞ്ഞെന്നും പാർവതി പറഞ്ഞു. മലയാള സിനിമയിൽ ഇതുവരെ പരീക്ഷിക്കാത്ത ഒരു സിനിമയാണ് നോബഡി എന്നും പാർവതി പറഞ്ഞു.
'നോബഡി സിനിമയുടെ ചിത്രീകരണം പൂർത്തിയാകുന്നതേയുള്ളൂ. അതിൽ എന്റെ ഭാഗങ്ങളുടെ ചിത്രീകരണം കഴിഞ്ഞു. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുകയാണ്, പിക്ക് അപ്പ് ഷൂട്ടിന്റെ തിരക്കുകളിലാണ്. ഇപ്പോൾ എനിക്ക് സിനിമയെക്കുറിച്ച് ഇതൊരു സോഷ്യൽ കമന്ററി എന്ന് മാത്രമേ പറയാൻ കഴിയൂ. പക്ഷെ അതിനേക്കാൾ എല്ലാം എത്രയോ കൂടുതലാണ്. ഇതുവരെ നമ്മൾ മലയാളം സിനിമയിൽ കാണാത്ത വ്യത്യസ്ത തരം സിനിമ മേക്കിങ് ആണ് ഇത്. ഞാൻ ഭാഗമാകുന്ന സിനിമകളിൽ ശക്തമായ ഒരു പൊളിറ്റിക്സ് പറയുന്ന കഥകളാണ് കൂടുതലും,' പാർവതി തിരുവോത്ത് പറഞ്ഞു.
ഇ4 എന്റർടൈൻമെന്റ്സും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രമാണ് ' ഐ, നോബഡി'. സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നായകനായ റോഷാക് എന്ന ചിത്രത്തിന്റെ സംവിധായകനാണ് നിസാം ബഷീർ. ആസിഫ് അലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രമായിരുന്നു നിസാം ബഷീറിന്റെ ആദ്യ സംവിധാനം.
ഇബിലീസ്, റോഷാക്, അഡ്വെൻജേഴ്സ് ഓഫ് ഓമനക്കുട്ടൻ എന്നീ സിനിമകൾക്ക് തിരക്കഥയൊരുക്കിയ സമീർ അബ്ദുളാണ് ' ഐ, നോബഡി' എന്ന ചിത്രത്തിന്റെയും കഥ. അശോകന്, മധുപാല്, ഹക്കിം ഷാജഹാന്, ലുക്മാന്, ഗണപതി, വിനയ് ഫോര്ട്ട് എന്നിവരും ചിത്രത്തില് പ്രധാനവേഷങ്ങള് അവതരിപ്പിക്കുന്നു. അനിമല്, അര്ജുന് റെഡ്ഡി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹര്ഷ്വര്ധന് രാമേശ്വര് ആണ് ചിത്രത്തിന്റെ സംഗീതം. ദിനേശ് പുരുഷോത്തമനാണ് ഛായാഗ്രാഹണം.
Content Highlights:‘Nobody’ shoot underway: Parvathy Thiruvothu shares update on film with Prithviraj