പുഷ്പയുടെ റെക്കോർഡ് വെട്ടി ധുരന്ദർ; രൺവീർ ചിത്രം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിയത് 285 കോടി നൽകി

ധുരന്ദർ ഒടിടി റൈറ്റ്സ് റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. മികച്ച പ്രതികരണങ്ങൾ നേടി സിനിമ ഇപ്പോൾ തിയേറ്ററിൽ മുന്നേറുകയാണ്. റീലീസ് ചെയ്ത് ചിത്രം ഒരു മാസത്തിനോട് അടുക്കുമ്പോൾ ഞെട്ടിക്കുന്ന കളക്ഷൻ ആണ് ചിത്രം നേടുന്നത്. ആഗോളതലത്തിൽ സിനിമ 1000 കോടി ക്ലബ്ബിൽ ഇടം നേടി കഴിഞ്ഞു. ഇപ്പോഴിതാ സിനിമയ്ക്ക് വമ്പൻ ഒടിടി ഡീൽ ആണ് ലഭിച്ചിരിക്കുന്നത്. 285 രൂപയ്ക്ക് സിനിമയുടെ ഒ ടി ടി റൈറ്റ്സ് നെറ്ഫ്ലിക്സ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ഒരു ബോളിവുഡ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഡീൽ ആണിത്.

വമ്പൻ വിജയം നേടിയ പുഷ്പ 2 സിനിമയുടെ ഒ ടി ടി ഡീൽ 275 കോടിയ്ക്ക് വിട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഈ റെക്കോർഡ് മറികടന്നിരിക്കുകയാണ് രൺവീർ സിങ്ങിന്റെ ‘ധുരന്ദർ'. സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, തമിഴ് എന്നീ ഭാഷകളിലായി 2026 മാർച്ച് 19 ന് ചിത്രം തിയേറ്ററുകളിൽ എത്തും. കേരളത്തിലും വലിയ വരവേൽപ്പാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. 'ഉറി ദ സർജിക്കൽ' സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. ചിത്രത്തിലെ രൺവീറിന്റെയും മറ്റു അഭിനേതാക്കളുടെയും പ്രകടനങ്ങൾ കയ്യടി നേടുന്നുണ്ട്.

അതേസമയം, ചിത്രം പ്രൊപ്പഗാണ്ട ആണ് എന്ന് പറയുന്ന യൂട്യൂബർ ധ്രുവ് റാഠിയുടെ വീഡിയോ വൈറലാകുകയാണ്. മികച്ച രീതിയില്‍ ചിത്രീകരിച്ച ഒരു പ്രൊപ്പഗാണ്ട സിനിമയാണ് ധുരന്ദർ എന്നും ഒരു സിനിമ എത്ര നന്നായി നിർമ്മിച്ചാലും അത് എപ്പോഴും ‘പ്രൊപ്പഗാണ്ട’ മാത്രമാണെന്നും ധ്രുവ് തന്റെ വീഡിയോയിലൂടെ പറഞ്ഞു. ദി താജ് സ്റ്റോറി, ദി ബംഗാൾ ഫയല്‍സ് പോലുള്ള സിനിമകളേക്കാൾ അപകടകരമായ സിനിമയാണ് ധുരന്ദർ എന്ന് ധ്രുവ് വീഡിയോയിൽ കൂട്ടിച്ചേർത്തു.

ധുരന്ദറിലെ കഥപറച്ചിലിനെ അംഗീകരിച്ചെങ്കിലും അതിന്റെ രാഷ്ട്രീയ നിലപാടിനോട് വിയോജിപ്പ് പ്രകടിപ്പിച്ച നടൻ ഹൃത്വിക് റോഷന്റെ അഭിപ്രായങ്ങളെയും ധ്രുവ് വിമര്‍ശിക്കുന്നുണ്ട്. ‘സിനിമയുടെ രാഷ്ട്രീയത്തോട് താൻ യോജിക്കുന്നില്ലെങ്കിലും കഥപറച്ചിൽ വളരെ മികച്ചതായിരുന്നുവെന്ന് ഹൃത്വിക് റോഷൻ പറഞ്ഞു. അദ്ദേഹം ഉദ്ദേശിക്കുന്നത് പ്രൊപ്പഗാണ്ടയാണെങ്കില്‍ പോലും സിനിമ നന്നായി നിർമ്മിക്കപ്പെട്ടിരിക്കുന്നു എന്നാണ്. പക്ഷേ, ഒരു സിനിമ എത്ര നന്നായി നിർമ്മിച്ചാലും അത് എപ്പോഴും ‘പ്രൊപ്പഗാണ്ട’ മാത്രമാണെന്ന് ഞാന്‍ പറയും’ ധ്രുവ് റാഠിയുടെ വാക്കുകൾ.

Content Heighlights:  Netflix acquires Dhurandar OTT rights for record amount

To advertise here,contact us