പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത് അയ്യത്താനും ഒന്നിച്ചൊരുക്കിയ ചിത്രമാണ് എക്കോ. സിനിമ തിയേറ്ററിൽ വമ്പൻ അഭിപ്രായമാണ് സ്വന്തമാക്കിയത്. മികച്ച കളക്ഷനും ചിത്രത്തിന് ലഭിച്ചിരുന്നു. ഇപ്പോഴിതാ ഒടിടി റിലീസിന് വേഷം സിനിമ വീണ്ടും ചർച്ചയിൽ ഇടം നേടുകയാണ്.
മികച്ച വരവേൽപ്പാണ് സിനിമയ്ക്ക് ഒടിടിയിലും ലഭിക്കുന്നത്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം ആർ കെ ജയറാം നിർമ്മിക്കുന്ന എക്കോയിൽ സന്ദീപ് പ്രദീപ്, സൗരബ് സച്ചിദേവ് ,വിനീത്, നരേൻ,അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ, സീ ഫൈ, രഞ്ജിത് ശങ്കർ, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.
സന്ദീപ് പ്രദീപിന്റെ കരിയർ ബെസ്റ്റ് പ്രകടനം നൽകുന്ന എക്കോയിൽ വലുതും ചെറുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങൾ ഓരോരുത്തരും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ആലപ്പുഴ ജിംഖാനയായിരുന്നു സന്ദീപിന്റെ ഈ വർഷത്തെ ആദ്യ ചിത്രം. പിന്നാലെ എത്തിയ ‘പടക്കള’ത്തിലൂടെ സന്ദീപ് നടനെന്ന നിലയിൽ തന്റെ ഗ്രാഫ് കുത്തനെ ഉയർത്തി. ‘എക്കോ’യിലൂടെയാണ് സന്ദീപ് തന്റെ കയ്യിൽ വില്ലൻ വേഷവും ഭദ്രമാണെന്ന് തെളിയിച്ചത്. സിനിമയുടെ റിലീസിന് ശേഷം മികച്ച അഭിപ്രായമാണ് സന്ദീപിന്റെ പ്രകടനത്തിന് ലഭിച്ചത്. ഇപ്പോൾ ഒടിടിയിലും എക്കോ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.
മുജീബ് മജീദിന്റെ സംഗീത സംഗീതം, സൂരജ് ഇ.എസ് ന്റെ എഡിറ്റിംഗ് സജീഷ് താമരശ്ശേരിയുടെ കലാസംവിധാനവും വിഷ്ണു ഗോവിന്ദിന്റെ ഓഡിയോയോഗ്രാഫിയും ചിത്രത്തിന് മുതൽക്കൂട്ടാകുന്നു. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യും. സിനിമയുടെ ബജറ്റിന്റെ 75 ശതമാനത്തോളം ഒടിടി റൈറ്റ്സ് വഴി ചിത്രം തിരിച്ചുപിടിച്ചു എന്നും ചില ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Content Highlights: Eko continues to receive positive reviews even after its OTT release