'ഭയങ്കര കഷ്ടമാണ്,അടിയൊക്കെയാണ്'; അമ്മ ഒരിക്കലും കാണാത്ത മോഹൻലാലിന്റെ മൂന്ന് സിനിമകൾ

'ഭയങ്കര കഷ്ടമാണ് അത്. അടിയൊക്കെയാണ്. അവസാന ഭാ​ഗം ആയപ്പോൾ ഞാൻ എഴുന്നേറ്റ് പോയി'

മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി വിടവാങ്ങി. കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. മകൻ മലയാളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളായി വാഴുമ്പോഴും മോഹൻലാലിന്റെ മൂന്ന് സിനിമകൾ കാണാൻ ശാന്തകുമാരി തയ്യാറായിട്ടില്ല. വർഷങ്ങൾക്ക് മുൻപ് ശാന്തകുമാരി അമ്മ നൽകിയ ഒരു അഭിമുഖത്തിൽ മകന്റെ കാണാത്ത സിനിമകളെക്കുറിച്ച് മനസുതുറന്നിട്ടുണ്ട്.

മോഹൻലാലിന്റെ കിരീടം, ചെങ്കോൽ, താളവട്ടം എന്നീ ചിത്രങ്ങളാണ് ഇതുവരെ ശാന്തകുമാരി കാണാത്ത മോഹൻലാൽ സിനിമകൾ. 'കിരീടവും ചെങ്കോലും ഞാൻ കാണത്തില്ല. ഭയങ്കര കഷ്ടമാണ് അത്. അടിയൊക്കെയാണ്. എനിക്ക് കാണണ്ട. ചെങ്കോൽ ഞാൻ കണ്ടിട്ടേ ഇല്ല. കിരീടം ആദ്യം കുറച്ച് കണ്ടു. പിന്നെ എനിക്ക് കാണണ്ട, താളവട്ടവും ഞാൻ കണ്ടിട്ടില്ല. അതൊന്നും കാണുകയും ഇല്ല. കിലുക്കം പോലുള്ള സിനിമകൾ കാണാൻ ഇഷ്ടമാണ്. ചിത്രം അവസാന ഭാ​ഗം ആയപ്പോൾ ഞാൻ എഴുന്നേറ്റ് പോയി', അമ്മയുടെ വാക്കുകൾ.

ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരത്തിന് നേടി കൊച്ചിയിലെത്തിയ മോഹൻലാൽ ആദ്യം സന്ദർശിച്ചത് കൊച്ചി എളമക്കരയിലെ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന അമ്മയെയായിരുന്നു. അമ്മയുടെ കഴിഞ്ഞ പിറന്നാള്‍ കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും പങ്കെടുപ്പിച്ച് മോഹന്‍ലാല്‍ ആഘോഷമാക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ കുറെയേറെ വർഷമായി ചികിത്സയിലിരിക്കെയാണ് ശാന്തുമാരിയുടെ വിയോ​ഗം. അമൃത ആശുപത്രിയിലായിരുന്നു ചികിത്സ. വിയോഗസമയത്ത് മോഹൻലാലും ഭാര്യ സുചിത്രയും വീട്ടിലുണ്ടായിരുന്നു. നടന്മാരായ മമ്മൂട്ടി, ജയസൂര്യ, രമേശ് പിഷാരടി, ആന്റോ ജോസഫ്, ഹൈബി ഈഡൻ എംപി എന്നിവരും എളമക്കരയിലെ മോഹൻലാലിന്റെ വസതിയിൽ എത്തി.

Content Highlights: Mohanlal's mother santhakumari have not seen three of his movies

To advertise here,contact us