അടുത്ത ഓണം ബേസിൽ തൂക്കുമല്ലോ; 'അതിരടി' പവറിൽ സാം കുട്ടി എത്തുന്നു

സാം കുട്ടി aka Samboy എന്ന് കഥാപാത്രത്തിന്റെ പേരും രസകരമായാണ് അതിരടി ടീം പുറത്തുവിട്ടിരിക്കുന്നത്.

ബേസിൽ ജോസഫ് ആദ്യമായി നിർമാതാവാകുന്ന അതിരടി എന്ന സിനിമയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ബേസിൽ ജോസഫിന്റെ കഥാപാത്രത്തെയാണ് അണിയറ പ്രവർത്തകർ പരിചയപ്പെടുത്തിയിരിക്കുന്നത്. സാം കുട്ടി അഥവാ സാംബോയ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ബേസിൽ ജോസഫ് പുതിയ ലുക്കിലാണ് ചിത്രത്തിൽ എത്തുന്നത്.

ബേസിലിനൊപ്പം ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരുടെയും ക്യാരക്ടർ പോസ്റ്ററുകളും വൈകാതെ പുറത്തുവരുമെന്നാണ് കരുതുന്നത്. 2026ൽ ഓണം റിലീസായാണ് ചിത്രം എത്തുക എന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്‌മെന്റ് വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു പക്കാ ആക്ഷൻ ഫൺ പടമാകും ഇതെന്ന സൂചനയാണ് പ്രൊമോ വീഡിയോ നൽകിയത്.

കോളേജ് പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. കാഴ്ചയിലും സ്വഭാവത്തിലും വ്യത്യസ്ത ധ്രുവങ്ങളിലുള്ള കഥാപാത്രങ്ങളെയാണ് ബേസിലും വിനീതും ടൊവിനോയും അവതരിപ്പിക്കുന്നതെന്ന് ടീസറിൽ വ്യക്തമായിരുന്നു. ഇവർ തമ്മിലുള്ള സൗഹൃദവും പരസ്പരമുള്ള പോരുമെല്ലാം ചിത്രത്തിൽ വിഷയമാകുമെന്നാണ് പ്രതീക്ഷ.

മിന്നൽ മുരളി, പടയോട്ടം തുടങ്ങിയ സിനിമകൾക്ക് തിരക്കഥയൊരുക്കിയ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡോക്ടർ അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോക്ടർ അനന്തുവിനൊപ്പം ചേർന്നാണ് ബേസിൽ ജോസഫ് ആദ്യ ചിത്രം നിർമ്മിക്കുന്നത്. ബേസിലിന്റെ നിർമാണ കമ്പനിയായ 'ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്‌സിന്റെ' ആദ്യ സിനിമ കൂടിയാണിത്. സമീർ താഹിറും ടൊവിനോ തോമസുമാണ് സിനിമയുടെ സഹനിർമാതാക്കൾ.

പോൾസൺ സ്‌കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. വിഷ്ണു വിജയ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ചമൻ ചാക്കോ ആണ് സിനിമയുടെ എഡിറ്റർ. പ്രൊഡക്ഷൻ ഡിസൈനർ - മാനവ് സുരേഷ്, കോസ്റ്റ്യൂം - മഷർ ഹംസ, മേക്കപ്പ് - റൊണക്‌സ് സേവ്യർ, സൗണ്ട് ഡിസൈനർ - നിക്‌സൺ ജോർജ്, വരികൾ - സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ - ആന്റണി തോമസ്, എക്‌സികുട്ടീവ് പ്രൊഡ്യൂസർ- നിഖിൽ രാമനാഥ്, അമൽ സേവ്യർ മനക്കത്തറയിൽ, വിഎഫ്എക്‌സ് - മൈൻഡ്‌സ്റ്റെയിൻ സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുകു ദാമോദർ, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, ടൈറ്റിൽ ഡിസൈൻ - സർക്കാസനം, പിആർഒ - വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ.

Content Highlights: Basil Joseph-Tovino-Vineeth Sreenivasan movie Athiradi movie

To advertise here,contact us