'അടുത്ത സിനിമയിൽ തിരുത്താൻ ശ്രമിക്കും'; കൂലിയ്ക്ക് ലഭിച്ച വിമർശനങ്ങളിൽ പ്രതികരിച്ച് ലോകേഷ് കനകരാജ്

'ഇത്രയധികം വിമർശനങ്ങൾ വന്നപ്പോഴും രജനികാന്ത് സാറിനുവേണ്ടി ജനങ്ങൾ ചിത്രം കണ്ടു'

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ കൂലി ഈ വർഷത്തെ ഏറ്റവും ഹൈപ്പിൽ പുറത്തിറങ്ങിയ സിനിമയാണ്. എന്നാൽ സിനിമ തിയേറ്ററിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടിയത്. ചിത്രം പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെന്നും ലോകേഷ് നിരാശപ്പെടുത്തിയെന്നും കമന്റുകൾ വന്നിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് ലഭിച്ച വിമർശനങ്ങളിൽ മറുപടി പറയുകയാണ് ലോകേഷ് കനകരാജ്.

'കൂലിക്കെതിരെ ആയിരക്കണക്കിന് വിമർശനങ്ങളാണ് ഉയർന്നത്. അതെല്ലാം എന്റെ അടുത്ത ചിത്രത്തിൽ തിരുത്താൻ ഞാൻ ശ്രമിക്കും. ഇത്രയധികം വിമർശനങ്ങൾ വന്നപ്പോഴും രജനികാന്ത് സാറിനുവേണ്ടി ജനങ്ങൾ ചിത്രം കണ്ടു. ചിത്രം 500 കോടി കളക്ട് ചെയ്തുവെന്നാണ് നിർമാതാവ് എന്നോട് പറഞ്ഞത്. എല്ലാവർക്കും നന്ദി', എന്നായിരുന്നു ലോകേഷിന്റെ വാക്കുകൾ.

ആഗോള ബോക്സ് ഓഫീസിൽ ചിത്രം 500 കോടി നേടിയിരുന്നു. ഇതുവരെ ലോകേഷ് സംവിധാനം ചെയ്ത സിനിമകളിൽ ഏറ്റവും മോശം ചിത്രമാണ് കൂലിയെന്നാണ് ആരാധകർ പറയുന്നത്. റിലീസിന് മുന്നേയുള്ള ഹൈപ്പിനൊപ്പം ഉയരാൻ സിനിമയ്ക്ക് ആയിട്ടില്ല. സിനിമയിലെ പല സീനുകളെയും വിടാതെ ട്രോളന്മാർ പിടിച്ചിട്ടുണ്ടെങ്കിലും ഫ്ലാഷ് ബാക് സീനുകൾ പ്രശംസിക്കാനും ഇക്കൂട്ടർ മറന്നിട്ടില്ല.

ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 235 കോടി രൂപ കൂലി നേടിയെന്നാണ് റിപ്പോർട്ട്. ആദ്യ ദിനം ചിത്രം ആഗോള മാർക്കറ്റിൽ നിന്ന് 151 കോടിയാണ് നേടിയത്. നിർമാതാക്കളായ സൺ പിക്ചേഴ്സ് തന്നെയാണ് കളക്ഷൻ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഒരു തമിഴ് സിനിമ ആഗോള തലത്തിൽ നിന്ന് നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം.

#LokeshKanagaraj about #Coolie :"Coolie received 1000s of criticisms.. I'll try to rectify it in my next film.. Even with those criticisms, people watched the film for #Rajinikanth sir.. Producer told me the film collected 500crs.. Thanks to everyone.."pic.twitter.com/iBucccatjI

ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിച്ച ചിത്രമാണ് കൂലി. ആഗോള തലത്തിൽ അഡ്വാൻസ് ബുക്കിങ്ങിലൂടെ കൂലി 100 കോടി നേടിയെന്ന റിപ്പോർട്ടുകളും എത്തിയിരുന്നു. അതിവേഗം 100 കോടി ക്ലബിലെത്തുന്ന ആദ്യത്തെ തമിഴ് സിനിമ കൂടിയാണിത് ഇത്.

Content Highlights: Lokesh kanakaraj about criticisms on rajini film coolie

To advertise here,contact us