‘ലിയോ’ സിനിമയിൽ തെന്നിന്ത്യൻ പ്രേക്ഷകരെ മുഴുവൻ അദ്ഭുതപ്പെടുത്തിയ അതിഥി വേഷമായിരുന്നു മഡോണ സെബാസ്റ്റ്യന്റേത്. ചിത്രത്തിന്റെ റിലീസ് വരെ ലോകേഷ് രഹസ്യമായി സൂക്ഷിച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു മഡോണയുടെ എലിസാ ദാസ്. സിനിമയിലെ 'നാൻ റെഡി താൻ' എന്ന ഗാനത്തിലായിരുന്നു മഡോണ എത്തിയിരുന്നത്. ഇപ്പോഴിതാ സിനിമയിൽ സ്ഥിരം കാണുന്ന തങ്കച്ചി വേഷമായിരിക്കുമേ എന്ന പേടി തനിക്ക് ഉണ്ടായിരുന്നുവെന്നും ലോകേഷിനോട് ഇക്കാര്യം നേരത്തെ ചോദിച്ച ശേഷമാണ് സിനിമയിൽ ജോയിൻ ചെയ്തതെന്നും മഡോണ പറഞ്ഞു.
'ലിയോയിൽ വിജയിയുടെ അനിയത്തി കഥാപാത്രമാണെന്നറിഞ്ഞപ്പോൾ 'ടിപ്പിക്കൽ' തങ്കച്ചി വേഷമായിരിക്കുമേ എന്നായിരുന്നു ടെൻഷൻ.ലോകേഷിനോട് ഇക്കാര്യം ചോദിക്കുകയും ചെയ്തിരുന്നു. 'ധൈര്യമാ വാങ്കോ' എന്നായിരുന്നു മറുപടി 'നാൻ റെഡി താൻ' പാട്ടിന്റെ സെറ്റിലേക്കാണ് ഞാൻ ചെല്ലുന്നത്. കഥാപാത്രത്തെക്കുറിച്ച് വിശദമായി അറിയുന്നത് ഓൺ സ്പോട്ടിലാണ്. ഡാൻസ് ചെയ്യുമോ? ചെയ്യാം… ഫൈറ്റ് ചെയ്യുമോ? ചെയ്യാം…. എന്ന രീതിയിലാണു ഷൂട്ട് തുടങ്ങുന്നത് കരിയറിലെ മികച്ച കഥാപാത്രമായി മാറി അത്,' മഡോണ പറഞ്ഞു.
'പ്രേമം' റിലീസാകും മുൻപ് തന്നെ 'കാതലും കടന്തു പോകും' എന്ന തമിഴ് സിനിമയുടെ ഷൂട്ട് തുടങ്ങിയിരുന്നു. പ്രേമത്തിന്റെ തെലുങ്ക് പതിപ്പിലൂടെയാണ് ടോളിവുഡിൽ അരങ്ങേറുന്നത്. 10 വർഷത്തിനുള്ളിൽ 20 ലധികം സിനിമകളിൽ അഭിനയിക്കാനായി എന്നതു വലിയ നേട്ടമായാണു കരുതുന്നത്. തമിഴിലും തെലുങ്കിലുമായി അഞ്ചു പടങ്ങൾ റിലീസാകാനുണ്ട്. മലയാളത്തിൽ കഥകൾ കേൾക്കുന്നുണ്ട്. എന്താണെങ്കിലും ഇവിടെ ഒരു ബ്രേക് വന്നു. അതുകൊണ്ടു തിരിച്ചുവരവു നല്ലൊരു സിനിമയിലൂടെയാകാം എന്നാണു തീരുമാനം,' മഡോണ കൂട്ടിച്ചേർത്തു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് ലിയോ. മാസ്റ്ററിന്റെ വിജയത്തിന് ശേഷം ഇരുവരും വീണ്ടുമൊന്നിച്ച സിനിമയായതിനാൽ വലിയ ഹൈപ്പിലാണ് സിനിമ തിയേറ്ററിൽ എത്തിയത്. വമ്പൻ വിജയമായിരുന്നു സിനിമ തിയേറ്ററുകളിൽ നിന്ന് നേടിയതും. ലിയോ സിനിമയുടെ കളക്ഷൻ സംബന്ധിച്ച ചർച്ചകളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. 600 കോടിയിലധികം ചിത്രം നേടിയെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്ട്ടുകള്. എന്നാൽ ഈ കണക്കുകൾ തെറ്റാണെന്ന് കാണിക്കുന്ന വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സിനിമയുട മൊത്തം റവന്യുവായി നിര്മാതാക്കള് സര്മപ്പിച്ച രേഖയില് പറയുന്നത് 404 കോടിയാണ്. തിയേറ്ററില് നിന്നും നേടിയതാകട്ടെ 240 കോടിയുമെന്നാണ് കണക്കുകള് പറയുന്നത്.
അടുത്തിടെ മൂന്ന് സിനിമകൾ അടുപ്പിച്ച് 400 കോടിയിലധികം രൂപ നേടി എന്ന റെക്കോർഡ് സംവിധായകൻ ലോകേഷ് സ്വന്തമാക്കിയിരുന്നു. തമിഴ് സിനിമ ഇൻഡസ്ട്രിയിൽ തന്നെ ഇത് ആദ്യമായി ആയിരിക്കും ഒരു സംവിധായകൻ ഈ റെക്കോർഡ് നേട്ടം കൈവരിക്കുന്നത്. കൂടാതെ ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും ആരാധകരെ സൃഷ്ടിച്ച സംവിധായകനും ലോകേഷ് തന്നെയാകും.
Content Highlights: Madonna Talks About Playing Her Role in Leo