തരുൺ മൂർത്തി മോഹൻലാലിനെ നായകനാക്കി ഒരുക്കിയ സിനിമ ആണ് തുടരും. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ വലിയ വിജയമാണ് സ്വന്തമാക്കിയത്. മോഹൻലാൽ - ശോഭന കൂട്ടുകെട്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രം കൂടിയായിരുന്നു തുടരും. ശോഭനയ്ക്ക് മുമ്പ് തുടരും സിനിമയിലേക്ക് മറ്റ് നടിമാരെ പരിഗണിച്ചിരുന്നു. ഇതിൽ ജ്യോതികയും മേതിൽ ദേവികയും വരെ ഉൾപ്പെട്ടിരുന്നു. കഥ ജ്യോതികയ്ക്ക് ഇഷ്ടമായതാണ്. ജ്യോതികയുടെ ഡേറ്റ് ഇഷ്യൂ കാരണം ഈ കാസ്റ്റിംഗ് നടന്നില്ല. നർത്തകി മേതിൽ ദേവികയെയും ഈ റോളിലേക്ക് പരിഗണിച്ചിരുന്നു. പക്ഷെ മേതിൽ ദേവിക സിനിമ നിരസിച്ചു.
ഇപ്പോഴിതാ തുടരും സിനിമയിലെ റോൾ നിരസിച്ചതിന് കാരണം പറയുകയാണ് മേതിൽ ദേവിക. 'ആ സമയത്ത് അത്രയും ദിവസം കൊടുക്കാന് എനിക്ക് ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ടാണ് ആ അവസരം സ്വീകരിക്കാതെ ഇരുന്നതെന്ന്', ദേവിക പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
സിനിമ ഒരിക്കലും തന്നെ മോഹിപ്പിച്ചിട്ടില്ലെന്ന് ദേവിക നേരത്തെ വ്യക്തമാക്കിയിരുന്നു. മുമ്പ് കൊച്ചു കൊച്ചു സന്തോഷങ്ങൾ, കാബൂളിവാല ഉൾപ്പെടെയുള്ള സിനിമകളിലേക്ക് മേതിൽ ദേവികയെ പരിഗണിച്ചതാണ്. എന്നാൽ അന്നും നർത്തകി ഈ അവസരങ്ങൾ വേണ്ടെന്ന് വെച്ചു. കഥ ഇന്നുവരെ എന്ന സിനിമയിൽ മാത്രമാണ് മേതിൽ ദേവിക അഭിനയിച്ചിട്ടുള്ളത്.
അതേസമയം, മലയാളത്തിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്ത സിനിമയിൽ പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. കെ ആര് സുനിലിന്റെ കഥയ്ക്ക് തരുണ് മൂര്ത്തിയും ചേര്ന്നാണ് തിരക്കഥ ഒരുക്കിയത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് തുടരും ഒടിടി സ്ട്രീം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാണ്.
Content Highlights: Methil Devika on turning down a role in the film Thudarum