ഷാരൂഖ് ഖാന് കുള്ളനായി എത്തുന്നു എന്നതായിരുന്നു സീറോ എന്ന ബോളിവുഡ് ചിത്രത്തെ ശ്രദ്ധേയമാക്കിയത്. ആനന്ദ് എല് റായിയുടെ സംവിധാനത്തില് പുറത്തിറങ്ങിയ ചിത്രം ബോക്സോഫീസില് കാര്യമായ ചലനം ഉണ്ടാകാതെയാണ് പോയത്. ഇപ്പോഴിതാ സിനിമയുടെ പരാജയത്തിന്റെ കാരണം പറയുകയാണ് സംവിധായകൻ. ചിത്രത്തിൽ ഷാരുഖിന്റെ താരപദവി ഉപയോഗിക്കാതിരുന്നത് താൻ ചെയ്ത തെറ്റാണെന്ന് ആനന്ദ് പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
'സീറോയുടെ പ്രശ്നം ഷാരുഖ് ഖാനായിരുന്നു… ആ സൂപ്പർ സ്റ്റാർ എന്നെ വളരെയധികം സ്നേഹത്തോടെ, എന്നെ ഞാനായി തന്നെ സമീപിച്ചപ്പോൾ കഥ എഴുതാൻ പോകുന്നത് ഒരു നടനോ സംവിധായകനോ അല്ലെന്ന കാര്യം എനിക്കൊരിക്കലും മനസിലായില്ല. ഒരു സൂപ്പർ സ്റ്റാർ കൂടെയുണ്ടായിരുന്നു, അദ്ദേഹത്തിന്റെ ആ ഇമേജ് അവിടെയുണ്ടായിരുന്നു. അത് ഞാൻ മനസ്സിലാക്കുകയും സിനിമയിൽ ഉൾക്കൊള്ളിക്കുകയും വേണമായിരുന്നു. ഞാൻ ഒരു നടനൊപ്പം അല്ലെങ്കിൽ ഒരു വലിയ നടനൊപ്പമാണ് ജോലി ചെയ്തത്. വളരെ വൈകിയാണ് ഞാൻ തിരിച്ചറിഞ്ഞത്, ഞാൻ ശ്രദ്ധിക്കേണ്ട ഒരു ഇമേജ് അവിടെയുണ്ടായിരുന്നുവെന്ന്.
പലപ്പോഴും എന്റെ സിനിമകളിൽ താരത്തിന്റേതായ ഒന്നുമില്ലെന്ന് നിങ്ങൾ പറയുമ്പോൾ, എന്റെ കഥാപാത്രങ്ങളിലേക്ക് ആ താരപദവി ഉൾപ്പെടുത്താൻ എനിക്ക് കഴിയാറില്ലെന്ന കാര്യം ഞാൻ സമ്മതിക്കുന്നു. ചിലപ്പോഴൊക്കെ ആളുകൾക്ക് താരങ്ങളെ ഒരു കഥാപാത്രമായി തന്നെ കാണാൻ ആഗ്രഹമുണ്ടാകും. പക്ഷേ താരത്തിന്റെ ഒരു അംശം അവിടെ ഉണ്ടായിരിക്കണം, അത് എനിക്ക് ചെയ്യാൻ കഴിഞ്ഞില്ല,' സംവിധായകൻ പറഞ്ഞു.
ഷാരുഖ് ഖാന്, ബൗവ്വാ സിങ്ങ് എന്ന കഥാപാത്രമായി അവതരിച്ച ചിത്രത്തില് നായികമാരായി അനുഷ്ക ശര്മ്മയും കത്രീന കൈഫുമാണ് എത്തിയത്. ഓട്ടിസം ബാധിച്ച പെൺകുട്ടിയായിട്ടാണ് ചിത്രത്തിൽ അനുഷ്ക അവതരിപ്പിക്കുന്നത്. 2018 ലാണ് സിനിമ തിയേറ്ററിൽ എത്തിയത്. ഷാരൂഖിന്റെ കരിയറിലെ തന്നെ വളരെ ചലഞ്ചിങ്ങായിട്ടുള്ള ഒരു കഥാപാത്രമായിരുന്നു സീറോയിലേത്. ചിത്രം ബോക്സോഫീസിൽ പരാജയപ്പെട്ടതോടെ ഷാരുഖ് അഭിനയത്തിൽ നിന്ന് ബ്രേക്ക് എടുത്തിരുന്നു.
Content Highlights: Director Aanand L Rai reveals the reason behind Shah Rukh Khan's film's failure