ലോക സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും അധികം അത്ഭുതങ്ങൾ സൃഷ്ടിച്ചതും കളക്ഷൻ നേടിയതുമായ ചിത്രങ്ങളിലൊന്നാണ് ജെയിംസ് കാമറൂൺ ഒരുക്കിയ അവതാർ. വമ്പൻ വിജയമായ ആദ്യ ഭാഗത്തെ പിൻപറ്റി 2022 ൽ സിനിമയ്ക്കൊരു രണ്ടാം ഭാഗം ഉണ്ടായി. ഇപ്പോഴിതാ അവതാർ സീരിസിലെ മൂന്നാമത്തെ സിനിമ പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. 'അവതാർ : ഫയർ ആൻഡ് ആഷ്' എന്നാണ് മൂന്നാം ഭാഗത്തിന്റെ പേര്. സിനിമയുടെ ഐമാക്സ് ടിക്കറ്റ് ബുക്കിങ്ങുകൾ ആരംഭിച്ചുകഴിഞ്ഞു.
വമ്പൻ വരവേൽപ്പാണ് ബുക്കിംഗ് ഓപ്പൺ ആയതിന് ശേഷം ഐമാക്സ് സ്ക്രീനുകളിൽ സിനിമയ്ക്ക് ലഭിക്കുന്നത്. നിമിഷനേരം കൊണ്ടാണ് സിനിമയുടെ ടിക്കറ്റുകൾ വിറ്റു തീരുന്നത്. കേരളത്തിലും വലിയ വരവേൽപ്പാണ് അവതാറിന് ലഭിക്കുന്നത്. കൊച്ചിയിലെ സിനിപോളിസ് ഐമാക്സിൽ 800, 850, 900 എന്നിങ്ങനെയാണ് അവതാറിന്റെ ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തെ പിവിആർ ഐമാക്സിലാകട്ടെ 650 രൂപ മുതലാണ് ടിക്കറ്റ് ചാർജുകൾ ആരംഭിക്കുന്നത്. ഡിസംബർ 19 നാണ് ചിത്രം പുറത്തിറങ്ങുന്നത്.
സിനിമയുടെ ആദ്യ ഷോ കഴിഞ്ഞ ദിവസം ലോസ് ഏഞ്ചൽസിൽ വെച്ച് നടന്നിരുന്നു. മികച്ച പ്രതികരണമാണ് പ്രീമിയർ ഷോ കഴിയുമ്പോൾ സിനിമയ്ക്ക് ലഭിക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഗംഭീര വിഷ്വൽ ട്രീറ്റ് ആണ് സിനിമയെന്നും ജെയിംസ് കാമറൂൺ അത്ഭുതപ്പെടുത്തിയെന്നുമാണ് റിവ്യൂസ്. ചിത്രത്തിലെ വില്ലൻ കഥാപാത്രം ഞെട്ടിച്ചെന്നും അഭിപ്രായങ്ങളുണ്ട്. വളരെ ഇമോഷണൽ ആയ കഥയാണ് അവതാർ 3 എന്നും സിനിമയിലെ കഥാപാത്രങ്ങൾ എല്ലാം തന്നെ മികച്ചുനിൽക്കുന്നെന്നും ചിലർ എക്സിലൂടെ കുറിക്കുന്നുണ്ട്. സിനിമയുടെ കഥയിൽ ആവർത്തനവിരസതയുണ്ടെന്നും എന്നാൽ വിഷ്വലുകൾ കൊണ്ട് കാമറൂൺ അതെല്ലാം മറികടക്കുന്നു എന്നാണ് മറ്റു അഭിപ്രായങ്ങൾ.
ആദ്യ രണ്ട് ഭാഗങ്ങളിലെ കഥാപാത്രങ്ങൾക്കൊപ്പം പുതിയ ചിലരും ഈ മൂന്നാം ഭാഗത്തിലുണ്ട്. 2D, 3D ഐമാക്സ് സ്ക്രീനുകളിലായി ചിത്രം പുറത്തിറങ്ങും. ജെയിംസ് കാമറൂൺ, റിക്ക് ജാഫ, അമാൻഡ സിൽവർ എന്നിവർ ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. സാം വർത്തിംഗ്ടൺ, സോ സാൽഡാന, സിഗോർണി വീവർ, സ്റ്റീഫൻ ലാങ്, ജിയോവന്നി റിബിസി, കേറ്റ് വിൻസ്ലെറ്റ് എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ.
Content Highlights: Avatar 3 IMAX ticket booking opened