ചെങ്കോല്‍ എന്ന സിനിമയുടെ ആവശ്യമില്ല, അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍; ഷമ്മി തിലകൻ

ചെങ്കോൽ സിനിമയുടെ ആവശ്യമുണ്ടായിരുന്നില്ലെന്ന് ഷമ്മി തിലകൻ പറയുന്നു

മോഹൻലാലിനെ നായകനാക്കി സിബി മലയിൽ- ലോഹിതദാസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമാണ് 'കിരീടം'. മലയാളത്തിലെ എക്കാലത്തേയും ക്ലാസിക്കുകളിലൊന്നാണ് ഈ ചിത്രം. മോഹൻലാൽ അവതരിപ്പിച്ച സേതു മാധവൻ എന്ന കഥാപാത്രം എന്നും പ്രേക്ഷകരുടെ ഓർമയിൽ നിലനിൽക്കുന്നതാണ്. 1989 ൽ പുറത്തറിങ്ങിയ കിരീടത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോൽ നാല് വർഷങ്ങൾക്ക് ശേഷമാണ് പുറത്തിറങ്ങുന്നത്. കിരീടം ഉണ്ടാക്കിയ വിജയം നേടാൻ ചെങ്കോലിന് സാധിച്ചിരുന്നില്ല.

ഇപ്പോഴിതാ ചെങ്കോല്‍ എന്ന സിനിമയുടെ ആവശ്യമില്ലായിരുന്നുവെന്ന് പറയുകയാണ് ഷമ്മി തിലകൻ. തിലകന്റെ പതനമാണ് ആ സിനിമയെന്നും നേരത്തെ തന്നെ അച്ഛനെ കൊണ്ട് ആ സിനിമയിൽ ആത്മഹത്യ ചെയ്യിപ്പിക്കമായിരുന്നുവെന്നും ഷമ്മി തിലകൻ പറഞ്ഞു. മകള്‍ക്ക് കാവല്‍ നില്‍ക്കേണ്ടി വരുന്ന അവസ്ഥ ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ലെന്നും ഇതാകാം സിനിമയുടെ പരാജയത്തിന് കാര്യമാണെന്നും ഷമ്മി കൂട്ടിച്ചേർത്തു. യെസ് 27 എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷമ്മി തിലകന്റെ പ്രതികരണം.

'ചെങ്കോല്‍ എന്ന സിനിമ തന്നെ അപ്രസക്തമാണ്. അതിന്റെ ആവശ്യമേയില്ല. എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്. അതെനിക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. അതുകൊണ്ടാണ് പറയുന്നത് ആ സിനിമയുടെ ആവശ്യമില്ല എന്ന്. ആ കഥാപാത്രത്തെക്കൊണ്ട് നേരത്തെ തന്നെ ആത്മഹത്യ ചെയ്യിപ്പിച്ചാല്‍ മതിയായിരുന്നു.

അച്യുതന്‍ നായര്‍ അങ്ങനൊക്കെ ചെയ്യുന്ന ഒരാളല്ല. മകള്‍ക്ക് കാവല്‍ നില്‍ക്കേണ്ടി വരുന്ന അവസ്ഥ ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. അതുകൊണ്ടാകാം ആ സിനിമ വീണു പോയത്. മറ്റേ സിനിമയുടെ ക്ലൈമാക്‌സില്‍ അയാള്‍ വന്ന് സല്യൂട്ട് ചെയ്ത് സോറി സാര്‍ അവന്‍ ഫിറ്റല്ല എന്ന് പറയുന്നതാണ്. അച്ഛനാണ് അത് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതാണ് ക്ലീന്‍ എന്റ്. അല്ലായിരുന്നുവെങ്കില്‍ ആ ഡയലോഗ് അദ്ദേഹത്തെക്കൊണ്ട് പറയിപ്പിക്കരുതായിരുന്നു,' ഷമ്മി തിലകൻ കൂട്ടിച്ചേർത്തു.

Content Highlights: Shammi Thilakan says there was no need for the Chenkol movie

To advertise here,contact us