സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ദുല്ഖര് സല്മാന്റെ നായികയായി വെള്ളിത്തിരയില് എത്തിയ നടിയാണ് ഗൗതമി നായർ. ഫഹദ് ഫാസിലിന്റെ ഡയമണ്ട് നെക്ലെയ്സ് എന്ന സിനിമയിലും ഗൗതമി നായർ എത്തിയിരുന്നു. ഇപ്പോഴിതാ ഒരു സിനിമയുടെ ഓഡിഷന് പോയപ്പോള് ഉണ്ടായ അനുഭവം പങ്കിടുകയാണ് നടി. തന്നെ കാണാൻ കൊള്ളില്ലെന്ന് പറഞ്ഞുവെന്നും അത് കേട്ടപ്പോൾ അത് പറയാൻ അയാൾ ആരാണെന്ന് കരുതിയെന്നും നടി പറഞ്ഞു. നിങ്ങളുടെ സൗന്ദര്യസങ്കല്പ്പത്തിന് ചേരുന്നില്ല എന്ന് കരുതി ഒരാളുടെ മുഖത്ത് നോക്കി നിന്നെ കാണാന് കൊള്ളില്ല എന്ന് പറയാൻ പാടില്ലെന്നും നടി കൂട്ടിച്ചേർത്തു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഘത്തിലാണ് പ്രതികരണം.
'ബോഡി ഷെയ്മിങ് ഒട്ടും കൂളല്ല. ഒരു സിനിമയുടെ ഓഡിഷന് പോയപ്പോള് എന്നെ കാണാന് ഒട്ടും കൊള്ളില്ലെന്ന് പറഞ്ഞു. അങ്ങനൊക്കെ നടന്നിട്ടുണ്ട്. ഇതൊന്നും ഞാന് എവിടേയും പറഞ്ഞിട്ടില്ല. അത് കേട്ടതും എന്റെ ഉള്ളില് എന്തോ ഒന്ന് ഓണായി. ഇന്ഫ്യൂരിറ്റിയല്ല, എന്നെ കാണാന് കൊള്ളില്ലെന്ന് പറയാന് ഇവര് ആരാണ് എന്ന തോന്നലായിരുന്നു. ഒരിക്കലും ഒരാളുടെ മുഖത്ത് നോക്കി നിന്നെ കാണാന് കൊള്ളില്ല എന്ന് പറയാന് പാടില്ല.
നിങ്ങളുടെ സൗന്ദര്യസങ്കല്പ്പത്തിന് ചേരുന്നില്ല എന്ന് കരുതി ഒരാളെക്കുറിച്ച് മോശമായി സംസാരിക്കരുത്. എനിക്ക് ഭംഗി എന്ന് തോന്നുന്ന പല കാര്യങ്ങളും കാണും. നിങ്ങള്ക്ക് അത് ഭംഗിയായി തോന്നണം എന്നില്ല. എന്നു കരുതി രണ്ടു പേര്ക്കും രണ്ട് പേരുടേതായ അഭിപ്രായമില്ലേ? എനിക്ക് അഭിനയിക്കാന് അറിയില്ല എന്ന് പറഞ്ഞിരുന്നുവെങ്കില് പോട്ടെ. കാരണം എനിക്ക് അറിയാം അറിയാത്ത പണിക്കാണ് ഞാന് പോയതെന്ന് ,' ഗൗരി നായർ പറഞ്ഞു.
മലയാള സിനിമയില് സ്ത്രീ കഥാപാത്രങ്ങള്ക്ക് പ്രാധാന്യം കുറയുന്നതായും ഗൗതമി കൂട്ടിച്ചേർത്തു.'പണ്ടത്തെ സിനിമയും ഇപ്പോഴത്തെ സിനിമയും നോക്കുമ്പോള് ഞാന് ആലോചിക്കുന്നത് സ്ത്രീകഥാപാത്രങ്ങള്ക്ക് ഇവിടെ ഒരു വിലയും ഇല്ലേ എന്നാണ്. കാരണം പണ്ടൊക്കെ ശക്തമായ സ്ത്രീകഥാപാത്രങ്ങളുണ്ടായിരുന്നു. എല്ലാവര്ക്കും സിനിമ ഉണ്ടോ എന്ന് ചോദിച്ചാല് ഉണ്ട്. പക്ഷെ വ്യക്തിപരമായി എനിക്കറിയാം എന്റെ ചുറ്റുമുള്ള പല നടിമാരും നല്ല സിനിമ കിട്ടാത്തതു കൊണ്ടാണ് കഷ്ടപ്പെടുന്നത്' ഗൗതമി പറഞ്ഞു.
Content Highlights: Actress Gautami Nair speaks out about being body shamed