ലോകയും, എമ്പുരാനും ഒന്നും അല്ല, ഈ വർഷം ആളുകൾ തിരഞ്ഞ ഒരേയൊരു മലയാള ചിത്രം ഉണ്ണിമുകുന്ദന്റേത്

ഈ വർഷം ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ മലയാള ചിത്രം ഉണ്ണിമുകുന്ദന്റേത്

മലയാള സിനിമയിൽ നിരവധി ഹിറ്റുകൾ നിറഞ്ഞ വർഷമായിരുന്നു 2025 . വർഷം അവസാനിക്കാൻ പോകുമ്പോൾ ഇന്‍റര്‍നെറ്റ് സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തു വന്നിരിക്കുകയാണ്. പത്ത് ചിത്രങ്ങളുടെ പേര് അടങ്ങിയ പട്ടികയിൽ ഒരേയൊരു മലയാള സിനിമ മാത്രമാണുള്ളത് എന്നത് ശ്രദ്ധേയമാണ്. ഈ വർഷത്തെ 300 കോടി ക്ലബ്ബിലെത്തിയ ലോകയോ വിവാദമായ എമ്പുരാനോ ഒന്നും അല്ല ആ സിനിമ. ഉണ്ണി മുകുന്ദൻ ചിത്രമായ മാർക്കോ ആണ് ലിസ്റ്റിൽ ഇടം നേടിയ മലയാള ചിത്രം.

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് മാർക്കോ. മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന പ്രത്യേകതയോടെയാണ് സിനിമ എത്തിയത്. സിനിമ 100 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു. മലയാളത്തിലും ഇതര ഭാഷകളിലും മികച്ച സ്വീകരണമാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്ന ചിത്രം ഇതിനകം ഏവരുടെയും ശ്രദ്ധ നേടിയിട്ടുണ്ട്. 5 ഭാഷകളിലായാണ് ചിത്രം റിലീസിനൊരുക്കിയത്.

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം ആഗോള റിലീസിനെത്തിയത്. ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമയ്ക്ക് ആവേശകരമായ പ്രതികരണമാണ് എല്ലാ ഭാഷകളിലും ലഭിച്ചത്. സിദ്ദീഖ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും ഒട്ടേറെ പുതുമുഖ താരങ്ങളും മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രത്തിന്‍റെ ഭാഗമായിട്ടുണ്ട്.

മാർക്കോയ്ക്ക് പുറമേ ഗൂഗിളിന്റെ ലിസ്റ്റിൽ കയറി പറ്റിയ ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്ത് ബോളിവുഡ് ചിത്രം സയ്യാരയാണ്. കാന്താര രണ്ടാം സ്ഥാനത്തും കൂലി മൂന്നാമതും ആണ്. വാര്‍ 2 , സോനം തേരി കസം എന്നിവയാണ് മറ്റു ചിത്രങ്ങൾ. മാർക്കോ ആറാം സ്ഥാനത്താണ്. ഹൗസ്‌ഫുള്‍ 5 , ഗെയിം ചേഞ്ചര്‍, മിസിസ്, മഹാവതാര്‍ നരസിംഹ എന്നിവയാണ് മറ്റു ചിത്രങ്ങൾ.

Content Highlights: Unni Mukundan's film is the most searched for on Google this year

To advertise here,contact us