രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്യുന്ന മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. വലിയ പ്രതീക്ഷയോടെ ഏവരും കാത്തിരിക്കുന്ന സിനിമയാണ് ഇത്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി തണുപ്പൻ പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
സിനിമയുടെ റിലീസിന് ഒരു ദിവസം കൂടി ബാക്കി നിൽക്കെ ആദ്യ ദിനം ചിത്രം 16-17 കോടി വരെ സിനിമ നേടുമെന്നാണ് കണക്കുകൂട്ടൽ. 280 കോടിയാണ് സിനിമയുടെ ബജറ്റ്. ചിത്രത്തിന്റെ ഭീമമായ ബജറ്റ് കണക്കിലെടുക്കുമ്പോൾ ആദ്യ ദിനത്തിലെ സിനിമയുടെ അഡ്വാൻസ് ബുക്കിങ്ങുകൾ നിരാശപ്പെടുത്തുന്നു എന്നാണ് ബോളിവുഡ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. അതേസമയം, സിനിമയ്ക്ക് മികച്ച പ്രതികരണം നേടാൻ സാധിക്കുമെന്നും ഈ വർഷത്തെ വലിയ വിജയങ്ങളിൽ ഒന്നായി സിനിമ മാറുമെന്നുമാണ് പ്രതീക്ഷ.
നേരത്തെ സിനിമയുടെ നായകന്റെയും നായികയുടെയും പ്രായവ്യത്യാസത്തെച്ചൊല്ലി വിമർശനങ്ങൾ ഉയർന്നിരുന്നു. ചിത്രത്തിൽ സാറ അർജുൻ ആണ് നായികയായി എത്തുന്നത്. 40 വയസുള്ള രൺവീറിന്റെ നായികയായി 20 വയസുള്ള സാറയെ എന്തിന് കാസ്റ്റ് ചെയ്തു എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ഗാനത്തിലെ ഇരുവരും തമ്മിലുള്ള റൊമാൻസ് രംഗങ്ങൾക്ക് നേരെയും വിമർശനം ഉയരുന്നുണ്ട്. ഇരുവരും തമ്മിൽ ഒരു കെമിസ്ട്രിയും ഇല്ലെന്നും മറ്റേതെങ്കിലും നായികയെ കാസ്റ്റ് ചെയ്യാമായിരുന്നു എന്നാണ് കമന്റുകൾ. അതേസമയം, ഈ കാസ്റ്റിംഗിനെ അനുകൂലിച്ചും ചിലർ എത്തുന്നുണ്ട്. രൺവീറിന്റെ കഥാപാത്രം ഒരു സ്പൈ ആയതിനാൽ അഭിനേതാക്കളുടെ പ്രായവ്യത്യാസത്തെ ന്യായീകരിക്കുക തരത്തിലുള്ള എന്തെങ്കിലും സിനിമയിൽ ഉണ്ടാകുമെന്നും ചിലർ കുറിക്കുന്നുണ്ട്.
അതേസമയം, ചിത്രം 2025 ഡിസംബർ 5 ന് ആഗോള റിലീസായെത്തും. ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. 'ഉറി ദ സർജിക്കൽ' സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. ഹനുമാൻ കൈൻഡ്, ജാസ്മിൻ സാൻഡ്ലാസ് എന്നിവരുടെ ഗാനവും അനൗൺസ്മെന്റ് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം രൺവീറിന്റെതായി പുറത്തിറങ്ങുന്ന സിനിമ ആയതിനാൽ വലിയ പ്രതീക്ഷയാണ് സിനിമയ്ക്കുള്ളത്.
Content Highlights: Dhurandhar advance booking report