രജനികാന്തും നെൽസൺ ദിലീപ്കുമാറും ഒന്നിക്കുന്ന ജയിലർ 2 എന്ന സിനിമയ്ക്കായി ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ആദ്യം ഭാഗമായ ജയിലർ ബോക്സ് ഓഫീസിൽ തീർത്ത ആരവം തന്നെയാണ് അതിന് പ്രധാന കാരണവും. ഏറെ പ്രതീക്ഷയോടെ ഏവരും കാത്തിരിക്കുന്ന സിനിമയുടെ പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
നടൻ വിജയ് സേതുപതി ജയിലർ 2 വിൽ ഒരു പ്രധാന വേഷത്തിൽ എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. നിലവിൽ ഗോവയിൽ വെച്ച് വിജയ്യുടെ ഭാഗങ്ങൾ ഷൂട്ട് ചെയ്യുകയാണ്. പേട്ട എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം വിജയ് സേതുപതിയും രജനികാന്തും വീണ്ടുമൊന്നിക്കുന്ന സിനിമയാകും ജയിലർ 2 . അതേസമയം ജയിലർ 2 ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിൽ രജിനികാന്തിനൊപ്പം ഒരുപിടി മലയാളി അഭിനേതാക്കളും ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളുണ്ട്.
സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, അന്ന രേഷ്മ രാജൻ, വിനീത് തട്ടിൽ, സുനിൽ സുഖദ, സുജിത് ഷങ്കർ തുടങ്ങിയവർക്കൊപ്പം ആദ്യ ഭാഗത്തിലെ മാത്യു എന്ന കഥാപാത്രമായി മോഹൻലാലും സിനിമയിലെത്തും. മികച്ച റോളുകൾ തന്നെ നെൽസൺ ഈ മലയാളി അഭിനേതാക്കൾക്ക് നൽകുമെന്നാണ് പ്രതീക്ഷ.
#Jailer2 - #VijaySethupathi onboard to play a pivotal role in the movie🌟His portions are currently being shot in Goa🎬VijaySethupathi & Superstar #Rajinikanth combo after Petta🔥 pic.twitter.com/fm8ZCEGOfj
സിനിമയിൽ തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയും കാമിയോ വേഷത്തിലെത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു.
ഇപ്പോഴിതാ സിനിമയിൽ നിന്ന് ബാലയ്യ പിന്മാറിയെന്ന റിപ്പോർട്ടുകളാണ് എത്തുന്നത്. കമ്മിറ്റ് ചെയ്ത സിനിമകളുടെ തിരക്ക് കാരണമാണ് ബാലയ്യ സിനിമയിൽ നിന്ന് പിന്മാറിയതെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വീഡിയോയ്ക്കൊപ്പം ജയ്ലർ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്ച്ചില് ചിത്രീകരണവും ആരംഭിച്ചു. അനിരുദ്ധ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം.
2023ൽ ആയിരുന്നു നെൽസൺ സംവിധാനത്തിൽ ജയിലർ റിലീസ് ചെയ്തത്. ആഗോള ബോക്സ് ഓഫീസില് നിന്ന് 600 കോടിയിലേറെ സിനിമ കളക്ഷനും നേടി. ജയിലറിൽ വിനായകൻ, രമ്യ കൃഷ്ണൻ, വസന്ത്, സുനിൽ, തമന്ന, വി ടി വി ഗണേഷ് എന്നിവർക്കൊപ്പം മോഹൻലാലും കന്നഡ നടൻ ശിവരാജ് കുമാറും ബോളിവുഡ് താരം ജാക്കി ഷ്രോഫും അതിഥി വേഷങ്ങളിൽ എത്തിയിരുന്നു. വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ വേഷത്തിന് മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പ്രതികരണവും ലഭിച്ചിരുന്നു. വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് ആർ നിർമൽ ആയിരുന്നു. ജയിലർ സിനിമയിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഏറെ ശ്രദ്ധ നേടിയിരുന്നു.
Content Highlights: Vijay sethupathi to play an important role in Jailer 2