സലാറിനെ കോപ്പിയടിച്ചോ സ്‌ട്രേഞ്ചര്‍ തിങ്‌സ് ?, നെറ്റ്ഫ്‌ളിക്‌സിനോട് ചോദ്യവുമായി ആരാധകര്‍

നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ട ഒരു റീകാപ്പ് വീഡിയോയിലെ മ്യൂസിക്കാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

ലോകമെമ്പാടമുള്ള ആരാധകര്‍ ഏറെ നാളുകളായി കാത്തിരിക്കുന്ന സീരിസായ സ്‌ട്രേഞ്ചര്‍ തിങ്‌സിന്റെ അവസാന സീസണ്‍ റിലീസായിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് സീരിസ് നേടുന്നത്. എന്നാല്‍ ഇപ്പോള്‍ സീരിസിന്റെ പ്രൊമോഷന്റെ ഭാഗമായി നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ട ഒരു വീഡിയോയിലെ പശ്ചാത്തല സംഗീതമാണ് ഇന്ത്യയിലെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.

സീസണ്‍ 5 വോള്യം 1 ഇറങ്ങുന്നതിന് മുന്‍പ് റീകാപ്പ് എന്ന നിലയില്‍ കഴിഞ്ഞ ദിവസം നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. 4.19 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നത്. ഇതില്‍ 1.22 സെക്കന്റ് മുതലുള്ള മ്യൂസിക്ക് കോപ്പിയടിച്ചതാണ് എന്നാണ് ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ ആരോപിക്കുന്നത്.

പ്രഭാസ് നായകനായ പ്രശാന്ത് നീല്‍ ചിത്രം സലാറിലെ ബിജിഎമ്മാണ് നെറ്റ്ഫ്‌ളിക്‌സ് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് നിരവധി പേര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ മ്യൂസിക് വരുന്ന സലാറിലെ ഭാഗവും ഇവര്‍ നെറ്റ്ഫ്‌ളിക്‌സ് വീഡിയോക്ക് താഴെ പങ്കുവെക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നെറ്റ്ഫ്‌ളിക്‌സ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

From 1:22sec Salaar legacy spread like a wild fire🔥 the Rebel nation 🚨 https://t.co/x7nms62Rnh pic.twitter.com/P8lb3jDIFZ

നേരത്തെ നെറ്റ്ഫ്‌ളിക്‌സിലെ സ്പ്ലിന്റര്‍ സെല്‍: ഡെത്ത് വാച്ച് എന്ന സീരിസിന്റെ ടീസറുമായി ബന്ധപ്പെട്ടും സമാനമായ കോപ്പിയടി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ജിത്തു മാധവന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ ചിത്രം ആവേശത്തില്‍ സുഷിന്‍ ശ്യാം ഒരുക്കിയ ലാസ്റ്റ് ഡാന്‍സ് എന്ന ട്രാക്ക് ടീസറില്‍ ഉപയോഗിച്ചതായിരുന്നു അന്ന് വിവാദമായത്. സുഷിന്‍ ശ്യാം തന്നെ ഇതിനെതിരെ രംഗത്തുവന്നിരുന്നു.

അതേസമയം, പുലര്‍ച്ചെ 6.30 മുതലാണ് ഇന്ത്യയില്‍ സീസണ്‍ 5 സ്ട്രീമിങ് ആരംഭിച്ചത്. സ്ട്രീമിങ് റെക്കോര്‍ഡുകള്‍ എല്ലാം സീരീസ് തകര്‍ക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. പലരും നെറ്റ്ഫ്‌ളിക്‌സ് ക്രാഷായതിന്റെ ചിത്രങ്ങള്‍ എക്‌സിലൂടെ പങ്കുവെക്കുന്നുണ്ട്. അഞ്ചാം സീസണ്‍ എട്ട് എപ്പിസോഡുകളായാകും എത്തുക. മൂന്ന് ഭാഗങ്ങളായിട്ടാണ് ഈ എട്ട് എപ്പിസോഡുകളും പ്രേക്ഷകരിലേക്ക് എത്തുക.

ഇതില്‍ ആദ്യ ഭാഗമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആദ്യ എപ്പിസോഡിന്റെ നീളം ഒരു മണിക്കൂറും എട്ട് മിനിറ്റുമാണ്. രണ്ടാം എപ്പിസോഡ് 54 മിനിറ്റും മൂന്നാമത്തെ എപ്പിസോഡ് ഒരു മണിക്കൂര്‍ ആറ് മിനിറ്റുമാണ് നീളം. അതേസമയം, നാലാം എപ്പിസോഡിനാണ് ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യം. ഒരു മണിക്കൂറും 23 മിനിറ്റുമാണ് ഈ എപ്പിസോഡിന്റെ നീളം.

ക്രിസ്മസ് സ്‌പെഷ്യല്‍ ആയി ഡിസംബര്‍ 25 ന് രണ്ടാം വോള്യം പുറത്തിറങ്ങും. മൂന്ന് എപ്പിസോഡുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. സീരിസിന്റെ അവസാന ഭാഗം ഡിസംബര്‍ 31 ന് പുറത്തുവരും. രണ്ട് മണിക്കൂറോളമാണ് ഈ എപ്പിസോഡിന്റെ ദൈര്‍ഘ്യം. സീരിസിന്റെ അവസാന എപ്പിസോഡ് നെറ്റ്ഫ്‌ളിക്സിനൊപ്പം തിയേറ്ററില്‍ പുറത്തിറക്കാനും അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നുണ്ട്. യുകെയിലും കാനഡയിലുമാണ് സീരീസ് തിയേറ്ററില്‍ എത്തുന്നതെന്നാണ് വിവരം. ഇന്ത്യയില്‍ തിയേറ്റര്‍ റിലീസ് ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Content Highlights: Stranger Things promo video has Salaar's Music, social media finds out

To advertise here,contact us