രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ അതിഥി വേഷത്തിൽ മമ്മൂട്ടി എത്തുമെന്ന് റിപ്പോർട്ട്. ബ്ലാക്ക് സിനിമയിലെ കഥാപാത്രമായ കാരിക്കാമുറി ഷൺമുഖനായി ആയിരിക്കും മമ്മൂട്ടി എത്തുന്നതെന്നും ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണ രചിക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ട്. പുതുമുഖങ്ങളെ വെച്ചൊരുക്കുന്ന ഈ ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുമെന്നാണ് വിവരം.
തുടരും എന്ന ചിത്രത്തിൽ വില്ലനായി എത്തിയ പ്രകാശ് വർമ്മയും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രം ചെയ്യുമെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഈ വാർത്തകൾ പുറത്തുവന്നതോടെ ആരാധകർ വലിയ ആവേശത്തിലാണ്. എക്കാലത്തെയും കൾട്ട് ക്ലാസ് കഥാപാത്രമായ ഷൺമുഖന് ഇപ്പോഴും ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ട്. മമ്മൂട്ടി വീണ്ടും ആ പഴയ സ്വാഗ് കഥാപാത്രത്തിലേക്ക് പോകുന്നത് കാണാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.
മമ്മൂട്ടി കമ്പനി നിർമിച്ച ആരോ എന്ന രഞ്ജിത്തിന്റെ ഷോർട് ഫിലിം കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണം നേടിയ ചിത്രത്തിൽ ശ്യാമപ്രസാദാണ് ആയ പ്രധാന വേഷത്തിൽ എത്തിയത്. കൂടാതെ മഞ്ജു വാര്യർ ഒരു ചെറിയ വേഷവും ചെയ്തിരുന്നു. യൂട്യൂബിന് പുറമേ, ഇനി വരുന്ന ദേശീയ, അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിലും ഈ ഹൃസ്വ ചിത്രം പ്രദർശിപ്പിക്കും എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. സംവിധായകൻ രഞ്ജിത് ഒരിടവേളക്ക് ശേഷം ഒരുക്കിയ ചിത്രം കൂടിയാണ് 'ആരോ'.
Content Highlights: Mammootty and Ranjith new movie coming soon with writer udayakrishna, report