ഒരാൾ എന്നോട് എത്രയാണ് റേറ്റ് എന്ന് ചോദിച്ചു, ഒരു മറയ്ക്ക് പിന്നിലിരുന്ന് ആളുകൾ എന്തും വിളിച്ചു പറയും: ഗിരിജ

'നിനക്കുവേണ്ടി ഞാൻ എന്തും ചെയ്യും എനിക്ക് ഒരു അവസരം തരൂ' എന്നിങ്ങനെയാണ് എനിക്ക് വരുന്ന മെസേജുകൾ

ഒരൊറ്റ അഭിമുഖത്തിലൂടെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റുകയാണ് നടി ഗിരിജ ഓക്ക്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി ഇപ്പോൾ ട്രെൻഡിങ്ങിലാണ്. ഇപ്പോഴിതാ തനിക്ക് ലഭിക്കുന്ന മോശം മെസേജുകളെക്കുറിച്ച് മനസുതുറക്കുകയാണ് ഗിരിജ ഓക്ക്. വിചിത്രമായ മെസേജുകൾ ആണ് തനിക്ക് വരുന്നതെന്നും ഒരാൾ വന്നു തന്നോട് ഒരു മണിക്കൂറിന് എത്രയാണ് റേറ്റ് എന്നുവരെ ചോദിച്ചെന്ന് പറയുകയാണ് ഗിരിജ ഓക്ക്.

'ഇങ്ങനെ ഒന്ന് സംഭവിക്കുമെന്ന് ഒരിക്കലും ഞാൻ കരുതിയിരുന്നില്ല. ആർക്കും ഒന്നും മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ലല്ലോ. എന്റെ ജീവിതത്തിൽ ഇതുവരെ എനിക്ക് ഇത്രയും മെസേജ് ലഭിച്ചിട്ടില്ല. എന്റെ കുടുംബവും സിനിമ മേഖലയിൽ ഉള്ളവരാണ്. വിചിത്രമായ കമന്റുകൾ വരുന്നതും ഇത്തരത്തിൽ വൈറലാകുന്നതും ഞങ്ങൾക്ക് പുതുമയല്ല. എന്നാൽ ഈ പ്രശസ്തിയുടെ പേരിൽ എനിക്ക് എക്സ്ട്രാ വർക്ക് ഒന്നും ലഭിച്ചിട്ടില്ല. അതേസമയം, ചില മോശം മെസേജുകളും എനിക്ക് ലഭിക്കുന്നുണ്ട്.

'നിനക്കുവേണ്ടി ഞാൻ എന്തും ചെയ്യും എനിക്ക് ഒരു അവസരം തരൂ' എന്നിങ്ങനെയാണ് വരുന്ന മെസേജുകൾ. ആരോ ഒരാൾ എന്റെ റേറ്റ് എത്രയാണെന്ന് പോലും ചോദിച്ചു. ഇത്തരം ആളുകൾ എന്നെ നേരിട്ട് കണ്ടാൽ നേരെ മുഖത്ത് പോലും നോക്കില്ല അല്ലെങ്കിൽ വലിയ ബഹുമാനത്തോടെയാകും സംസാരിക്കുക. എന്നാൽ ഒരു മറയ്ക്ക് പിന്നിലിരുന്നു അവർ എന്തും വിളിച്ചു പറയും', നടിയുടെ വാക്കുകൾ.

തന്റെ ചിത്രങ്ങൾ ചർച്ച ചെയ്യുന്നതിനൊപ്പം എഐയിൽ സൃഷ്ടിച്ച മോർഫ് ചിത്രങ്ങളും പ്രചരിക്കുന്നുണ്ടെന്ന് നടി വെളിപ്പെടുത്തിയിരുന്നു. ഇത് തന്നെ വല്ലാതെ അലട്ടുന്നുവെന്നും ദയവ് ചെയ്ത് ആളുകൾ ഇങ്ങനെ ചെയ്യുന്നതിൽ നിന്നും പിന്മാറണമെന്നും നടി വീഡിയോ സന്ദേശത്തിലൂടെ അഭ്യർഥിച്ചു.

'എനിക്കൊരു 12 വയസ്സുകാരൻ മകനുണ്ട്. അവൻ ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നില്ല, പക്ഷേ ഭാവിയിൽ അവൻ ഉപയോഗിക്കും. അവൻ വലുതാകുമ്പോൾ, ഈ ചിത്രങ്ങളിലേക്ക് എത്തപ്പെടും. കാരണം ഇപ്പോൾ പ്രചരിക്കുന്ന ചിത്രങ്ങൾ ഇന്റർനെറ്റിൽ എന്നെന്നേക്കുമായി നിലനിൽക്കും. അവന്റെ അമ്മയുടെ ഈ ‘അശ്ലീല’ ചിത്രങ്ങൾ അവൻ ഒരു ദിവസം കാണും, അവയെക്കുറിച്ച് അവന് എന്ത് തോന്നും എന്ന് ഓർക്കുമ്പോൾ എനിക്ക് ആശങ്കയുണ്ട്, ഭയമുണ്ട്, ഇത് എന്നെ വല്ലാതെ അലട്ടുന്നു', എന്നായിരുന്നു ഗിരിജ പറഞ്ഞത്.

Content Highlights: Girija Oak about the messages she gets in social media

To advertise here,contact us