മലയാള സിനിമയ്ക്ക് നിരവധി സിനിമകൾ നൽകിയ നിർമാതാവാണ് ശശി അയ്യൻചിറ. ദി ടൈഗർ, വാർ ആൻഡ് ലൗവ്, കൃത്യം, മിഷൻ 90 ഡേയ്സ് തുടങ്ങിയ സിനിമകൾ നിർമിച്ചിരിക്കുന്നത് ഇദ്ദേഹമാണ്. ഇപ്പോഴിതാ സിനിമയ്ക്ക് പണം മുടക്കി പരാജയപ്പെട്ടു പോകുന്ന നിരവധി നിർമാതാക്കളെ തനിക്ക് പരിചയം ഉണ്ടെന്നും അത്തരം ഒരു അവസ്ഥ തനിക്ക് ഉണ്ടാകരുതെന്ന ബോധ്യം ഉണ്ടെന്ന് പറയുകയാണ് ശശി അയ്യൻചിറ.
ഗുരുവായൂരിൽ ഇപ്പോൾ ഭിക്ഷാടനം നടത്തുന്ന പ്രൊഡ്യൂസറിനെ വരെ താൻ കണ്ടിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ സിനിമയ്ക്കൊപ്പം മറ്റു ബിസിനസുകളും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഷാജി കൈലാസുമായി ഒരു സിനിമ ചർച്ചയിലുണ്ടെന്നും ഉടൻ സിനിമ ഉണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഒരുപാട് പ്രൊഡ്യൂസർമാർ പടം തുടങ്ങിയിട്ട് നിർത്താൻ പറ്റാത്ത രീതിയിൽ ആ സിനിമ പോകുന്നതും പരാജയപ്പെടുന്നതുമായ സംഭവങ്ങൾ എനിക്ക് ഓർമയിലുണ്ട്. ഗുരുവായൂരിൽ ഇപ്പോൾ ഭിക്ഷാടനം നടത്തുന്ന പ്രൊഡ്യൂസറിനെ വരെ ഞാൻ കണ്ടിട്ടുണ്ട്. സിനിമയിലൂടെ അങ്ങനെ ഒരു അവസ്ഥ എനിക്ക് ഉണ്ടാകരുതെന്ന് ബോധ്യം എനിക്കുണ്ട്. വേറെ ബിസിനസുകൾ ചെയ്യുന്നത് കൊണ്ട് കൂടിയാണ് ഞാൻ മുന്നോട്ട് പോകുന്നത്.
ടൈഗർ സിനിമയിലൂടെ നഷ്ടപ്പെട്ട സിനിമകളുടെ മുതൽ തിരിച്ച് കിട്ടിയിരുന്നു. അപ്പോൾ സമാധാനവും, സന്തോഷവും, സംതൃപ്തിയും എല്ലാം ഉണ്ടായി. ടൈഗർ ജീവിതം മാറ്റി എഴുതിയ സിനിമയാണ്. ഷാജിയോട് ഞാൻ പറഞ്ഞിട്ടുണ്ട് നമ്മുക്ക് മറ്റൊരു പടത്തിന് ഒന്നിക്കാൻ ഉള്ള സമയം ആയെന്ന്. അദ്ദേഹം എ കെ സാജനോട് കഥ പറഞ്ഞിട്ടുണ്ടെന്ന് എന്നോട് പറഞ്ഞു. ഞാൻ ഉടനെ ഉണ്ണി മുകുന്ദനെ വിളിച്ചു സംസാരിച്ചിട്ടുണ്ട്. നമ്മുക്ക് എപ്പോൾ വേണമെങ്കിലും ചെയ്യാമെന്നാണ് ഉണ്ണി പറഞ്ഞത്. ഷാജി കൈലാസ് സുരേഷ് ഗോപി കൂട്ടുകെട്ടിന് ഇന്ന് ആരാധകർ ഉണ്ട്, പക്ഷെ സുരേഷ് ഗോപിയ്ക്ക് സിനിമകൾ ഇപ്പോൾ ചെയ്യാൻ പ്രശ്നങ്ങൾ ഉണ്ട്,' ശശി അയ്യൻചിറ പറയുന്നു.
Content Highlights: producer Sasi Ayyanchira about cinema