ആരാധകരും പ്രേക്ഷകരും ഏറെ കാത്തിരുന്ന തലൈവർ 173 സുന്ദർ സി സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും തുടർന്ന് ചിത്രത്തിൽ നിന്ന് അദ്ദേഹം പിന്മാറിയിരുന്നു. തുടർന്ന് കാർത്തിക് സുബ്ബരാജ് മുതൽ ധനുഷ് വരെയുള്ള പേരുകൾ സിനിമയുടെ സംവിധാന സ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നു. ഇപ്പോഴിതാ പാർക്കിംഗ് എന്ന ഹിറ്റ് ചിത്രം ഒരുക്കിയ രാംകുമാർ ബാലകൃഷ്ണൻ തലൈവർ ചിത്രം ഒരുക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ.
ചിത്രത്തിന്റെ തിരക്കഥ മുഴുവൻ പൂർത്തിയാണെന്നും അതിനാൽ മാർച്ചിൽ നേരത്തെ തീരുമാനിച്ച തീയതിയിൽ തന്നെ സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ സിലമ്പരശനെ നായകനാക്കി രാംകുമാർ പ്രഖ്യാപിച്ച സിനിമയാണോ ഇതെന്നാണ് ഇപ്പോൾ പലരും സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നത്. ധനുഷ് ഈ രജനി ചിത്രം ഒരുക്കും എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ധനുഷ് രജിനിയോട് കാല സിനിമയുടെ ഷൂട്ടിംഗ് സമയം മുതൽ രണ്ടു സ്ക്രിപ്റ്റുകൾ പറഞ്ഞിട്ടുണ്ടെങ്കിലും പിന്നീട് നടക്കാതെ പോയി. പക്ഷേ ഇത്തവണ ഈ കോംബോ നന്നായി വന്നാൽ നല്ലൊരു ചിത്രം തന്നെ പ്രതീക്ഷികാം എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ധനുഷ് ഒരു രജിനി ആരാധകൻ ആയതിനാൽ അദ്ദേഹത്തിന് ഇത് നന്നായി ചെയ്യാൻ കഴിയുമെന്നാണ് ഏവരുടെയും പ്രതീക്ഷ.
രജനിയോട് സുന്ദർ സി ഒരു കഥയുടെ വൺ ലൈൻ പറഞ്ഞെന്നും ഇത് ഇഷ്ടമായിട്ടാണ് സൂപ്പർസ്റ്റാർ ചിത്രം ചെയ്യാൻ തയ്യാറായത്. എന്നാൽ സിനിമയുടെ ഫൈനൽ സ്ക്രിപ്റ്റിൽ തലൈവർ തൃപ്തനല്ലെന്നും കഥയിൽ കൂടുതൽ മാസ്സ് എലമെന്റുകൾ കൂട്ടിച്ചേർക്കാൻ ആവശ്യപ്പെട്ടെന്നുമാണ് റിപ്പോർട്ട്. ഇത് ഇഷ്ടപ്പെടാത്തതിനാലാണ് സുന്ദർ സി സിനിമയിൽ നിന്നും ഒഴിവായതെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അതേസമയം, തലൈവർ സിനിമയുമായി കമൽ ഹാസൻ മുന്നോട്ട് പോകുമെന്നും സുന്ദർ സിയ്ക്ക് പകരം മറ്റൊരു സംവിധായകനെ കൊണ്ടുവരുമെന്നും സൂചനകൾ വന്നിരുന്നു. 2027 പൊങ്കൽ റിലീസായി സിനിമ തിയേറ്ററുകളിൽ എത്തും എന്നായിരുന്നു അറിയിച്ചത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ ബാനറിൽ കമൽ ഹാസൻ ആയിരുന്നു സിനിമ നിർമിക്കാനിരുന്നത്.
Content Highlights: Ramkumar Balakrishnan to direct Thalaivar 173