വിലായത്ത് ബുദ്ധയ്ക്ക് എതിരെയുള്ള സൈബർ ആക്രമണം: യൂട്യൂബ് ചാനലിനെതിരെ എഫ്ഐആർ ഫയൽ ചെയ്ത് നിർമാതാവ്

'40 കോടിയോളം രൂപ മുടക്കിയ ഒരു നിർമാതാവെന്ന നിലയിൽ വലിയ സാമ്പത്തിക നഷ്ടമാണ് ഇത്തരം വ്യാജ റിവ്യൂകളുടെയും സൈബർ ആക്രമണങ്ങളുടെയും പേരിൽ നേരിടേണ്ടി വരുന്നത്'

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ജയൻ നമ്പ്യാർ ഒരുക്കിയ 'വിലായത്ത് ബുദ്ധ'യ്ക്ക് എതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്ത് നിർമ്മാതാവ് സന്ദീപ് സേനൻ. സിനിമയെ ലക്ഷ്യമിട്ടുകൊണ്ട് മതപരവും രാഷ്ട്രീയപരവുമായ വിദ്വേഷ പ്രചാരണങ്ങൾ നടത്തിയ യൂട്യൂബ് ചാനലിനെതിരെയാണ് സൈബർ സെല്ലിൽ പരാതി നൽകിയിരിക്കുന്നത്. സിനിമയുടെ റിവ്യൂ എന്ന വ്യാജേനയാണ് 'ഫസ്റ്റ് റിപ്പോർട്ട് ഓൺലൈൻ' എന്ന യൂട്യൂബ് ചാനൽ സിനിമയ്ക്ക് എതിരെ സൈബർ ആക്രമണം നടത്തിയിരിക്കുന്നതെന്നും സന്ദീപ് സേനൻ പരാതിയിൽ പറയുന്നു.

ശ്രദ്ധേയ എഴുത്തുകാരനായ ജി.ആർ. ഇന്ദുഗോപന്‍റെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കി അതേപേരിൽ തന്നെ ഒരുക്കിയിരിക്കുന്ന ചിത്രമാണ് 'വിലായത്ത് ബുദ്ധ'. സിനിമയുടെ ഉള്ളടക്കത്തെ വളച്ചൊടിച്ച് മതങ്ങളെയും രാഷ്ട്രീയ ചിന്താഗതികളെയും അവഹേളിക്കുന്ന തരത്തിലാണ് ചാനൽ വീഡിയോ പ്രചരിപ്പിച്ചിരിക്കുന്നത്. ഇത് സൈബർ ടെററിസമാണെന്നും ഇതിലൂടെ സമൂഹത്തിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനും സിനിമയുടെ പേരിനെ തന്നെ കളങ്കപ്പെടുത്താനും യൂട്യൂബ് ചാനൽ ശ്രമിച്ചു എന്ന് അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുകയാണ്.

സിനിമയെയും അണിയറപ്രവർത്തകരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതും മത-രാഷ്ട്രീയ വിദ്വേഷം വളർത്തുന്നതുമായ ഉള്ളടക്കമാണ് വീഡിയോയിലുള്ളത്. നായക നടൻ ഹിന്ദുത്വ വിരുദ്ധ അജണ്ടയുടെ വക്താവാണെന്നും അദ്ദേഹത്തിന്‍റെ സമീപകാല രാഷ്ട്രീയ നിലപാടുകൾ മൂലം ചിത്രത്തെ ആളുകൾ തഴഞ്ഞുവെന്നുമൊക്കെ വീഡിയോയിൽ ആരോപിക്കുന്നുണ്ട്. ചിത്രം റിലീസായി 48 മണിക്കൂ‍ർ പിന്നിടും മുമ്പാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത്. എങ്ങനെയാണ് ചിത്രം റിലീസായി 48 മണിക്കൂർ കൊണ്ട് ഒരു ചിത്രം പരാജയമാണെന്ന് വിധിക്കുന്നതെന്നും പരാതിയിൽ സന്ദീപ് സേനൻ ചോദ്യമുന്നയിച്ചിരിക്കുകയാണ്.

അഞ്ച് വർഷത്തോളമായി ഈ സിനിമയ്ക്കുവേണ്ടി 40 കോടിയോളം രൂപ മുടക്കിയ ഒരു നിർമ്മാതാവെന്ന നിലയിൽ വലിയ സാമ്പത്തിക നഷ്ടമാണ് ഇത്തരം വ്യാജ റിവ്യൂകളുടെയും സൈബർ ആക്രമണങ്ങളുടെയും പേരിൽ നേരിടേണ്ടി വരുന്നത്. മാത്രമല്ല ഇത് സമൂഹത്തിൽ മതസ്പർദ്ധ വളർത്തുന്ന രീതിയുള്ള ആരോപണങ്ങളുമാണ്. സിനിമാ മേഖല നേരിടുന്ന ഇത്തരം വെല്ലുവിളികള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കണമെന്നും പരാതിയിൽ അദ്ദേഹം പരാതിയിൽ വ്യക്തമാക്കി. ഇതിനെ തുടർന്ന്, യൂട്യൂബ് ചാനൽ 'ഫസ്റ്റ് റിപ്പോർട്ടർ‍ ഓൺലൈനി'ന്‍റെ ഉടമകൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ', 'സൗദി വെള്ളക്ക' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവ്വശി തിയെറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ ഒരുക്കിയിരിക്കുന്ന ചിത്രമാണ് 'വിലായത്ത് ബുദ്ധ'. എവിഎ പ്രൊഡക്ഷൻസിനുവേണ്ടി എ.വി അനൂപുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് 'വിലായത്ത് ബുദ്ധ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷമ്മി തിലകൻ, രാജശ്രീ, പ്രിയംവദ, അനു മോഹൻ, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്.

Content Highlights: Producer Sandip Senan files FIR against Vilayath budha negative reviews

To advertise here,contact us