തിയേറ്ററിലേത് പോലെ തന്നെ ഒടിടിയിൽ എത്തുന്ന സിനിമകൾക്കും വലിയ തോതിലുള്ള കാഴ്ചക്കാരാണുള്ളത്. തിയേറ്ററിൽ പരാജയമാകുന്ന സിനിമകൾ ഒടിടിയിൽ എത്തുമ്പോൾ വലിയ തരംഗമാകുന്നത് പതിവാണ്. ഇപ്പോഴിതാ നവംബർ 17 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ ഒടിടിയിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. ഓർമാക്സ് മീഡിയ ആണ് ഈ ലിസ്റ്റ് പുറത്തുവിട്ടത്.
റിഷബ് ഷെട്ടി ചിത്രമായ കാന്താര ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. 2.8 മില്യൺ കാഴ്ചക്കാരെയാണ് ഈ വാരം റിഷബ് ഷെട്ടി ചിത്രം നേടിയത്. കഴിഞ്ഞ രണ്ട് വാരത്തിലും കാന്താര തന്നെ ആയിരുന്നു ഒന്നാം സ്ഥാനത്ത്. ആമസോൺ പ്രൈമിലൂടെയാണ് സിനിമ സ്ട്രീമിങ് ചെയ്യുന്നത്. ഒക്ടോബർ 2-ന് ഇന്ത്യയിലുടനീളം റിലീസ് ചെയ്ത ചിത്രം വെറും 22 ദിവസം കൊണ്ട് നേടിയത് 800 കോടിയിൽ പരം തിയേറ്റർ കളക്ഷനാണ്. ഇതോടെ ഈ വർഷം ആദ്യം പുറത്തിറങ്ങിയ വിക്കി കൗശൽ ചിത്രം 'ഛാവയുടെ' കളക്ഷൻ റെക്കോർഡ് ആയ 807 കോടി മറികടന്നിരിക്കുകയാണ് കാന്താര ചാപ്റ്റർ 1. റിഷഭ് ഷെട്ടിയെ കൂടാതെ ജയറാം, രുക്മിണി വസന്ത്, ഗുല്ഷന് ദേവയ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Top 5 most-watched films on OTT in India, for the week of Nov 17-23, 2025, estimated based on audience researchNote: Estimated number of Indian audience (in Mn) who watched at least 30 minutes. pic.twitter.com/inAT8JhFsM
പ്രദീപ് രംഗനാഥൻ ചിത്രം ഡ്യൂഡ് ആണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത്. 2.4 മില്യൺ കാഴ്ചക്കരെയാണ് സിനിമ നേടിയത്. ഒരു റൊമാന്റിക് ഫൺ എന്റർടൈനർ ആയി ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. തുടരെ പ്രദീപിന്റെ മൂന്നാമത്തെ ചിത്രമാണ് 100 കോടി കളക്ഷൻ നേടുന്നത്. നവാഗത സംവിധായകനായ കീർത്തീശ്വരനാണ് ഡ്യൂഡ് സംവിധാനം ചെയ്തിരിക്കുന്നത്. സംഗീത ലോകത്തെ പുത്തൻ സെൻസേഷൻ ആയ സായ് അഭ്യങ്കർ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ തിയേറ്ററുകളിൽ ആഘോഷമായാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
ബോളിവുഡ് ചിത്രം ബാരാമുള്ള ആണ് മൂന്നാം സ്ഥാനത്ത്. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്. 2.2 മില്യൺ കാഴ്ചക്കാരെയാണ് സിനിമ ഈ വാരം നേടിയത്. ഒരു സൂപ്പർനാച്ചുറൽ ത്രില്ലർ ആയി ഒരുങ്ങിയ സിനിമ സംവിധാനം ചെയ്തത് ആദിത്യ സുഹാസ് ജംഭാലെ ആണ്. മാനവ് കൗൾ, ഭാഷാ സംബ്ലി എന്നിവരാണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയത്. ഹോളിവുഡ് ചിത്രം ജുറാസിക് വേൾഡ് റീബർത്ത് ആണ് നാലാം സ്ഥാനത്ത്. ജിയോഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്. സ്കാർലറ്റ് ജോഹാൻസൺ, മഹർഷല അലി, ജോനാഥൻ ബെയ്ലി എന്നിവർ മുഖ്യകഥാപാത്രങ്ങളായി വരുന്ന ചിത്രം 2022-ൽ പുറത്തിറങ്ങിയ ജുറാസിക് വേൾഡ്: ഡൊമിനിയന്റെ തുടർച്ചയാണ്. സിനിമ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 100 കോടി നേടിയിരുന്നു.
അക്ഷയ് കുമാറിന്റെ ജോളി എൽ എൽ ബി 3 ആണ് അഞ്ചാം സ്ഥാനത്തുള്ള സിനിമ. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്. സുഭാഷ് കപൂർ സംവിധാനം ചെയ്ത ഈ ചിത്രം ഒരു കോർട്ട്റൂം ഡ്രാമയായിട്ടാണ് ഒരുങ്ങിയത്. 1.8 മില്യൺ കാഴ്ചക്കാരെയാണ് സിനിമ ഈ വാരം നേടിയത്.
Content Highlights: Ott release last week views list