

സീരിയലിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. കഴിഞ്ഞ വർഷമായിരുന്നു സ്വാസികയും നടനും മോഡലുമായ പ്രേം ജേക്കബും തമ്മിലുള്ള വിവാഹം. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കിടുന്ന നടി ഇപ്പോൾ ബാലി യാത്രയിലെ ചില നിമിഷങ്ങളെക്കുറിച്ചാണ് പറയുന്നത്. ബാലിയിലെ ചില വിചിത്ര ആചാരങ്ങൾ ചെയ്യുന്നതിന്റെ ചിത്രവും സ്വാസിക പങ്കിട്ടിട്ടുണ്ട്.
‘ബാലിയിലെ ആചാരങ്ങൾ വ്യത്യസ്തമായി തോന്നുന്നു, കാരണം നമുക്കെല്ലാവർക്കും ഇത്തരത്തിലുള്ള ആത്മീയ ബന്ധം ആവശ്യമാണ്. ഇത്തവണ, ഇവിടുത്തെ ആചാരങ്ങൾ ഞങ്ങൾ ശരിയായ രീതിയിൽ അനുഭവിക്കണമെന്ന് ഞങ്ങളുടെ ട്രാവൽ പാർട്ണർക്ക് നിർബന്ധമുണ്ടായിരുന്നു. അതിനാൽ അവർ ഞങ്ങളെ തിർഥ എംപുലിലേക്ക് കൊണ്ടുവന്നു. ഒരിക്കലും മറക്കാനാവാത്തതും ശരിക്കും അർത്ഥവത്തായതുമായ ഒരു അനുഭവമായിരുന്നു’, സ്വാസിക കുറിച്ചു.

'വൈഗൈ’ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സ്വാസികയുടെ അരങ്ങേറ്റം. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാർത്ഥ പേര്. 2010ൽ ഫിഡിൽ എന്ന സിനിമയിലൂടെയാണ് സ്വാസിക മലയാളത്തിലെത്തിയത്. പ്രഭുവിന്റെ മക്കൾ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നിവയെല്ലാം സ്വാസികയുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. 'വാസന്തി' എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും സ്വാസിക സ്വന്തമാക്കിയിരുന്നു.
Content Highlights: Swasika's post sharing details from her Bali trip is gaining attention