ലോകേഷ് കനകരാജ് തിരക്കഥയെഴുതി ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'ബെൻസി'ന്റെ ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ പോളി. ഇരുളിൽ നിന്നും നടന്നു വരുന്ന രീതിയിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ ഈ ചിത്രത്തിൽ രാഘവ ലോറൻസാണ് നായകൻ. ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. നിവിൻ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചാണ് ഇക്കാര്യം അറിയിച്ചത്.
മുൻപ് നിവിൻ പോളിയുടെ ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രാഘവ ലോറന്സ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് വില്ലനായി എത്തുന്നത്. കൂടാതെ രവി മോഹനും ഒരു പ്രധാന കഥാപാത്രം ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. നിവിൻ പൊളിയ്ക്കൊപ്പം വിജയ് ഉണ്ടോ എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ മുൻപ്ഉ ഉയർന്നത്. സിനിമയിൽ വാൾട്ടർ എന്ന കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിക്കുന്നത്.
റെമോ, സുല്ത്താന് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന് ഭാഗ്യരാജ് കണ്ണനാണ് ബെന്സിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്വഹിക്കുന്നത്. ബെന്സിന്റെ സംഗീത സംവിധാനം സായ് അഭ്യങ്കര് ആണ് നിര്വഹിക്കുന്നത്. വമ്പന് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം ജോര്ജ് നിര്വഹിക്കുന്നു. ഫിലോമിന് രാജ് ചിത്രത്തിന്റെ എഡിറ്റിങും ജാക്കി കലാസംവിധാനവും നിര്വഹിക്കുന്നു. ആക്ഷന് രംഗങ്ങള്ക്ക് ഏറെ പ്രാധാന്യമുള്ള ബെന്സിലെ ആക്ഷന്സ് ഒരുക്കുന്നത് അനല് അരശ് ആണ്.
Content Highlights: Nivin Pauly completes his portions in Benz Movie