നടിയായിരുന്നപ്പോഴുള്ള ആരാധകരുടെ സ്നേഹം ഇനി വേണ്ട, എന്റെ സിനിമകൾ കാണണമെന്ന ആ​ഗ്രഹമില്ല; മുംതാജ്

താൻ അഭിനയിച്ചിരുന്ന സിനിമകളുടെ റെെറ്റ്സ് കിട്ടിയിരുന്നെങ്കിൽ കത്തിച്ച് കളയുമെന്നും മുംതാജ് പറയുന്നു

ഗ്ലാമർ റോളുകളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് മുംതാജ്. ഖുഷി, ജെമിനി, താണ്ഡവം തുടങ്ങി നിരവധി സിനിമകൾ മുംതാജ് അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടിയുടെ വാക്കുകൾ ചർച്ചയാകുകയാണ്. നടിയായിരുന്നപ്പോഴുള്ള ആരാധകരുടെ സ്നേഹം തനിക്ക് ഇനി വേണ്ടെന്നാണ് മുംതാജ് പറയുന്നത്. താൻ അഭിനയിച്ചിരുന്ന സിനിമകളുടെ റെെറ്റ്സ് കിട്ടിയിരുന്നെങ്കിൽ കത്തിച്ച് കളയുമെന്നും മുംതാജ് കൂട്ടിച്ചേർത്തു. ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്.

'ഖുർ ആൻ മനപാഠമാക്കലും തർജമ ചെയ്യലുമാണ് തന്റെ വലിയ ആ​ഗ്രഹം. അള്ളാഹുവിന്റെ മെസേജ് മുഴുവനായും മനസിലാക്കണം. അത് എല്ലാവർക്കും വേണ്ടി എഴുതിയതാണ്. എനിക്ക് വേണ്ടി മാത്രമല്ല. എന്ത് ചെയ്യണം, ചെയ്യരുത് എന്ന് ഒരു ടീച്ചർ കുട്ടിക്ക് പറഞ്ഞ് തരുന്നത് പോലെ പറഞ്ഞ് തരുന്നു. നടിയായിരുന്നപ്പോഴുള്ള ആരാധകരുടെ സ്നേഹം ഇനി വേണ്ട. മറ്റൊരാളെ കണ്ടെത്തൂ, ഈ രം​ഗത്ത് ഒരുപാട് പേരുണ്ട്. ഞാൻ അഭിനയിച്ചിരുന്ന കാലത്ത് ഏറ്റവും പ്രശസ്തയായ നടിയാകാനാണ് ആ​ഗ്രഹിച്ചത്. ഞാൻ കഠിനാധ്വാനം ചെയ്തു. ആ ലോകം ഞാൻ വിട്ടു. എന്റെ സിനിമകൾ ഇനി ആരും കാണണമെന്ന ആ​ഗ്രഹമെനിക്കില്ല. അവയുടെ റെെറ്റ്സ് കിട്ടിയിരുന്നെങ്കിൽ ഞാൻ കത്തിച്ച് കളയും.

അഭിനയിച്ചിരുന്ന കാലത്ത് ഞാനിഷ്ടപ്പെട്ടിരുന്നത് ജനങ്ങളിൽ നിന്ന് ലഭിച്ച സ്നേഹമാണ്. എനിക്ക് അക്കാലത്ത് വളരെ കുറഞ്ഞ പ്രതിഫലമായിരുന്നു. നടിയായുള്ള കാലത്തെ സമ്പാദ്യം കൊണ്ടല്ല വീട് വെച്ചത്. ബി​ഗ് ബോസിൽ നിന്ന് ലഭിച്ച പണം കൊണ്ട് ഇപ്പോഴുള്ള എന്റെ വാഹനത്തിന്റെ ഡൗൺ പേയ്മെന്റ് അടയ്ക്കാൻ പറ്റി. അതിനപ്പുറം ഞാനൊന്നും ഈ രം​ഗത്ത് നിന്ന് നേടിയിട്ടില്ല. കാരണം ഇങ്ങനെയുണ്ടാക്കുന്ന പെെസ ഗുണം ചെയ്യില്ല,' മുംതാസ് പറഞ്ഞു.

മോനിഷ എൻ മൊണാലിസ എന്ന സിനിമയിലൂടെയാണ് മുംതാജ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. തുടർന്ന് ഐറ്റം ഡാൻസുകളിലൂടെ നടി തമിഴ് സിനിമയിൽ തരംഗമായി. ഖുഷിയിലെ വിജയ്‌യുമൊത്തുള്ള കട്ടിപ്പുടിടാ കട്ടിപ്പുടിടാ എന്ന ഗാനം വലിയ തരംഗമാണ് ഉണ്ടാക്കിയത്. 2015 ൽ പുറത്തിറങ്ങിയ ടോമി ആണ് അവസാനമായി മുംതാജ് അഭിനയിച്ച ചിത്രം. 2018 ലെ ബിഗ് ബോസ് സീസൺ 2 വിൽ മുംതാജ് ഭാഗമായിരുന്നു.

Content Highlights:  Mumtaj words go viral

To advertise here,contact us